കുന്ദേരക്കാലം
ജൂലൈ 11- മിലന്‍ കുന്ദേര ഓര്‍മ്മദിനം
വി. മുസഫര്‍ അഹമ്മദ്, 2023 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം
കുന്ദേരയെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ആ രചനാലോകത്തേക്ക് എളുപ്പം പ്രവേശിക്കാനുള്ള വഴി തീര്‍ക്കുകയാണ് കഫേ കുന്ദേരയിലൂടെ എലിഫ് ഷഫാക്ക്. അവിടെ വന്നിരുന്നവര്‍ ചര്‍ച്ചചെയ്ത പ്രമേയങ്ങള്‍ കുന്ദേരയുടെ ആഖ്യാനങ്ങളിലെ മര്‍മ്മമാണ്. അവിടെ വരേണ്ടവര്‍ പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല. ഗൗരി ലങ്കേഷ് ഉള്‍പ്പെടെയുള്ളവരെ വധിച്ചവരുമാണ്. ഏകാധിപതികളും അവരുടെ ‘പ്രജ’കളുമാണ്. ഇന്ത്യയില്‍ പൗരനെ പ്രജയാക്കി മാറ്റിക്കഴിഞ്ഞു. അതുകൊണ്ട് കുന്ദേരയുടെ സാഹിത്യം എല്ലാവിധ ഏകാധിപത്യത്തെയും ചെറുക്കുന്നു.
മിലന്‍ കുന്ദേരയുടെ മരണവാര്‍ത്തയ്ക്കു തൊട്ടുപിന്നാലെ ഫോര്‍വേര്‍ഡ് ചെയ്ത ഒരു വാട്സാപ്പ് സന്ദേശം വന്നു: കുന്ദേരയെ ആസദിക്കാം; പക്ഷേ, ആഘോഷിക്കാനില്ല. കുന്ദേരയെ ആഘോഷിക്കുന്നവര്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍തന്നെയെന്ന പ്രഖ്യാപനം ആ ചെറു മലയാള വാചകത്തില്‍ തങ്ങിനിന്നു. ആ വാചകം പെട്ടെന്ന് ഒരു കൂറ്റന്‍ സ്റ്റാലിന്‍ ഹോര്‍ഡിങ്, അല്ലെങ്കില്‍ ഗ്രാഫിറ്റിയായി മാറുന്നതായി തോന്നി. അതേ നിമിഷത്തില്‍തന്നെ 1999-ല്‍ തിരുവനന്തപുരത്ത് വിഖ്യാത പോളിഷ് സിനിമാ സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയെ ഇപ്പോള്‍ നമുക്കൊപ്പമില്ലാത്ത പി. ഗോവിന്ദപ്പിള്ള കമ്യൂണിസം പഠിപ്പിക്കാന്‍ ശ്രമിച്ചതിന്റെ രംഗങ്ങളും വന്നു കയറി. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ നൃശംസതയെക്കുറിച്ച് സനൂസി തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചതാണ് പി.ജിയെ ചൊടിപ്പിച്ചത്. നിങ്ങള്‍ക്ക് കമ്യൂണിസം, മാര്‍ക്സിസം എന്നിവയെക്കുറിച്ച് ഒരു ‘ചുക്കു’മറിയില്ല എന്ന പി.ജി.യുടെ വാദം സനൂസി ഇങ്ങനെ നേരിട്ടു: നിങ്ങള്‍ ഏതെങ്കിലും കമ്യൂണിസ്റ്റ് രാജ്യത്ത് ജീവിച്ചിട്ടുണ്ടോ? ഞാന്‍ അങ്ങിനെയൊരിടത്ത് ജീവിച്ചതിനു ശേഷമാണ് സംസാരിക്കുന്നത്. (പി.ജി. ഒരു അഭിമുഖത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടതുകൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്).
2022-ല്‍ ഹംഗേറിയന്‍ സിനിമാ സംവിധായകന്‍ ബേലാതാറിനായിരുന്നു ഐ.ഐ.എഫ്.കെ. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. അദ്ദേഹവും ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലത്തെ അതിനിശിതമായി വിമര്‍ശിച്ചു. ഏകാധിപത്യത്തിന്റെ ബീഭത്സമുഖം എന്നാണ് ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലത്തെ മലയാള മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വിശേഷിപ്പിച്ചത്. കേരളത്തിലും ഇടതുഭരണമാണ് എന്നു പറഞ്ഞപ്പോള്‍, അതുകൊണ്ട് സ്വന്തം അഭിപ്രായം എന്തിന് മറച്ചുവെക്കണമെന്ന് അദ്ദേഹം തിരിച്ചടിച്ചു. അപ്പോള്‍ ഒരു മര്‍മ്മര്‍ ക്യാമ്പയിന്‍ പെട്ടെന്നുണ്ടായി. ബേലാതാറിനെ എന്തിനു കേരളത്തില്‍ കൊണ്ടുവന്നു? മുറുമുറുപ്പുണ്ടായി. അതായത് ആ സ്റ്റാലിന്‍ വാല്‍ കേരളത്തില്‍നിന്നും ഇനിയും കൊഴിഞ്ഞുപോയിട്ടില്ല എന്നര്‍ഥം. അങ്ങനെയൊരു സ്ഥലത്ത് കുന്ദേരയെ ആഘോഷിക്കേണ്ടതില്ല എന്ന ആശയക്കാരുള്ളതില്‍ അതിശയിക്കേണ്ടതില്ല. പക്ഷേ, കുന്ദേര തന്റെ മലയാളി വായനക്കാരെ മറ്റെവിടെയുമെന്ന പോലെ അതിശയിപ്പിച്ചു. ‘കഫേ കുന്ദേര’യില്‍ കയറി ഇരുന്ന് സംവാദത്തിലേര്‍പ്പെടാന്‍ ക്ഷണിച്ചു, അല്ലെങ്കില്‍ വെല്ലുവിളിച്ചു. കുന്ദേരസാഹിത്യം അതിന്റെ ആദ്യനാള്‍ മുതല്‍ നിര്‍വ്വഹിച്ചു പോന്ന ഈ ദൗത്യംതന്നെ ഇനിയുള്ള കാലത്തും തുടരും. ആ വാഗ്ദാനം ബാക്കി വെച്ചുകൊണ്ടുതന്നെയാണ് അദ്ദേഹം കടന്നു പോയത്.
പൂര്‍ണ്ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക
മിലന്‍ കുന്ദേരയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.