ആ നിമിഷം അയാള്‍ അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ‘മീശ’ എന്ന നോവല്‍ ഉണ്ടാകില്ലാരുന്നു: എസ് ഹരീഷ്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം(2020) എസ് ഹരീഷിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മീശ എന്ന നോവലിനായിരുന്നു. മീശ എന്ന നോവലിലൂടെ മലയാളത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത എസ് ഹരീഷ്, വിവർത്തക ജയശ്രീ കളത്തിൽ എന്നിവരുമാമായി മുൻ അവാർഡ് ജേതാവായ ബെന്യാമിൻ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ബെന്യാമിന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം എസ് ഹരീഷിലൂടെ വീണ്ടും മലയാളത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. അംഗീകാരം പ്രതീക്ഷിച്ചിരുന്നോ? പുരസ്‌കാര വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്ത് തോന്നി?
ഹരീഷ് മീശയ്ക്ക് ലഭിച്ച അംഗീകാരം എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറെ സന്തേഷം നല്‍കുന്നു. ഞാന്‍ ജെസിബി പുരസ്‌കാരം ആഗ്രഹിച്ചിരുന്നില്ല എന്ന് പറഞ്ഞാന്‍ അതൊരു കളവാകും, നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതിനേക്കാള്‍ വലിയ സന്തോഷമാണ് ജെസിബി പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം ഏര്‍പ്പെടുത്തി മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ നേട്ടവും മലയാളത്തിന് എന്നോര്‍ക്കുമ്പോള്‍ ഇരട്ടി സന്തോഷം. നമ്മുടെ ഭാഷ ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്നതിന്റെ ലക്ഷണമാണ് ഇത്തരം പുരസ്‌കാരങ്ങള്‍.
ബെന്യാമിന്‍ നിലവിലുള്ള പല പുരസ്‌കാരങ്ങളിലും പരിഭാഷകരുടെ പേരുകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല, പക്ഷെ ജെസിബി പുരസ്‌കാരത്തില്‍ എഴുത്തുകാര്‍ക്കും വിവര്‍ത്തകര്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്നു. പുരസ്‌കാരം ലഭിച്ച വേളയില്‍ എത്രമാത്രം സന്തോഷം തോന്നുന്നു?
ജയശ്രീ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നറിഞ്ഞപ്പോള്‍ തന്നെ ഒരുപാട് സന്തോഷം തോന്നി. ബെന്യാമിന്‍ പറഞ്ഞതുപോലെ തന്നെ വിവര്‍ത്തകര്‍ സാഹിത്യലോകത്തിനു നല്‍കുന്ന സംഭാവാനകള്‍ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ‘മീശ’ എന്ന നോവല്‍ ഇംഗ്ലീഷ് വായനക്കാര്‍ക്കിടയില്‍ കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നതില്‍ വളരെയധികം സന്തോഷം.
ബെന്യാമിന്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് സമാനമായ പ്രതിസന്ധികളാണ് മീശ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ ഹരീഷിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ അതേ നോവലിന് ദേശീയതലത്തില്‍ തന്നെ ഒരംഗീകാരം. ഒരു നോവല്‍ എഴുതിയതിന്റെ പേരില്‍ എഴുത്തുകാരന്‍ നേരിടേണ്ടി വന്ന സംഘര്‍ഷാവസ്ഥകളെ വിവരിക്കാമോ?
ഹരീഷ് ഒരുപാട് വലിയ പ്രതിസന്ധികളാണ് മീശ എഴുതിയതിന്റെ പേരില്‍ നേരിടേണ്ടിവന്നത്. നോവല്‍ പോലും വായിക്കാതെ, ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്നു കരുതി മോശമായി സംസാരിച്ചവരുണ്ട്, രഹസ്യമായി അഭിന്ദിച്ച്, പരസ്യമായി വിമര്‍ശിച്ചവരുണ്ട്. നോവല്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അവിടെ വായനക്കാര്‍ മാറി. പുസ്തകം വിവാദത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് മേന്മയുടെ അടിസ്ഥാനത്തില്‍ വായിക്കപ്പെടാന്‍ തുടങ്ങി. ഒരു ജനാധിപത്യ ലോകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
ബെന്യാമിന്‍ ഹരീഷിന്റെ നോവലുകളില്‍ ധാരാളം പ്രാദേശിക മൊഴികള്‍ കടന്നുവരാറുണ്ട്. അവയെ ഏറ്റവും സര്‍ഗാത്മകമായ രീതിയില്‍ മാറ്റിയെടുക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണല്ലോ? മീശ പരിഭാഷപ്പെടുത്തിയപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
ജയശ്രീ മീശയുടെ വായനക്കാര്‍ പല തരത്തിലുള്ള ആളുകളാണ്. ഹരീഷ് പറഞ്ഞ കഥ എങ്ങനെ മികച്ച രീതിയില്‍ പറയാം എന്നത് തന്നെയായിരുന്നു എന്റെ കടമ.
ഹരീഷിന്റെ കഥ പറച്ചില്‍, ഭാഷ അങ്ങനെയല്ലാം അതേ രീതിയില്‍ വായനക്കാരിലേക്കെത്തിയാല്‍ ഒരു വിവര്‍ത്തക വിജയിച്ചു എന്ന് പറയാം. ഹരീഷിന്റെ രചനാശൈലി വിവര്‍ത്തനത്തിന് സഹായിച്ചു.
സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ സന്ദര്‍ശിക്കൂ
എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
എസ് ഹരീഷിന്റെ Moustache എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.