DCBOOKS
Malayalam News Literature Website

‘മെയ്ന്‍ കാംഫ്’; ഹിറ്റ്‌ലറുടെ ആത്മകഥ

മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയാണ് മെയ്ന്‍ കാംഫ്. കലയെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനില്‍ നിന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വോച്ഛാധിപതിയായി വളര്‍ന്ന അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളും ഈ കൃതി വിശദമാക്കുന്നു.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ജര്‍മ്മന്‍ ദേശസ്‌നേഹികളുടെ ഒരു സഹകരണ സംഘം നിലനില്‍ക്കുമെന്ന കാര്യം ഞാനിതിനുമുമ്പ് പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാനതിനെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍ പറയട്ടെ.

സഹകരണ സംഘമെന്നതുകൊണ്ടു നമ്മള്‍ ഉദ്ദേശിക്കുന്നത് ഒരേ ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തങ്ങളുടെ ലക്ഷ്യപ്രാപ്തി കുറെക്കൂടി സുഗമമാക്കുവാന്‍വേണ്ടി, ഒരു നേതാവിന്റെ കീഴിലണി നിരന്നു പ്രവര്‍ത്തിക്കുകയെന്നതാണ്. തമ്മിലുള്ള ചെറിയ വ്യത്യാസങ്ങള്‍ മറന്നിട്ട്, ഒരു പൊതുപരിപാടിയുമായി മുന്നോട്ടു പോകുകയെന്നതാണിത്. ഒരു പൊതു വിശ്വാസം–Textഒറ്റയ്ക്കു നില്ക്കുന്നതിനെക്കാള്‍ ഐകമത്യം മഹാബലം എന്ന സിദ്ധാന്തമാണ് ശരിയെന്നതായ ഒരു പൊതുവിശ്വാസമാണ് ഈ പ്രസ്ഥാനങ്ങളുടെ നട്ടെല്ല്. ദുര്‍ബ്ബലരായി നിന്നവരൊക്കെ പൊടുന്നനേ ശക്തരാകുമെന്ന ഒരുറച്ച ധാരണ. പക്ഷേ, ഈ ധാരണ മിക്കവാറും ഒരു തെറ്റിദ്ധാരണയാണെന്നതാണ് വസ്തുത.

ഈ രസകരമായ വിരോധാഭാസം വ്യക്തമാകണമെങ്കില്‍ ഇത്തരം ഇണചേരലുകളുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയിരിക്കണം. എല്ലാവരുടെയും ലക്ഷ്യങ്ങള്‍ ഒന്നുതന്നെയെന്നു വിശ്വസിക്കുന്ന ഇവര്‍ ഏതൊക്കെ വിധേനയാണ് ഒത്തുചേരുന്നതെന്ന് മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ഒരൊറ്റ ലക്ഷ്യംവെച്ചു മുന്നേറുന്ന വിവിധ സംഘടനകളുണ്ടെങ്കില്‍ അവകളെല്ലാംതന്നെ വാസ്തവത്തില്‍ ഒന്നുതന്നെയെന്നുപറയണം. ഏതോ ഒരു വ്യക്തി മുന്നോട്ട് വെച്ചതാകും ഈ ഒരു ലക്ഷ്യം: ആ ലക്ഷ്യത്തെ മുന്നില്‍ കണ്ടു നീങ്ങുന്ന ഒരു സംഘടനയേ ആദിയില്‍ ഉണ്ടായിരുന്നിരിക്കുകയുള്ളൂ. ഇങ്ങനെയാണൊരു സംഘടനയോ പാര്‍ട്ടിയോ ഉരുത്തിരിയുക. ഒന്നുകില്‍ നിലവിലുള്ള വ്യവസ്ഥിതി മാറ്റുവാന്‍. അല്ലെങ്കില്‍ ഭാവിയിലേക്കുള്ള ചില വ്യക്തമായ നയപരിപാടികള്‍ നടപ്പിലാക്കുവാന്‍.

ഒരിക്കല്‍ ഇത്തരമൊരു സംഘടന നിലവില്‍ വന്നു കഴിഞ്ഞാല്‍ അതിന്റെ പരിപാടികള്‍ക്കവര്‍ ചില മുന്‍ഗണനാക്രമങ്ങളൊക്കെ നിശ്ചയിക്കും. തങ്ങളുടെ ആശയങ്ങളോടു യോജിക്കുന്നവരെല്ലാം തങ്ങളോടുകൂടിയിട്ട് ശക്തി വര്‍ദ്ധിപ്പിക്കണമെന്നതാണ് പൊതുവെയുള്ള ആഹ്വാനങ്ങളും പ്രവര്‍ത്തനശൈലിയും. ഇതു പൊതു ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും എളുപ്പമാര്‍ഗ്ഗംതന്നെ. ഇത്തരം പ്രസ്ഥാനങ്ങളില്‍ ചേരുന്നതോടെ അതിന്റെ വിജയസാദ്ധ്യത വീണ്ടും വീണ്ടും വര്‍ദ്ധിക്കുകയാണെന്നത് ബുദ്ധിയുള്ളവര്‍ക്കെല്ലാം എളുപ്പം പിടികിട്ടുന്ന കാര്യമാണ്. സത്യസന്ധ മായി പറഞ്ഞാല്‍, യുക്തിപരമായി പറഞ്ഞാല്‍, ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഒരൊറ്റ സംഘടനയേ പാടുള്ളൂ.

എന്നാല്‍ ഇങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ നടക്കുക. ഇതിനു രണ്ടു കാരണങ്ങള്‍ കണ്ടെത്താനാകും – ഒന്നാമത്തെ കാരണത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിക്കുന്നതാവും കരണീയം. രണ്ടാമത്തെ കാരണം അനുകമ്പാര്‍ഹമാണ്. കാരണം, ഇതിന്റെ സ്രോതസ്സ് മനുഷ്യന്റെ കെടുകാര്യസ്ഥതയിലും ദുര്‍ബ്ബലതയിലുമാണെത്തി നില്‍ക്കുക. എന്നാല്‍ ഈ രണ്ടു കാര്യങ്ങളും ആഴത്തില്‍ അപഗ്രഥിച്ചു പഠിക്കുകയാണെങ്കില്‍ നമ്മുടെ ഇച്ഛാശക്തിയും കഴിവുകളെയുമൊക്കെ അതീവമായി ശക്തിപ്പെടുത്താനുള്ള കാരണങ്ങളെ ഞാന്‍ കാണുന്നുള്ളൂ. അതുവഴി ഈ പ്രശ്‌നങ്ങള്‍ക്കൊരു ഉത്തമമായ പരിഹാരം തീര്‍ച്ചയായും സാദ്ധ്യമാണ്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.