DCBOOKS
Malayalam News Literature Website

മതപരിവർത്തന രസവാദം

പ്രൊഫ. ടി.പി. സുധാകരൻ

 

 

സമുദായാംഗങ്ങളെ ഹിന്ദു മതത്തിൽ പിടിച്ചുനിർത്താനും ഹിന്ദു സമുദായത്തിന്റെ പോരായ്‌മകൾ ഇല്ലാതാക്കാനും ആശാൻ നടത്തിയ ശ്രമമാണ് മതപരിവർത്തന രസവാദം എന്ന ദീർഘലേഖനം. അഭിനവ ബുദ്ധൻ എന്ന് നാരായണഗുരുവിനെ വിശേഷിപ്പിക്കുന്നതിലെ അനൗചിത്യവും മതംമാറിയാൽ കിട്ടുമെന്നാശിക്കുന്ന ദിവാസ്വപ്നത്തിന്റെ ഫലശൂന്യതയും ഈ ലേഖനത്തിലുണ്ട്. ഈ പ്രൗഢമായ ലേഖനത്തിൽ സമുദായത്തെ ഒരിടത്തും ഈഴവൻ എന്നു പറയുന്നില്ല. തീയൻ എന്നാണ് വിശേഷിപ്പിക്കുന്നത്.

 

15-6-1923-ൽ തോന്നയ്ക്കലിൽനിന്ന് കുമാരനാശാൻ മിതവാദി പത്രാധിപർക്കയച്ച ദീർഘമായ ലേഖനമാണ് മതപരിവർത്തന രസവാദം.’ 10 വർഷം കഴിഞ്ഞ് 1933-ലാണ് മൂർക്കോത്ത് കുമാരൻ തലശ്ശേരിയിൽനിന്ന് ഇതു പ്രസിദ്ധീകരിക്കുന്നത്. കൊല്ലത്തെ എസ്.എൻ.ഡി.പി. യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കുമാരനാശാൻ സമുദായാംഗങ്ങളിൽ ചിലർ ബുദ്ധമതത്തിൽ ചേരുന്നതിനെ വിമർശിച്ചിരുന്നു. ആശാന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് മിതവാദി പത്രം മലയാളത്തിലും ഇംഗ്ലിഷിലും മുഖപ്രസംഗങ്ങൾ എഴുതി. ആശാൻ അതിന് ദീർഘമായ മറുപടി അയച്ചു. എന്നാൽ അതു പ്രസിദ്ധീകരിക്കാതെ മടക്കി അയയ്ക്കുകയാണു ചെയ്‌തത്. 1924-ൽ പല്ലനയിലെ ബോട്ടപകടത്തിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു.

മിതവാദി പത്രാധിപർ സി. കൃഷ്‌ണൻ 1923 മെയ് മാസത്തിൽ ബുദ്ധമതത്തിൽ ചേർന്നിരുന്നു. ജൂണിലാണ് ആശാൻ ആ നിലപാടിനെതിരേ ലേഖനമെഴുതി അയയ്ക്കുന്നത്. സ്വാഭാവികമായും മതം മാറിയ പത്രാധിപർ അത് കൊടുക്കുകയില്ല. പൊതുവേ മതപരിവർത്തനത്തോടുള്ള ആഭിമുഖ്യവും അതിനനുകൂലവും പ്രതികൂലവുമായ ചർച്ചകളും നടന്നുവന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എസ്.എൻ.ഡി. പി. നേതാവ് സി.വി. കുഞ്ഞുരാമൻ ഈഴവർ ഇസ്ല‌ാമിലേക്കു പോകണമെന്ന് വാദിച്ചിരുന്നു. കോൺഗ്രസ് നേതാവുകൂടിയായിരുന്ന ടി.കെ. മാധവൻ ഈഴവർ ക്രിസ്‌തുമതത്തിൽ ചേരണമെന്ന അഭിപ്രായക്കാരനായിരുന്നു. തിരുവിതാംകൂറിലെ പതിന്നാല് ലക്ഷം ക്രിസ്‌ത്യാനികളും പതിനെട്ട് ലക്ഷം ഈഴവരും ഒന്നിച്ചാൽ സവർണ്ണമേധാവിത്തം ഇല്ലാതാകുമെന്ന് അദ്ദേഹം വാദിച്ചിരുന്നു. പില്ക്കാലത്തെ നിവർത്തനപ്രക്ഷോഭത്തിൻ്റെ വേരുകൾ ഈ വാദത്തിൽ കാണാം.

 

പൂര്‍ണ്ണരൂപം 2025 മാർച്ച് ലക്കം പച്ചക്കുതിരയില്‍

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

 

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

 

Comments are closed.