DCBOOKS
Malayalam News Literature Website

കുഞ്ചന്‍ ദിനം

പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖനായ മലയാളഭാഷാ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനാണ് നമ്പ്യാര്‍.

തുള്ളല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആചരിച്ചുവരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ് കുഞ്ചന്‍ ദിനമായി നാം ആചരിക്കുന്നത്.

ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നുവത്രേ തുള്ളല്‍.

Comments are closed.