DCBOOKS
Malayalam News Literature Website

മാടന്‍മോക്ഷം പ്രവചനങ്ങളുടെ നോവല്‍

അഭിമുഖം- ജയമോഹന്‍ / സാലിറ്റ് തോമസ് (ആദ്യഭാഗം)

സോഷ്യല്‍ മീഡിയയുടെ ഒരു പൊതുസ്വഭാവമാണ് തീവ്രവാദം. തന്റെ ജാതി, മതം, രാഷ്ട്രീയം മാത്രം ശരി മറ്റെല്ലാവരും തെറ്റ് എന്ന സമീപനം. ഇതേക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്..?

പണ്ട് സാധാരണ ജനങ്ങള്‍ ചായക്കടകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തമ്മില്‍ സംസാരിച്ചിരുന്ന അതേ കാര്യങ്ങളാണ്, സോഷ്യല്‍ മീഡിയ ഒരു ഫോറത്തില്‍ രേഖപ്പെടുത്തുന്നത്. അവര്‍ക്കൊരു ഇടം നല്‍കുകയാണ് സോഷ്യല്‍ മീഡിയ ചെയ്യുന്നത്. പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല. ബാഹ്യപ്രപഞ്ചത്തില്‍ കാറ്റിലലിഞ്ഞു പോകുന്ന സാധാരണ ചിന്തകള്‍ ഇങ്ങനൊരു ഫോറത്തിലൂടെ ഒന്നായി സ്വരൂപിക്കപ്പെടുമ്പോള്‍ പ്രബലമായ ശക്തി സംഭരിക്കുന്നു. വലിയൊരു ideaological force ആയി മാറുന്നു. വലിപ്പം കൊണ്ടുതന്നെ ഓരോ എഴുത്തുകാരനെയും ഭയപ്പെടുത്തുന്ന രൂപമായി പരിണമിക്കുന്നു. അടുത്ത കാലത്ത് ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്തതിനു ശേഷം എയര്‍പോര്‍ട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ പല പ്രായത്തിലുള്ള എഴുത്തുകാരോട് സംസാരിക്കവെ എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയതങ്ങള്‍ക്ക് നല്‍കുന്ന ഭീഷണിയെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയുടെ ഈ ഐഡിയോളജി ഒരു ഗ്രാന്റ് Textഓവര്‍ ആവറേജാണ്. ഈ പൊതുമാനക ചിന്ത അതിശക്തമാകുമ്പോള്‍ ഓരോരുത്തരെയും അതിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നത്. ഒരുപക്ഷേ വലിയ വായനയോ വിദ്യാഭ്യാസമോ ഇല്ലാത്ത ചെറുപ്പക്കാര്‍ ആ ആശയങ്ങളില്‍ ആകൃഷ്ടരാവുന്നു. ചിന്തകരും എഴുത്തുകാരും തങ്ങളുടെ ധൈഷണികധാരയുടെയൊപ്പം ഇതിനെ പിടിച്ചു നിര്‍ത്തുന്നു. എന്നാല്‍ ഇതിന്റെ ശക്തിയോട് ഏറ്റുമുട്ടുക എന്നത് ഇന്ന് അത്ര എളുപ്പമല്ല. അതിനെതിരേയുള്ള ഒരു പോരാട്ടം തന്നെയാകണം ഇന്നുള്ള സാഹിത്യവും ചിന്തയും. നേരേമറിച്ച് ഇന്ന് എഴുത്തുകാരില്‍ നല്ലൊരു ഭാഗം ഈ സോഷ്യല്‍ മീഡിയയില്‍ പോയി വായനക്കാരെ കണ്ടെത്താം എന്നു വിചാരിക്കുന്നു. അത് അസാധ്യമാണെന്ന് കഴിഞ്ഞ പത്തു കൊല്ലമായി തുടര്‍ച്ചയായി പറയുന്ന ഒരാളാണ് ഞാന്‍. നൂറിലേറെ ലേഖനങ്ങള്‍ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അവിടെ നിങ്ങള്‍ പറയുന്നത് കേള്‍ക്കാനല്ല ആളുകള്‍ വന്നിരിക്കുന്നത്. അവരുടെ സംഘടിത നിലപാടുകള്‍ നിങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ വേണ്ടിയാണ്. സമൂഹവലൈത്തളം എന്നാണ് ഞങ്ങള്‍ ഇതിന് പറയുക. സോഷ്യല്‍ മീഡിയയില്‍ പോയി നിങ്ങള്‍ക്കാര്‍ക്കും ഒന്നും അങ്ങോട്ട് അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. പതിനായിരത്തോളം ഫോളോവേഴ്‌സ്
ഫെയ്‌സ് ബുക്കില്‍ ഒരാള്‍ക്കുണ്ടാകും. പക്ഷേ സാധാരണ ഒരു മീറ്റിങ് വച്ചാല്‍ പത്തു പേര്‍ പോലും ഉണ്ടാകില്ല. ഒരു പുസ്തകം അമ്പത് കോപ്പി പോലും ഇവര്‍ വാങ്ങില്ല. ഒന്നുകൊണ്ടും സോഷ്യല്‍ മീഡിയ എഴുത്തുകാരന് പ്രയോജപ്പെടുന്നില്ല. മറിച്ച് അതിന്റെ മോഹവലയത്തില്‍ പ്രവേശിച്ചാല്‍ അതില്‍ കുടുങ്ങിപ്പോവുകയും ശരാശരി നിലപാടുകളോട് സമരസപ്പെടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യും. വ്യത്യസ്തമായ ആശയങ്ങളുമായി രംഗത്തു വന്നാല്‍ പരിഹാസവും എതിര്‍പ്പും പുലഭ്യവുമാവും അവിടെനിന്ന് ലഭിക്കുക. അതിനെതിരേ പ്രതികരിച്ചു തുടങ്ങുന്ന എഴുത്തുകാരനും ഒരു നിഷേധാത്മക വ്യക്തിത്വമായിത്തീരും. അങ്ങനെ എഴുത്തുകാരനും സോഷ്യല്‍ മീഡിയാസമൂഹത്തിലെ അപചയം സംഭവിച്ച വ്യക്തികളിലൊരാളായിത്തീരും.

സോഷ്യല്‍ മീഡിയയുടെ മറ്റൊരുസ്വഭാവം അതിന്റെ സമകാലീനതയാണ്. ഭൂതകാലം പൊടുന്നനെ
വിസ്മരിക്കപ്പെടുകയും വര്‍ത്തമാനകാലം അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. മാസങ്ങള്‍മുമ്പ് വരെ എല്ലാവരും ഉക്രെയില്‍ യുദ്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അതിനുശേഷം ഇറാനിലെ
ഹിജാബ് വിഷയമായിരുന്നു സോഷ്യല്‍ മീഡിയായില്‍. ഇപ്പോള്‍ തുര്‍ക്കിയിലെ ഭൂകമ്പത്തെക്കുറിച്ച്
സംസാരിക്കുന്നു. ഇതിങ്ങനെ നീണ്ടുപോകും. എഴുത്തുകാരന്‍ തന്റെ ചിന്ത ചിരകാലം കൊണ്ടു നടക്കുന്ന ആളാണ്, ഒരു സ്വപ്നം വച്ചുപുലര്‍ത്തുന്ന ആളാണ്. ഒരുപാട് പുസ്തകങ്ങളില്‍ക്കൂടി, അനുഭവങ്ങളില്‍ക്കൂടി, സംഭാഷണങ്ങളില്‍ ക്കൂടി തന്റെ ചിന്തയെ വിപുലമാക്കി നിര്‍ത്തുന്നയാളാണ് ചിന്തകന്‍. ഒരു
സ്വപ്നം പല അനുഭവങ്ങളിലുംഭാഷാ പ്രാദേശികതകളിലും വിന്യസിച്ചുകൃതിയായി രൂപപ്പെടുത്തുന്നവനാണ് എഴുത്തുകാരന്‍. ‘വിഷ്ണുപുരം’ എന്ന എന്റെ നോവല്‍ പത്തുകൊല്ലത്തെ സ്വപ്നമാണ്. ഇരുപത്തിയഞ്ചു
Textകൊല്ലത്തെ എന്റെ സ്വപ്നമാണ് മഹാഭാരതത്തെ അധികരിച്ചെഴുതിയ ‘വെണ്‍മുരശ്’ എന്ന നോവല്‍. സോഷ്യല്‍ മീഡിയയില്‍ സമകാലികം മാത്രമേയുള്ളു. ഒരു ദീര്‍ഘസ്വപ്നം വച്ചുപുലര്‍ത്താന്‍ അവര്‍ അനുവദിക്കുന്നില്ല. ഒരെഴുത്തു കാരന്‍ അന്നന്നത്തെക്കാര്യങ്ങള്‍ക്കെതിരേ പ്രതികരിച്ചുകൊണ്ടിരുന്നാല്‍ അവന്റെ സര്‍ഗാത്മകത വറ്റിപ്പോകും. അത് എഴുത്തുകാരന്റെ മരണമാണ്. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകഴിഞ്ഞാല്‍ മറ്റുള്ളവരുടെ ഇംഗിതത്തിനുവഴങ്ങി സംസാരിക്കാന്‍ നിര്‍ബന്ധിക്കപ്പെടും എന്നതാണ് പ്രശ്‌നം. അതിനു വഴങ്ങിയില്ലയെങ്കില്‍ ശത്രുതയായിരിക്കും ഫലം. ഇന്ന് അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ഒരെഴുത്തുകാരന് മതവികാരങ്ങളെയും പുരോഗമനവികാരങ്ങളെയും വ്രണപ്പെടുത്തേണ്ടിവരും. അങ്ങനെ ഇരുകൂട്ടരുടെയും ശത്രു ആകേണ്ടിവരും. രാഷ്ട്രീയം സംസാരിക്കുന്നവരുടെ കുഴപ്പമതാണ്. വിപുലമായ ശത്രുവ്യൂഹത്തെ സമ്പാദിച്ചിട്ടു നിങ്ങള്‍ അവിടെ എന്തു സംസാരിക്കാനാണ്? സോഷ്യല്‍ മീഡിയ ഇന്നുണ്ടാക്കുന്ന വിപത്ത് ഇതൊക്കെയാണ്.

സോഷ്യല്‍ മീഡിയയുടെ മറ്റൊരു സ്വഭാവം, അല്ലെങ്കില്‍ പരിമിതി, അതിന്റെ പ്രത്യേകതരം ലോഗരിതമാണ്. അതിനെ മാറ്റൊലിമുറി എന്നാണ് ചിന്തകര്‍ വിശേഷിപ്പിക്കുക. സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനി മാത്രം കേള്‍ക്കുന്ന ഒരു ചെറിയ മുറി. നിങ്ങളുമായി പൂര്‍വബന്ധമുള്ളവരാവും സോഷ്യല്‍മീഡിയയിലെ നിങ്ങളുടെ ശ്രോതാക്കള്‍. അവരെ നിങ്ങൾക്ക് പിന്നിൽ അണിചേര്‍ക്കുകയാണ്. അതോടൊപ്പം നിങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ നിങ്ങള്‍ ബ്ലോക്ക് ചെയ്യുന്നു. ക്രമേണ നിങ്ങളുടെ ശബ്ദം മാത്രം കേള്‍ക്കുന്ന വലിയ മുറിയാക്കി അത് നിങ്ങള്‍ മാറ്റുന്നു. ഈ മാറ്റൊലി സ്വഭാവം നിങ്ങളില്‍ അഹങ്കാരമുണ്ടാക്കുന്നു. ഞാനും ഒട്ടും മോശമല്ല, എനിക്കും ഒരുപാട് ചിന്തകരും ഫോളോവേഴ്‌സും ഉണ്ട് എന്നുള്ള ധാരണ ഉണ്ടാകുന്നു. അവിടെ നിങ്ങളുടെയും നിങ്ങളെപ്പോലുള്ളവരുടെയും മാത്രം ശബ്ദം കേട്ടുകൊണ്ട് ഇതാണ് ലോകം എന്ന് തെറ്റിദ്ധരിച്ച് നിങ്ങള്‍ കഴിയും. ഈ ചെറിയലോകമല്ല ചിന്തയുടേത്, കലയുടേത്. മുപ്പതുകൊല്ലം റിസേര്‍ച്ച് ചെയ്ത ഒരു ചിന്തകന്‍ സോഷ്യല്‍ മീഡിയയിലേക്ക് വരുകയാണെങ്കില്‍ ഒന്നും അറിയാത്ത, വായനാശീലം ഒട്ടുമില്ലാത്ത ഒരാള്‍ക്ക് ആത്മവിശ്വാസത്തോടെ അയാളോട് സംസാരിക്കാന്‍ കഴിയും. അയാളെ പരിഹസിക്കാനും അയാള്‍ പറയുന്ന കാര്യങ്ങളെ പരിപൂര്‍ണ്ണമായി നിരാകരിച്ച് നിന്ദിക്കാനും കഴിയും. ഇതു ഞാന്‍ കണ്ടിട്ടുള്ളതാണ്. നാല്പതുകൊല്ലം തിരുനെല്‍വേലി ചരിത്രം ഗവേഷണം ചെയ്ത എ കെ പെരുമാള്‍ സോഷ്യല്‍ മീഡിയയിലേയ്ക്ക് വരുമ്പോള്‍ നിങ്ങള്‍ പറയുന്നതൊന്നും ശരിയല്ല എന്ന് ആദ്യമായി ലേഖനം എഴുതുന്നയാള്‍ പറയുന്നു. ഇത് ജനാധിപത്യമല്ല. ജനാധിപത്യമെന്നു പറയുന്നത് ഓരോരുത്തര്‍ക്കും അവരവരുടെ അവകാശം ലഭിക്കുക എന്നതാണ്, അല്ലാതെ അവരവരുടെ അജ്ഞത വിളിച്ചുപറയാനുള്ളതല്ല ജനാധിപത്യം. ധൈഷണികതലത്തില്‍ ജനാധിപത്യമൊന്നുമില്ല. എല്ലാവരും തുല്യം എന്നൊരു നിലപാടില്ല. പഠിച്ചവന്‍, അവന്റെ സ്ഥാനം മുകളില്‍ ആണ്. ചിന്തകന്‍, അവന്റെ സ്ഥാനവും മുകളില്‍തന്നെയാണ്. കലാകാരന്‍ അവനും മുകളില്‍തന്നെയാണ്. അത് സ്വീകരിക്കാനുള്ള മനോഭാവം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നില്ല. ഇന്നുള്ള സോഷ്യല്‍മീഡിയയെ അഭിമുഖീകരിക്കാന്‍, ചിന്തിക്കുന്നവര്‍ ഭയപ്പെടുന്നതിന്റെ പ്രധാന കാരണം അതിലെ വികൃതമായ ജനാധിപത്യമാണ്.

ജയമോഹന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.