പെരുമ്പടവം ശ്രീധരന്റെ ഏറ്റവും പുതിയ നോവല്‍ ‘മായാസമുദ്രത്തിനക്കരെ’ പ്രീബുക്കിങ് ആരംഭിച്ചു
ഒരു സങ്കീര്‍ത്തനം പോലെ എന്ന പ്രശസ്ത നോവല്‍ മലയാളത്തിനു നല്‍കിയ പെരുമ്പടവം ശ്രീധരന്റെ മറ്റൊരു മികച്ച നോവല്‍ ‘മായാസമുദ്രത്തിനക്കരെ’ പ്രീബുക്കിങ് ആരംഭിച്ചു. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടെ പുസ്തകം സ്വന്തമാക്കാം.
പുസ്തകത്തിന് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ആമുഖത്തില്‍ നിന്നും
ഇനി മായാസമുദ്രത്തിനക്കരയിലേക്ക്,
”മായാസമുദ്രത്തിനക്കരെ” യിലെ അജയന്‍ ഒറ്റയ്ക്കു നടന്നുപോകുന്നു, എങ്ങോട്ടെന്നില്ലാതെ. അയാള്‍ക്കെതിരേ ഒരു ശവഘോഷയാത്ര വരുന്നു. തേങ്ങലിന്റെ ധ്വനിയുള്ള മണിമുഴക്കം കേള്‍പ്പിച്ചുകൊണ്ട് ഒരാള്‍ മുന്‌പേ നടക്കുന്നു. പിന്നില്‍ അള്‍ത്താര ബാലന്മാര്‍ കത്തിച്ച മെഴുകുതിരികള്‍ കൈയില്‍ പിടിച്ച് പ്രാര്‍ത്ഥന ചൊല്ലി നീങ്ങുന്നു. അതിനുപിന്നില്‍ ഉയര്‍ത്തിപ്പിടിച്ച മേലാപ്പിനു കീഴില്‍ കൈയില്‍ വേദപുസ്തകവും കുരിശും പ്രാര്‍ത്ഥനയുമായി വൈദികന്‍. ധൂമപാത്രത്തില്‍ കുന്തിരിക്കം എരിയുന്നതിന്റെ പുകയും സുഗന്ധവും പരക്കുന്നു. അനേകംപേര്‍ പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട് ശവപേടകത്തെ അനുഗമിക്കുന്നു. ശവഘോഷയാത്രയുടെ ഏറ്റവും പിന്നില്‍ അയാളും നടന്നു.
ദൂരെ പള്ളിയകത്ത് ഇറക്കിവച്ച ശവപേടകത്തിനു മുന്പില്‍ പുരോഹിതന്‍ പ്രാര്‍ത്ഥന ചൊല്ലി.
പുറത്ത് പള്ളിവാതിലിനരികില്‍ അജയന്‍ പ്രാര്‍ത്ഥന കേട്ടുനിന്നു.
ശവഘോഷയാത്ര സെമിത്തേരിയിലേക്കു നീങ്ങുന്‌പോള്‍ അജയനും പിന്‍തുടര്‍ന്നു. ശവക്കുഴിയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം വൈദികന്‍ ശവപ്പെട്ടിമേല്‍ പ്രാര്‍ത്ഥനാപൂര്‍വം മണ്ണിട്ടു.
ഒരു ജീവിതം ആറടിമണ്ണില്‍ മറയുന്നു.
ശവക്കോട്ടയില്‍നിന്ന് പുറത്തേക്കിറങ്ങുന്‌പോള്‍ വഴിയരികില്‍ നിന്നിരുന്ന അപരിചിതനായ ഒരാള്‍ ചോദിച്ചു:
ആരാ മരിച്ചത്?”
അജയന്‍ പറഞ്ഞു:
അറിയില്ല. ആരോ ഒരാള്‍.”
അപരിചിതന്‍ വിസ്മയത്തോടെ അജയനെ നോക്കി.
അയാള്‍ സ്വന്തം ഹൃദയത്തില്‍ ചോദിച്ചു.
ബന്ധുക്കളുടെയും അറിയുന്നവരുടെയും മരണത്തില്‍മാത്രമേ സങ്കടമുള്ളോ?
നോവലില്‍ ഉള്‍പ്പെടാതെപോയ ഒരു സന്ദര്‍ഭം.
അതും ഓര്‍മയിലിരിക്കട്ടെ.
സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാം
പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.