DCBOOKS
Malayalam News Literature Website

കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസത്തില്‍ സാഹിത്യവും ഉള്‍പ്പെടുത്തണം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ ജനുവരി 11ന് നടന്ന വൈദ്യവും സാഹിത്യവുമെന്ന മുഖാമുഖത്തില്‍ ഡോ.എം.വി.പിള്ള, ഡോ.സുരേഷ്‌കുമാര്‍, ഡോ.ഖദീജാ മുംതാസ് എന്നിവര്‍ പങ്കെടുത്തു. ഡോ. റജീന ഫമീഷ് മോഡറേറ്ററായിരുന്നു.

ആരോഗ്യമേഖലയുടെ കച്ചവടവത്ക്കരണം തടയണമെന്നും ആരോഗ്യമേഖലയില്‍ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും തിരിച്ചുപിടിക്കണമെന്നും പ്രശസ്ത കാന്‍സര്‍ വിദഗ്ദ്ധന്‍ ഡോ. എം.വി പിള്ള അഭിപ്രായപ്പെട്ടു. ഒരു മികച്ച സാഹിത്യകാരന്‍ സമൂഹമനസ്സാക്ഷിയെ ഉള്‍ക്കൊണ്ടവനാണെന്നും മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സാഹിത്യം, കല തുടങ്ങിയവ ഒരുപാധിയായി സ്വീകരിക്കാന്‍ സാധിക്കുമെന്നും സമീപകാലത്തായി ധാരാളം വൈദ്യശാസ്ത്രവിദഗ്ദ്ധര്‍ സര്‍ഗ്ഗാത്മക സൃഷ്ടിയിലേക്ക് തിരിയുന്ന സാഹചര്യമാണ് കണ്ടുവരുന്നതെന്നും നിപ്പ, തൈറോയിഡ്, കാന്‍സര്‍ എന്നീ രോഗങ്ങളോട് ലാഭേച്ഛയോടെയാണ് വൈദ്യശാസ്ത്രത്തിന്റെ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നല്ല ഡോക്ടര്‍ക്ക് മാത്രമാണ് ഒരു നല്ല തത്വചിന്തകനാവാന്‍ സാധിക്കുകയുള്ളു എന്ന പ്രശസ്തമായ വാക്യത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് ഡോ.സുരേഷ് കുമാര്‍ സംഭാഷണം ആരംഭിച്ചത്. വൈദ്യമേഖലയിലെ സാങ്കേതികത വര്‍ദ്ധിച്ചുവരികയാണെന്നും ഇതേസമയം മാനുഷികത കുറഞ്ഞുവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രോഗചികിത്സയുടെ പട്ടികയിലേക്ക് സംഗീതവും ചിത്രകലയും വായനയും ഉള്‍പ്പെടുത്തണമെന്നും അതിലൂടെ രോഗിയുടെ മാനസികനിലയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും ഡോ.സുരേഷ് കുമാര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പിന്നീട് സംസാരിച്ചത് എഴുത്തുകാരിയും ഡോക്ടറുമായ ഖദീജാ മുംതാസാണ്. ഗുരുതര രോഗങ്ങള്‍ വരുന്ന സാഹചര്യത്തില്‍ എഴുത്തുകാരുടെ ശൈലിയില്‍ മാറ്റം വരുമെന്നും കൂടുതലായി ദൈവികത പ്രതിഫലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ഡോക്ടര്‍ എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും യാതൊരു പരിധിയും തന്റെ ജീവിതത്തിനുണ്ടായിരുന്നില്ല എന്നും ചില മതമൗലിക വാദികളുടെ ഭീഷണി നിലനിന്നിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് താന്‍ എഴുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.