DCBOOKS
Malayalam News Literature Website

‘മാടൻമോക്ഷം’ എന്ന നോവൽ നിങ്ങളെ രാഷ്ട്രീയപരമായും ചരിത്രപരമായും അസ്വസ്ഥപ്പെടുത്തും: വിനിൽ പോൾ

ജയമോഹന്റെ ‘മാടൻമോക്ഷം’ എന്ന നോവലിനെക്കുറിച്ച് വിനിൽ പോൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് 

1989-ലാണ് ജയമോഹൻ ‘മാടൻമോക്ഷം’ എഴുതുന്നത്. ഈ കഥയുടെ മലയാള സ്വതന്ത്ര പുനരാഖ്യാനം രണ്ട് മൂന്ന് വർഷംമുൻപ് അദ്ദേഹം കേരളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തെ ഏൽപ്പിച്ചെങ്കിലും അവർ അത് പ്രസിദ്ധീകരിക്കുവാൻ തയ്യാറായില്ല. എതിർപ്പുകളുടെ മധ്യത്തിലാണ് ഡി സി ബുക്സ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകയറുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി തരുന്ന കൃതിയാണ് Textമാടൻമോക്ഷം’. ഇതിൽ വിവരിക്കപ്പെടുന്ന അനുഭവങ്ങൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നടന്നിട്ടുള്ളതാണ്. എങ്ങനെയാണ് പ്രാദേശിക ദൈവീക സങ്കല്പങ്ങളെ ഹിന്ദുമതം കീഴടക്കിയതെന്ന് വരച്ചുകാട്ടുന്ന നോവലാണ് ‘മാടൻമോക്ഷം’. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംഭാഗം മുതൽ എങ്ങനെയാണ് ഹിന്ദുമതം പ്രവർത്തിച്ചതെന്നും അതിന്റെ പ്രവർത്തനത്തെ വിപുലമാക്കുന്നതിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും മിഷനറി പ്രസ്ഥാനത്തിൻറെയും പങ്കെന്തെന്ന് വിശദമാക്കുന്ന നിരവധി അക്കാദമിക പഠനങ്ങൾ നിലവിലുണ്ട്. (ഈ വിഷയത്തിനായി Nicholas Dirks, Brian K. Pennington, Bernard S Cohn, എന്നിവരുടെ പഠനങ്ങൾ കാണുക).

ഹിന്ദു പുരാണ-ഇതിഹാസങ്ങളിൽ പേരുകളില്ലാത്തതും ബ്രാഞ്ചുകളില്ലാത്തതുമായ കാവുകളും സർപ്പകാവുകളും മാടനും മറുതയും അമ്മയും ദേവിയുമെല്ലാം എങ്ങനെയാണ് ഇന്ത്യയെമ്പാടും ബ്രാഞ്ചുകളുള്ള ഹിന്ദുമതത്തിന്റെ ഭാഗമായതിന്റെ ചരിത്രം സാമൂഹിക ശാസ്ത്രം അന്വേഷിച്ചിട്ടുണ്ട്. ഈ അന്വേഷണ ശാഖയിലെ ഒരു സാഹിത്യ കൃതിയാണ് മാടൻ മോക്ഷം. അതേപോലെമാടൻ മോക്ഷമെന്ന ഈ കൃതി മതങ്ങളുടെ കാപട്യം തുറന്നുകാണിക്കാനല്ല ശ്രമിക്കുന്നത് മറിച്ച് മതങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെയാണ് ജയമോഹൻ അടയാളപ്പെടുത്തുന്നത്. ഈ ചെറിയ പുസ്തകം നിങ്ങളെ രാഷ്ട്രീയപരമായും ചരിത്രപരമായും അസ്വസ്ഥപ്പെടുത്തുമെന്ന് തോന്നുന്നു. ഹിന്ദുമതം നടത്തിയ മതപരിവർത്തനമെന്ത് എന്ന തിരിച്ചറിവും സംഘപരിവാർ ശക്തികൾ മുൻപോട്ടുവെയ്ക്കുന്ന കപട ഭൂത കാലത്തെയും നിങ്ങൾ ഈ പുസ്തകത്തിലൂടെ മനസിലാക്കും.

ജയമോഹന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.