മനുഷ്യമുട്ട വികസിപ്പിച്ച് ശാസ്ത്രലോകം
അസാദ്ധ്യമായതൊന്നുമില്ലെന്ന പ്രവചനം സത്യമാക്കിക്കൊണ്ട് മനുഷ്യമുട്ട വികസിപ്പിച്ച് ശാസ്ത്രലോകം.എഡിന്‍ബര്‍ഗ് റോയല്‍ ഇന്‍ഫേമറി, ന്യൂയോര്‍ക്ക് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍, എഡിന്‍ബര്‍ഗ് റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രന്‍ എന്നീ സ്ഥാപനങ്ങള്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ അണ്ഡം പരീക്ഷണശാലയില്‍ വികസിപ്പിക്കാമെന്ന് കണ്ടെത്തിയത്. നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷണം നടത്തിയത്.
അണ്ഡാശയ വളര്‍ച്ചയെത്താത്ത പെണ്‍കുട്ടികള്‍ കീമോതെറാപ്പിക്കോ മറ്റോ വിധേയമായാലും അതിനു മുന്‍പ് അണ്ഡാശയ കോശം സൂക്ഷിച്ച് പൂര്‍ണ വളര്‍ച്ചയെത്തിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത് . എന്നാല്‍ അര്‍ബുദം തിരിച്ചു വരാനുള്ള സാദ്ധ്യതയുമുണ്ടെന്നതാണ് ഇതിലെ അപകടം. പൂര്‍ണ വളര്‍ച്ചയെത്തിയ അണ്ഡം സ്വാഭാവികമാണോ എന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ് .
മോളിക്യുലാര്‍ ഹൂമന്‍ റീപ്രൊഡക്ഷന്‍ എന്ന ജെര്‍ണലിലാണ് എങ്ങനെ പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡം വികസിപ്പിക്കാമെന്നതിനെപ്പറ്റി ലേഖനം പ്രസിദ്ധീകരിച്ചത്. പത്ത് യുവതികളില്‍ നിന്ന് അണ്ഡാശയ കോശം എടുത്തതിനു ശേഷം പോഷകങ്ങള്‍ നല്‍കി അതിനെ പൂര്‍ണവളര്‍ച്ചയെത്തിക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. 48 എണ്ണം അവസാന ഘട്ടം വരെയെത്തിയെങ്കിലും അതില്‍ 9 എണ്ണം പൂര്‍ണ വളര്‍ച്ചെയെത്തിയതായാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
ബീജസങ്കലനം നടത്തി നോക്കാത്തതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇതില്‍ നിന്നും കുട്ടികള്‍ സാദ്ധ്യമാണോ എന്ന് പരിശോധിക്കാന്‍ കഴിയൂ എന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി . ഇതൊരു തുടക്കം മാത്രമാണെന്നും എന്നാല്‍ വലിയൊരു മുന്നേറ്റമാണ് സാദ്ധ്യമായതെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Comments are closed.