മധുവിന്റെ നീതി ‘കാവ്യനീതി’
മധുവിന് സമര്‍പ്പിക്കപ്പെട്ട കവിതകളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മെലെ കാവുളു’ എന്ന പുസ്തകം.
”മധു എന്ന യുവാവിന്റെ ദാരുണമായ അന്ത്യമാണ് ഈ കവിതകള്‍ സമാഹരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ കാലം കുറെ ആയി. പക്ഷേ, മധുവിന്റെ നിഷ്‌കളങ്കമായ മുഖം മായുന്നില്ല. അവന്റെ പെങ്ങന്മാര്‍ അവന് കൊടുക്കാന്‍ ആഹാരവുമായിപ്പോയ ദിവസങ്ങളും അതു കൊടുക്കാന്‍ പറ്റാതെ മടങ്ങിയ വൈകിയ വേളകളും അവര്‍ വിശദീകരിച്ചത് മറക്കാന്‍ ആവുന്നില്ല. ഇരുളും ദുഃഖവും നിറഞ്ഞ കഥനഭാരങ്ങള്‍ ആണവ. അവന്റെ അമ്മ കുറുമ്പ വിഭാഗം. അച്ഛന്‍ മുഡുഗ വിഭാഗം. അവന്‍ കരുത്തുറ്റ ശരീരത്തിനുടമയായിരുന്നു. അങ്ങനെയല്ലാതായി. കാരണം വീട്ടുകാര്‍ക്കും അറിയില്ലത്രേ. ഞങ്ങള്‍ മധുവിനായി ഇത്രയും ചെയ്തു. ഈ കവിതകള്‍ സമാഹരിച്ചു. വ്യത്യസ്തമായ കവിതകള്‍ ഈ സമാഹാരത്തിലേറെയുണ്ട്. പരീക്ഷണകവിതകള്‍ ഉണ്ട്. ആദിവാസിഭാഷ ഉപയോഗിച്ച കവിതകള്‍ ഉണ്ട്. ഇവയില്‍ സ്‌നേഹവും സാഹോദര്യവുമുണ്ട്. ഈ കവിതകള്‍ സ്വയം പറയുന്നവ. അതിനാല്‍ വിശദീകരിക്കേണ്ട ആവശ്യം ഇല്ല. ”
പുസ്തകത്തിൽ നിന്നും ചില കവിതകൾ
കാട്ടിലെക്കിളീ നിന്റെ പാട്ടെന്നു ഞാന്‍ കേള്‍ക്കുമീ-
ക്കാട്ടുതേന്‍ മധുരം എന്താണു? നിന്‍ കരച്ചിലോ?
വി.എം. ഗിരിജ
നിങ്ങള്‍ ഞങ്ങളെ തല്ലിയോടിച്ചു
ഞങ്ങളില്‍ നിന്ന് നിങ്ങള്‍ കട്ടെടുത്ത
അല്‍പ്പം അരി തിരിച്ചെടുത്തപ്പോള്‍
നിങ്ങള്‍ ചാട്ടവാറുകള്‍ പുറത്തെടുത്തു
സച്ചിദാനന്ദന്‍ (ഭ്രഷ്ടന്റെ പാട്ട്)
വാള്‍ വേണ്ട, എനിക്കൊരു വിരല്‍ മതി,
കാട്ടുഗുഹയില്‍ എണ്ണ വറ്റിയ പടുതിരിയിലെ
നാളം കെടുത്താന്‍.
കാട് വീടായോരെ കൊല്ലലൊരു കൊലയല്ല,
മാനെ മുയലിനെ ഇണക്കിളിയെ
കൊല്ലും പോലൊരു മൃദു മൃഗയ.
കെ ജി എസ് (വധപ്രതിഭ)
പൊട്ടക്കുളക്കടല്‍ചുറ്റിവരുമൊ-
രാണ്‍ കപ്പലീമുറ്റത്ത്
പെട്ടന്നൊരോര്‍മ്മ
മകനായി മുറ്റത്ത്
മുറ്റിവളര്‍ന്നപോല്‍
മെല്ലെ
ബോധത്തിന്റെ കാമിലകൊണ്ട്
പുതച്ചുതാരാട്ടി മരിപ്പിക്കണോ നിന്നെ
പിന്നെ
ശോകത്തിന്റെ കണ്ണടകൊണ്ട്
മറച്ചുതീയിട്ടു ദഹിപ്പിക്കണോ…
ഈ ഇച്ചിരി മുറ്റത്തുതന്നെ
അന്‍വര്‍ അലി (മുറ്റത്ത്)
എന്റെ വയറ് നിറച്ച്
മുതുകത്തൊളിച്ചിട്ട്
നിന്റെ വയറൊട്ടെയല്ലെ
കാടും ,നാടും നടന്നുവന്നത്
അമ്മ (വിവ: പി. രാമന്‍)
ഉണര്‍ന്നെഴുന്നേറ്റുവരുന്ന
മനുഷ്യനെ പേടിയാണ്
അടുത്ത നിമിഷം അയാള്‍
ഒരായുധം കൈയ്യിലെടുത്തേക്കും
പേടി (വീരാന്‍ കുട്ടി)
കാറ്റിലെത്തിയാല്‍
നിശ്ശബ്ദനാവുമെന്‍
കൂട്ടുകാരന്‍ മരിച്ചു
ദീക്ഷവീടുകയില്ല പോരില്ല ഞാന്‍
നിങ്ങളെത്ര കരഞ്ഞുവിളിച്ചാലും.
പി. രാമന്‍ (നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ് )
പുഴയിലേക്കെന്നെ
കെട്ടിത്താഴ്ത്തിയാല്‍
തുലഞ്ഞുപോകില്ല ഞാന്‍
പുഴയിലാണെന്റെ ജീവന്‍
മണ്ണിലേക്കെന്നെ
മറവുചെയ്താലും
മരിച്ചുപോകില്ല ഞാന്‍
മണ്ണിലാണെന്റെ ജീവന്‍.
എം.ആര്‍. രേണുകുമാര്‍ (വിത്തുകുത്തി തിന്നുന്നവരെ)
Comments are closed.