DCBOOKS
Malayalam News Literature Website

പോഴന്മാരുടേയും ബുദ്ധിശൂന്യന്മാരുടേയും ആക്രമണമാണ് ആള്‍ക്കൂട്ട ആക്രമണം

പോഴന്മാരുടേയും ബുദ്ധിശൂന്യന്മാരുടേയും ആക്രമണമാണ് ആള്‍ക്കൂട്ട ആക്രമണമെന്നും, പരാജയഭീതി കൊണ്ടാണ് ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാറും ആള്‍ക്കൂട്ട അക്രമണങ്ങള്‍ കേരളത്തില്‍ നടത്തുന്നതെന്നും കേരള ലിറ്ററേച്ചര്‍ വെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ വിമര്‍ശിച്ചു. എ. കെ അബ്ദുള്‍ ഹക്കീം മോഡറേറ്ററായ ചര്‍ച്ചയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍, ബി. ആര്‍. പി ഭാസ്‌കര്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുത്തു.

ആള്‍ക്കൂട്ടം എങ്ങനെയാണ് ജനാധിപത്യത്തിന് വിള്ളല്‍ വീഴ്ത്തുന്നതെന്നും, അതിനുള്ള പരിഹാരം എന്താണെന്നും ഉന്നയിച്ചു കൊണ്ട് സംവാദത്തിന് ആരംഭം കുറിച്ചു. കാലഘട്ടത്തിന് അനുസരിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യക്തികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവെന്നും, ശബരിമല വിഷയത്തില്‍ യുവതികളുടെ വീടുകള്‍ അക്രമിക്കുന്നത് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖമില്ലാത്ത മനുഷ്യരുടെ ആക്രമണമാണെന്നും, ഇതിന്റെ വേരുകള്‍ മാധ്യമങ്ങളില്‍ നിന്നാണെന്നും അദ്ദേഹം ഉന്നയിച്ചു. ശബരിമല വിഷയത്തില്‍ മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും, നിലവില്‍ കേരളത്തിലുള്ള ഒരു കൂട്ടം മതവിഭാഗത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ഇന്ത്യയൊരു വലിയ രാജ്യമായതുകൊണ്ടാണ് ഭാരതത്തെ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കാന്‍ കാരണമെന്ന് ബി.ആര്‍.പി ഭാസ്‌കര്‍ പറഞ്ഞു. കൂടുതലായും മറുനാടന്‍ തൊഴിലാളി വിഭാഗമാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നതെന്നും, ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിശാലമായ കാഴ്ച്ചപ്പാടും,നിശബ്ദ ജനവിഭാഗത്തെ സൃഷ്ടിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രവും, സംസ്‌ക്കാരവും പറയാതെ മാധ്യമങ്ങള്‍ അദൃശ്യമായ പത്രപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളില്‍ അക്രമ മനോഭാവം സൃഷ്ടിക്കുകയാണെന്ന് കമല്‍റാം സജീവ് ഉന്നയിച്ചു. നവോത്ഥാനത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നത് സംഘപരിവാര്‍ ആണെന്നും, ഇത്തരം ചെറിയ ശ്രമങ്ങള്‍ വലിയ കലാപത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം അതിന്റെ അന്തിമ ശ്വാസത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണെന്ന് എ. കെ. അബ്ദുദുള്‍ ഹക്കീം പറഞ്ഞു കൊണ്ട് ഒരുമണിക്കൂര്‍ നീണ്ട സംവാദത്തിന് വിരാമമിട്ടു.

Comments are closed.