ഏറ്റവുമധികം വെറുക്കപ്പെട്ട ആത്മകഥ
ലോകത്ത് ഏറ്റവുമധികം വെറുക്കപ്പെട്ട ആത്മകഥ ആരുടേതാണെന്നതിൽ ആർക്കും തർക്കമുണ്ടെന്ന് തോന്നുന്നില്ല. ഇന്നും പലരാജ്യങ്ങളിലും ഈ കൃതിയുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ജർമ്മനിയുടെ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ആത്മകഥയ്ക്കാണ് ആ ‘ബഹുമതി’യുള്ളത്. കലയെയും സാഹിത്യത്തെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനിൽനിന്നും ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയായി ഹിറ്റ്‌ലർ എങ്ങനെയാണ് പരിണമിച്ചത് എന്നതിന്റെ അടയാളങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയായ മെയ്ൻ കാംഫ് വായനക്കാർക്ക് കാട്ടിത്തരും.
ജർമ്മനിയുടെ ചരിത്രത്തിലെ ഏറ്റവുമധികം വേദനകളുടെ, പീഡനത്തിന്റെ, ദു:ഖത്തിന്റെ കാലഘട്ടത്തിലായിരുന്നു ഹിറ്റ്‌ലർ തന്റെ ചെറുപ്പകാലം പിന്നിട്ടത്. ഒന്നാം ലോകയുദ്ധത്തിൽ പരാജയപ്പെട്ട ജർമ്മനിയെ ഫ്രാൻസ് നിരന്തരം സൈനികമായും സാമ്പത്തികമായും പീഡിപ്പിച്ചുപോന്നിരുന്നു. വെയിൽസ് ഉടമ്പടിപ്രകാരം നിരായുധീകരിക്കപ്പെട്ട ജർമ്മനിക്ക് ഫ്രാൻസിന്റെ കടന്നുകയറ്റങ്ങളെ സഹിക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയും അവശേഷിച്ചിരുന്നില്ല. ബവേറിയയെ ജർമ്മനിയിൽനിന്നും വേർപെടുത്താൻ ശ്രമിച്ച നടപടികൾക്കെതിരെ ഹിറ്റ്‌ലറും നാസി പാർട്ടിയും പ്രക്ഷോഭങ്ങൾ അഴിച്ചുവിട്ടു. ഏകരാഷ്ട്രവാദമുന്നയിച്ച നാസിപാർട്ടിയുടെ നേതാക്കൾ ഹിറ്റ്‌ലറോടൊപ്പം ജയിലിൽ അടയ്ക്കപ്പെട്ടു. മീഷ് നദിക്കരയിലെ ലാൻസ്ബർഗ് കോട്ടയിൽ തടവിൽ കഴിയുന്ന കാലത്താണ് ഹിറ്റ്‌ലർ മെയ്ൻകാംഫ് രചിച്ചത്. കലർപ്പില്ലാത്ത രക്തം പേറുന്ന ആര്യവംശജരാണ് യതാർഥ ജർമ്മൻ ജനതെയന്നും അവരെല്ലാം ഏകജർമ്മൻ രാഷ്ട്രത്തിന്റെ അതിരുകൾക്കുള്ളിൽ പാർക്കേണ്ടവരാണെന്നും ഹിറ്റ്‌ലർ വിശ്വസിച്ചു. ആര്യൻമാരുടെ ചിഹ്നമായിട്ടദ്ദേഹം കണ്ടെത്തിയ ‘സ്വസ്തിക’ നാസികളുടെ കൊടിയുടെ മധ്യഭാഗത്തായി അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു.
മാർക്‌സിസത്തെ പ്ലേഗെന്ന മഹാരോഗമായിട്ടായിരുന്നു ഹിറ്റ്‌ലർ കണ്ടിരുന്നത്. ജർമ്മൻ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുയും അതുവഴി ജർമ്മനിയിൽ വിഘടനവാദം ഉയർത്താനുമാണ് മാർക്‌സിസ്റ്റുകാർ ശ്രമിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ജൂതരാഷ്ട്രങ്ങളല്ലാത്ത മറ്റെല്ലാ രാജ്യങ്ങളെയും തകർക്കാൻ ജൂതൻമാർ ലോകവ്യാപകമായി നടത്തുന്ന വൻ ഗൂഢാലോചനയാണ് മാർക്‌സിസത്തെ ഹിറ്റലർ വീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ താൻ അധികാരത്തിൽ എത്തിയ ഉടൻതന്നെ മാർക്‌സിസ്റ്റുകാരെ ഉൻമൂലനം ചെയ്യാൻ ഹിറ്റ്‌ലർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജർമ്മൻ ജനതയുടെ സമ്പത്ത് കൈക്കലാക്കിയിരിക്കുന്നത് ജൂതൻമാരാണെന്നും അവരെ രാജ്യത്തിൽനിന്നും പുറത്താക്കാതെ ജർമ്മനിക്കൊരുവിധത്തിലുമുള്ള ഉയർച്ചയുണ്ടാകില്ലെന്നും ഹിറ്റ്‌ലർ അടിയുറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജൂതവിരോധം മെയ്ൻ കാംഫിന്റെ മിക്ക അധ്യായങ്ങളിലും പ്രകടമാണ്.
‘ഇരുപതാം നൂറ്റാണ്ടിൽ ലോകാധിപത്യം നേടാനാണ് ജൂതന്റെ ശ്രമം…ലോകാധിപത്യത്തിനായുള്ള ജൂതന്റെ അഭിനിവേശം അവനില്ലാതാകുന്നതുവരെ തുടരും. ഇന്നത്തെയവസ്ഥയിൽ സ്വന്തം രക്തശുദ്ധി, വംശശുദ്ധി ഏറ്റവും നന്നായി കാത്തുസൂക്ഷിക്കുന്നത് ജൂതൻമാരാണ്. ആയതിനാൽ അവനേക്കാൾ ശക്തമായ ഒന്നിനുമാത്രമേ ലോകം പിടിച്ചടക്കുവാനുള്ള ജൂതന്റെ നൈസർഗ്ഗികമായ ഉദ്യമങ്ങൾക്ക് വിഘാതമാകാൻ കഴിയൂ…1
ഫ്രാൻസ് ജർമ്മനിയെ ആക്രമിച്ച ഘട്ടത്തിൽ 12000 അഥവാ 15000 വരുന്ന ജൂതൻമാരായ മാർക്‌സിസ്റ്റുകാരെ ഗ്യാസ് ചേംബറിലിട്ടുകൊന്നിരുന്നെങ്കിൽ രാജ്യം രക്ഷപെട്ടേനെ. ജീവിതത്തിന്റെ എല്ലാതുറകളിൽനിന്നുമുള്ള അയിരക്കണക്കിന് പതിനായിരക്കണക്കിന് ജർമ്മൻകാർ യുദ്ധരംഗത്ത് മരണം വരിച്ചുകൊണ്ടിരിക്കുമ്പോൾ, ഏറിയാൽ 15000 വരുന്ന ഈ മാർക്‌സിസ്റ്റു വൈറസുകളെ ഗ്യാസ് ചേംബറിലിട്ടു കൊല്ലുത്തതിൽ എന്തുകുറ്റം?’
ഹിറ്റ്‌ലറിന്റെ വാക്കുകളാണിവ. രാജ്യസ്‌നേഹവും വംശവെറിയും എത്രമാത്രം അദ്ദേഹത്തിന്റെ മനസ്സിൽ വിത്തുപാകിയിരുന്നു എന്നറിയാൻ ഈ വരികൾ തന്നെ ധാരാളം. കടുത്ത ദേശീയതയും വംശീയതയും ഉദ്‌ഘോഷിക്കുന്ന മെയ്ൻഖാംഫിന്റെ നൂറ് ലക്ഷം കോപ്പികളാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിൽ വിറ്റഴിഞ്ഞത്. ലക്ഷക്കണക്കിന് കോപ്പികൾ ഇന്നും ലോകം മുഴുവൻ വിൽക്കപ്പെടുന്നു. നമ്മുടെ നാട്ടിലും സമീപകാലത്ത് ഉയരുന്ന അസ്വാരസ്യങ്ങളുടെ പിന്നിലുള്ള കാരണങ്ങളുടെ സാദൃശ്യങ്ങൾ മെയ്ൻ കാംഫിലും കാണാൻ സാധിക്കും. ഒരു മനുഷ്യന്റെ ചിന്തകൾ എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണമായി ഈ കൃതി ഇനിയും വായിക്കപ്പെടട്ടെ.
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സില്‍ വായനക്കാര്‍ക്കായി മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ, അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ‘ മെയ്ന്‍കാംഫ്’ എന്ന കൃതിയും.
കടപ്പാട്; മനോരമ ഓണ്‍ലൈന്‍
Comments are closed.