മത്തിയാസ്: ചരിത്രത്തേയും ഭാവനയേയും കൂട്ടിയിണക്കുന്ന രചന
എം ആര്‍ വിഷ്ണുപ്രസാദിന്റെ ‘മത്തിയാസ്’ എന്ന നോവലിനെക്കുറിച്ച് വിനോദ് വിയാര്‍ എഴുതിയ വായനാനുഭവം
എന്തിനാണ് വായിക്കുന്നത് എന്ന ചോദ്യം മറ്റുള്ളവർക്കൊപ്പം ഞാനും ഉള്ളിൽ ചോദിക്കാറുണ്ട്. വ്യത്യസ്തമായ ഉത്തരങ്ങൾ വന്നുനിറഞ്ഞു ആശ്വാസം കൊള്ളിക്കാറുണ്ട്. ചില പുസ്തകങ്ങൾ വായിച്ചുകഴിയുമ്പോൾ ഈ പുസ്തകത്തിനെക്കൂടി ഉൾക്കൊള്ളുന്ന തരത്തിൽ വായന പാകപ്പെടാനാണല്ലോ ഇത്രയുംനാൾ വായിച്ചുകൊണ്ടിരുന്നത് എന്ന സമാധാനം വന്നുനിറയുകയും ചെയ്യും. മത്തിയാസ് എന്ന നോവൽ അത്തരം സമാധാനത്തിലേക്ക് എന്നെ നയിക്കുന്നു. പല ദിവസങ്ങളിലായി ഈ പുസ്തകം വായിക്കുകയായിരുന്നു. നെപ്പോളിയൻ്റെ കുതിരകൾക്ക് ചിറകുകളുണ്ടായിരുന്നു എന്ന ആദ്യവാചകത്തിൽ തന്നെ വായനക്കാരനിലേക്ക് ഒരു കൊളുത്ത് നീളുന്നു. അവിടന്നങ്ങോട്ട് ദീർഘമായ യാത്രയാണ്. ട്രിയറിലൂടെ ബോണിലൂടെ ബെർലിനിലൂടെ നിരവധി കഥാപാത്രങ്ങളുടെ ജീവിതങ്ങളിലൂടെ മത്തിയാസിൻ്റെ ഇച്ഛാശക്തിയിലൂടെ കാളിൻ്റെ വിപ്ലവപോരാട്ടത്തിലൂടെ വ്യത്യസ്തമായ ലോകത്തിലൂടെ വായനക്കാരൻ യാത്ര ചെയ്യുന്നു. രാജാവിനെ ദ്യോതിപ്പിച്ച് തുടങ്ങുന്ന ആദ്യവാചകത്തിൽ നിന്ന് തത്ത്വചിന്തകനിലേക്ക് നീളുന്ന അവസാന വാചകത്തിലേക്ക് ഭ്രമാത്മകമായ കാലമെഴുത്തിൻ്റെ ദൂരമുണ്ട്. അവസാനിക്കുന്നിടത്തു നിന്നും ഒരു തുടർച്ച ഈ നോവലിൽ പൊടിച്ചുനിൽക്കുന്നത് വായനക്കാരൻ കാണുന്നു.
ചരിത്രത്തേയും ഭാവനയേയും വേർതിരിച്ചെടുക്കാനാകാത്ത വിധം കൂട്ടിയിണക്കുന്ന കീറ്റുവിദ്യയാണ് ഇതിൽ എം ആർ വിഷ്ണുപ്രസാദ് നടത്തിയിരിക്കുന്നത്. വിചിത്രമായ ഒരു ലോകത്തിലേക്ക് വായനക്കാരൻ പ്രവേശിക്കുകയാണ്. അവൻ മത്തിയാസിനെ കാണുന്നു. മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്ന മത്തിയാസ്. കീറ്റുവൈദ്യത്തിൽ കുലപതിയായ അപ്പൻ കാലപ്പെട്ടുപോയതിനു ശേഷം അപ്പൻ്റെ തൊഴിൽ പിൻതുടരുന്ന മത്തിയാസ്. തൻ്റെ മുന്തിരിത്തോട്ടത്തിൻ്റെ ഉടമയായ ഹെൻ്റൈഹിൻ്റെ മകനായ കാളിനെ ഒരുപാടിഷ്ടമുള്ള മത്തിയാസ്. പോപ്പോയുടെ അമ്മാവനായ മത്തിയാസ്. മത്തിയാസിൻ്റെ യാത്രകളിൽ നമ്മളും ഒപ്പം കൂടുന്നു. മുറിവുണക്കുന്ന, ശവപരീക്ഷണങ്ങളിലൂടെ ആന്തരികാവയവങ്ങളുടെ പൊരുൾ തേടുന്ന, മരണത്തിനുമപ്പുറത്തെ ജീവിതമന്വേഷിക്കുന്ന മത്തിയാസിൻ്റെ ഉലകം വ്യത്യസ്തമായി ഉള്ളിൽ നിറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെ യാത്ര തിരിക്കുന്ന മത്തിയാസ് മരണപ്പെട്ട അപ്പനെ പലയിടത്തുവെച്ചും കാണുന്നുണ്ട്. മകന് വെളിപ്പെട്ടിട്ടില്ലാത്ത അപ്പൻ്റെ ജീവിതവഴികളിൽ പകച്ചുനിൽക്കുന്നുണ്ട്. ചില യാത്രകൾ നമ്മളെ എത്തിക്കുന്ന തുരുത്തുകളുണ്ട്. നമ്മളവിടെ എത്തിയേ തീരൂ എന്ന് മുൻപെപ്പോഴോ ആരോ എഴുതിവെച്ച തുരുത്തുകൾ. മത്തിയാസിൻ്റെ യാത്രകളും അത്തരം അനുഭവമുണർത്തുന്നു.
ഈ നോവലിലുപയോഗിച്ചിരിക്കുന്ന ഭാഷയുടെ പുതുമ ആകർഷണീയമാണ്. ആംഗലേയ പദങ്ങൾ ഉപയോഗിച്ചേ മതിയാകൂ എന്ന് തോന്നുന്നിടത്തു പോലും അതിനപ്പുറം ഗരിമയുള്ള പദങ്ങൾ നമ്മുടെ ഭാഷയിൽ നിന്ന് കണ്ടെത്തി ഉപയോഗിച്ചത് ഈ നോവലിന് തിളക്കം കൂട്ടുന്നു. കഥ നടക്കുന്ന കാലവും ഇടവും തീർച്ചയായും സംഭാഷണങ്ങളുടെ നാടകീയത ആവശ്യപ്പെടുന്നെങ്കിലും അത് ചിലയിടങ്ങളിലെങ്കിലും മുഴച്ചുനിൽക്കുന്നതു പോലെ തോന്നി. എന്നിരുന്നാലും വായനയിലെ വ്യത്യസ്തത ആശിക്കുന്നവർക്ക് വിരുന്നാണ് മത്തിയാസ് എന്ന നോവൽ. സത്യവും മിഥ്യയും ഇഴചേർന്നൊഴുകുന്ന കഥാഭൂമിക പുതിയ വായനാനുഭവം നിറയ്ക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ