പി.ഡി.പി സര്‍ക്കാര്‍ നിലംപതിച്ചു; മെഹബൂബ മുഫ്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി
ശ്രീനഗര്‍: ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചു. പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായി ബി.ജെ.പി. പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു മെഹബൂബയുടെ തീരുമാനം. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. മുഖ്യമന്ത്രി തന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി മുതിര്‍ന്ന പി.ഡി.പി നേതാവ് നയീം അക്തര്‍ വ്യക്തമാക്കി.
കശ്മീര്‍ അസംബ്ലിയില്‍ 25 ബി.ജെ.പി എം.എല്‍.എമാരും പി.ഡി.പിക്ക് 28 പേരുമാണ് നിലവില്‍ ഉള്ളത്. നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 45 അംഗങ്ങളാണ്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും രാജിക്കത്ത് കൈമാറിയതായി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത പറഞ്ഞു. 2014-ലാണ് ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ കേന്ദ്രം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പിഡിപിയും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പി.ഡി.പി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയം പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രം വിഘടന വാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മെഹബൂബ മുഫ്തി സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഇന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയില്‍ ഇന്ന് ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.
അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയങ്ങളില്‍ കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടിയെന്ന റിപ്പോര്‍ട്ടുകളും ഈദിന് തലേന്നുണ്ടായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമാണ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ ഭരണം ഗവര്‍ണര്‍ വഹിക്കുന്നതായിരിക്കും ഉചിതം എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.
Comments are closed.