ആള്‍ക്കൂട്ടങ്ങളില്‍ ഞാന്‍ ആര്?
ഒറ്റയ്ക്കു നില്‍കുമ്പോള്‍ എന്തൊരു സല്‍സ്വഭാവികളാണ് കേരളീയര്‍, ഇന്ത്യാക്കാര്‍. പക്ഷെ കൂട്ടം കൂടിയാലോ? കൂട്ടംകൂടിയാല്‍ നമ്മള്‍ കഠിനഹൃദയരും അസഹിഷ്ണുക്കളും ആകുന്നു എന്നാണ് അടുത്ത് നമ്മുടെ സമൂഹത്തില്‍ പെരുകി വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാണിച്ചുതരുന്നത്.
ഇത്തരം സംഭവങ്ങള്‍ വടക്കേഇന്ത്യയില്‍ മാത്രമേയുള്ളു എന്ന് പറഞ്ഞു കൈ കഴുകാനാണ് നമ്മള്‍ മലയാളികള്‍ പലപ്പോഴും ശ്രമിക്കാറുള്ളത്. എന്നാല്‍ വാസ്തവം അതാണോ? അല്ലെന്നു ബി.ആര്‍.പി. ഭാസ്‌കര്‍ ‘ആള്‍ക്കൂട്ട രാഷ്ട്രീയവും ജനാധിപത്യത്തിന്റെ ഭാവിയും’ എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഈയടുത്തു വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ട 15 ആള്‍ക്കൂട്ട കൊലപാതകങ്ങളുണ്ട്. അതില്‍ ഒന്ന് ആസ്സാമിലും മറ്റൊന്ന് തമിഴ്‌നാട്ടിലും (കുട്ടിയെ തട്ടിക്കൊണ്ടു പോകും എന്ന് ഭയന്ന് ചെയ്തത്) ബാക്കി പതിമൂന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു. പക്ഷെ ഇതില്‍പ്പെടാത്ത ഏഴ് കൊലപാതകങ്ങള്‍ കേരളത്തില്‍ സംഭവിച്ചു. മധു എന്ന ആദിവാസി ചെറുപ്പക്കാരന്റെ മരണം കേരളം മനസാക്ഷിയെ നടുക്കിയ ഒന്നാണ്. എന്നാല്‍ പിനീട് നടന്ന 6 മരണങ്ങളും വടക്കേ ഇന്ത്യയില്‍ നിന്ന് വന്നിട്ടുള്ള തൊഴിലാളികളുടേതായിരുന്നു. ഇവയൊന്നും മാധ്യമശ്രദ്ധ നേടിയില്ല. അല്ലെങ്കില്‍ വെള്ളപൂശിയ ഒരു ചെറുകുറിപ്പായി പത്രങ്ങളുടെ ഉള്‍ത്താളുകളില്‍ ഒതുങ്ങി. എന്താ അവര്‍ മനുഷ്യരല്ലേ? അവരുടെ ദാരുണമായ മരണവും ക്രൂരതയല്ലേ? ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യമെന്തെന്നാല്‍, ലോകമെമ്പാടും പ്രവാസിയായി ജീവിക്കാറുളള മലയാളികളാണ് തന്റെ നാട്ടില്‍ ജീവനമാര്‍ഗം നോക്കിവന്ന ചെറുപ്പക്കാരോട് ഈ ക്രൂരത കാട്ടുന്നത് എന്നതാണ്.
പത്രങ്ങളിലും സിനിമകളിലും ദൃശ്യമാധ്യമങ്ങളിലും ആള്‍ക്കൂട്ട ക്രൂരതകള്‍ കണ്ടു തഴമ്പിച്ചു നമ്മുടെ മനുഷ്യത്വവും മാനുഷിക വികാരങ്ങളും നശിച്ചിരിക്കുന്നു എന്നാണ് സക്കറിയ അഭിപ്രായപ്പെട്ടത്. എല്ലാ വാര്‍ത്താപരിപാടികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ വിളിച്ചിരുത്തി, എല്ലാ ചാനലുകളും എല്ലാ വിഷയങ്ങളെയും രാഷ്ട്രീയ വത്ക്കരിക്കുകയാണ്. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി. ഇവിടെ ചാനലുകളുടെ റേറ്റിംഗുകളിലും ലാഭത്തിലും മാത്രമാണ് ശ്രദ്ധ. അല്ലെങ്കില്‍ ചാനല്‍ ഉടമകളുടെ അജണ്ടകള്‍ക്കായി പാവകളെ പോലെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍. ഈ വിഷയത്തില്‍ ദൃശ്യമാധ്യമങ്ങള്‍ വളരെയധികം തരംതാണിരിക്കുന്നുവെന്നും സക്കറിയ അഭിപ്രായപ്പെട്ടു.
എന്തിനാണ് എല്ലാ വിഷയങ്ങളിലും ഒരു എല്‍.ഡി.എഫുകാരന്റെയും യു.ഡി.എഫുകാരന്റെയും അഭിപ്രായം? ജീവിതത്തിന്റെ നാനാ മുഖങ്ങളില്‍ നിന്നുള്ള സാധാരണക്കാരുടെ അഭിപ്രായം പോരേ എന്നാണ് ബി. ആര്‍. പി. ഭാസ്‌കര്‍ ചോദിക്കുന്നത്? എന്തിനാണ് എല്ലാ ചര്‍ച്ചകളിലും വെറും നാല് ശതമാനം പേരുടെ മാത്രം പ്രതിനിധികളായ ബി.ജെ.പിക്കാര്‍ക് സ്ഥാനം കൊടുക്കുന്നത് എന്ന് സക്കറിയയും ചോദിക്കുന്നു. അതല്ലേ ജനാധിപത്യം എന്ന് ചോദിച്ചപ്പോള്‍ സക്കറിയ പറഞ്ഞു, അതെ. പക്ഷേ അത് ഹിറ്റ്‌ലറിന് പൊതുജനത്തോട് തന്റെ ആശയങ്ങള്‍ പങ്കു വെയ്ക്കാന്‍ അവസരം കൊടുക്കുന്നത് പോലെ ആണ്. അതുകൊണ്ടാവാം അങ്ങനെ ഒരവസരം അവര്‍ക്കു ഈ സാഹിത്യോത്സവത്തില്‍ ലഭിക്കാത്തത്. മറ്റൊരു പരിപാടിയില്‍ സച്ചിദാനന്ദന്‍ പറഞ്ഞത് പോലെ അസഹിഷ്ണുതയോടാണ് നമ്മുടെ അസഹിഷ്ണുത.
പക്ഷെ മാധ്യമങ്ങള്‍ക്കുമപ്പുറം വര്‍ഗ്ഗീയത കുത്തി നിറയ്ക്കുന്നത് സോഷ്യല്‍ മീഡിയ ആണെന്നാണ് ഇത്തരം അക്രമങ്ങള്‍ നേരിട്ടിട്ടുള്ള കമല്‍റാം സജീവ് പറഞ്ഞത്. സോഷ്യല്‍ മീഡിയ എന്ന ജനകീയവാക്കിനെക്കാളും ഇത്തരക്കാര്‍ക്ക് ചേരുന്നത് ‘സോഷ്യല്‍ സോഫ്റ്റ്‌വെയര്‍’ എന്നതാണ്. ഒരു കമ്പ്യൂട്ടര്‍ അല്‍ഗോരിതത്തെ പോലെ ഒന്നോ രണ്ടോ പേരുടെ സങ്കുചിതമായ അഭിപ്രായങ്ങള്‍ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്നവര്‍. അദൃശ്യരായിരുന്നു സമൂഹത്തിലേക്ക് വര്‍ഗീയതയും കുപ്രചാരണങ്ങളും നടത്തുന്നത് പേരില്ലാത്ത, മുഖമില്ലാത്ത ഒരുപക്ഷേ ഫെയ്ക്ക് അക്കൗണ്ടുകളുടെ പിന്നില്‍ ഒളിക്കുന്ന ഇത്തരം ഒളിപ്പോരാളികളാണ്. സൈബര്‍ ആക്രമണങ്ങളില്‍ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ അസഹിഷ്ണുത അനുഭവപ്പെടുന്നത്.
മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന നവോത്ഥാനത്തില്‍ വിശ്വസിക്കുന്നില്ല എന്നും, ആദ്യത്തെ നവോത്ഥാനത്തിന്റെ ആശയങ്ങള്‍ പോലും ഇന്നും കേരളം ജനത വൃത്തിയായി പഠിച്ചിട്ടില്ല എന്നുമായിരുന്നു എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടത്. ദളിത് ശാക്തീകരണത്തിലും സ്ത്രീ ശാക്തീകരണത്തിലും ആദിവാസി ശക്തികരണത്തിലുമൊക്കെ നാമിനിയും ഒരുപാടു ദൂരം പോകാനുണ്ട്. ആ പാതയില്‍ നാം ഉപേക്ഷിക്കേണ്ട എത്രയോ കാരമുള്ളുകള്‍ ജാതി, ജാതി-മത ആശയങ്ങളെ കേന്ദ്രീകരിച്ച മുന്‍വിധികള്‍, പുരുഷമേധാവിത്വം, അന്യസംസ്ഥാന തൊഴിലാളികളോട് ചെയ്യുന്ന ക്രൂരത, പിന്നോക്ക സമുദായങ്ങളോടുള്ള ക്രൂരത അങ്ങനെ നീളുന്നു ആ നീണ്ടനിര.
ചെന്നായ്ക്കളുടെ കൂട്ടത്തില്‍ ചെന്നായും ആട്ടിന്‍കുട്ടികളുടെ കൂട്ടത്തില്‍ ആട്ടിന്‍കുട്ടിയുമാകുന്ന സമൂഹമായി അധ:പ്പതിക്കാതെ, മാനുഷിക വികാരങ്ങളും സ്വതന്ത്ര അഭിപ്രായങ്ങളും ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാനുമുള്ള തങ്ങളുടെ കഴിവ് ഉപയോഗിക്കുന്നവരുമായി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് കേരളീയര്‍ ഉയരട്ടെ. തങ്ങളെ ഭരിക്കുന്ന പാര്‍ട്ടികളുടെയും ബിസിനസ് അജണ്ടകളുടെയും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കപ്പുറം സത്യം ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ ധര്‍മം പരിപാലിക്കുന്ന ഒരു മാധ്യമ സമൂഹം നമുക്കുണ്ടാകട്ടെ. ഭൂരിപക്ഷത്തിന്റെയോ പിന്നോക്ക സമുദായങ്ങളുടെയോ ആവശ്യങ്ങള്‍ മാത്രം പരിഗണിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ക്കപ്പുറം ജീവിതത്തിന്റെ നാനാ തുറകളിലുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ തുല്യമായി പരിഗണിക്കുന്ന ഒരു സര്‍ക്കാരിനെ നമ്മള്‍ തിരഞ്ഞെടുക്കണം. ഇതിനെല്ലാം പുറമെ ആള്‍ക്കൂട്ടങ്ങളിലും സോഷ്യല്‍ മീഡിയയുടെ മതിലുകള്‍ക്കപ്പുറവും സ്വകാര്യതയിലും ഞാന്‍ ആര് എന്ന് ഓരോ മലയാളിയും പുനഃപരിശോധിക്കുകയും ചെയ്യണം.
തയ്യാറാക്കിയത്: ജോയ്‌സ് ജോബ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)
Comments are closed.