DCBOOKS
Malayalam News Literature Website

മസ്ജിദും മന്ദിറും വാസ്തുചരിത്രവും

ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്

സുധീഷ് കോട്ടേമ്പ്രം

എന്തുതന്നെയായാലും, ‘രാമജന്മഭൂമി’യില്‍ നിന്ന് കൊളുത്തിയ തീ ഗ്യാന്‍വാപിയിലൂടെ ഇന്ത്യയുടെ മതേതരമൂല്യത്തിന്റെ ഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഇപ്പോള്‍ പടര്‍ന്നിരിക്കുന്നു. ‘വംശശുദ്ധി’യുടെ വക്താക്കള്‍ക്ക് അതില്‍ ആഹ്ലാദിക്കാനുണ്ട്. ജനാധിപത്യ ഇന്ത്യയുടെ ആത്മാവ് ആരാധനാലയങ്ങളിലല്ല കുടിയിരിക്കുന്നത് എന്ന് വാദിച്ചാലും, മതാത്മകമൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു ഭരണകൂടം അതിന്റെ മെഷിണറികള്‍ ഉപയോഗിച്ചുകൊണ്ട് മതദേശീയതയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കും. അതില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചരിത്രം കുറ്റക്കാരനായി വന്നേക്കാം.

ഒറ്റദേശം-ഒറ്റ ദേശീയത എന്ന അലിഖിതലക്ഷ്യവുമായി അധികാരത്തിലേറിയ മോദി ഗവണ്മെന്റിന്റെ എട്ടുവര്‍ഷക്കാലയളവില്‍, ഇന്ത്യ എത്തിച്ചേര്‍ന്നത് അതിന്റെ എക്കാലത്തെയും വലിയ മാനിഫെസ്റ്റോകളിലൊന്നായ ”നാനാത്വത്തില്‍ ഏകത്വം”
എന്ന സങ്കല്പത്തിന്റെ അടിവേരറക്കുന്ന മതദേശീയതയുടെ രൂപപ്പെടലിലേക്കാണ് എന്നത് Pachakuthiraഇതിനകം ഊട്ടിയുറപ്പിക്കപ്പെട്ടുകഴിഞ്ഞ ഒന്നാണ്. ഹിന്ദുദേശീയതയുടെ വാദമുഖങ്ങളില്‍ ഏറ്റവും പ്രബലമായ രണ്ടു ഘടകങ്ങള്‍ പാരമ്പര്യവാദവും മതാത്മകമൂല്യങ്ങളുമാണ്. ആധുനിക ജനാധിപത്യ രാഷ്ട്രസംവിധാനങ്ങള്‍ വിനിയോഗിച്ചുകൊണ്ട് ഇതേ മൂല്യ
വ്യവസ്ഥ പിന്തുടരുന്നു എന്നിടത്താണ് ഹിന്ദുദേശീയതയും ജനാധിപത്യദേശീയതയും വേര്‍പിരിയുന്നത്. അഥവാ, ഹിന്ദുദേശീയതയെ രാഷ്ട്രീയദേശീയതയായി പുന:സംഘാടനം
ചെയ്‌തെടുക്കുന്ന പദ്ധതികള്‍ക്കാണ് സമീപകാല ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. എറിക്ഹോബ്‌സ്ബാം നിരീക്ഷിക്കുന്നതുപോലെ, ‘കണ്ടെടുക്കുന്ന പാരമ്പര്യം’ എല്ലായ്‌പ്പോഴും ഫാഷിസത്തിന്റെ നിര്‍മ്മാണയുക്തികളില്‍ പ്രധാനപങ്കു വഹിക്കുന്നു. അതിനാല്‍ ചരിത്രം കെട്ടുകഥയായും കെട്ടുകഥ ചരിത്രമായും രംഗപ്രവേശം ചെയ്യുന്നു. അതിനാല്‍ ‘ത്രേതായുഗത്തില്‍’ നിന്ന് ‘രാമന്‍’ പുതിയ ഇന്ത്യക്കായി രംഗപ്രവേശം ചെയ്യുന്നു. അതിനാല്‍
മുഗള്‍ ഭരണകാലം ഹൈന്ദവഇന്ത്യയുടെ ബദ്ധശത്രുവായി മാറുന്നു. ഇസ്ലാമിക്ഇന്ത്യന്‍ഹിസ്റ്ററി എന്നത്സമകാലിക ഹിന്ദുരാഷ്ട്രസങ്കല്പത്തില്‍ ആന്തരികശത്രുവായി മാറുന്നു.
സമകാലിക ഇന്ത്യന്‍ പ്രധാനമന്ത്രി മുഗള്‍ ഭരണാധിപന്മാരോട് നിഴല്‍ യുദ്ധം പ്രഖ്യാപിക്കുന്നു. ഇങ്ങനെ നേര്‍ക്കുനേര്‍ വിപരീതങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതിലൂടെ വളരെ സമര്‍ത്ഥമായി ‘നിര്‍മ്മിച്ചെടുക്കുന്ന ഒരു ബദല്‍ മാതൃക’ അടുത്ത നിമിഷം മുതല്‍ ചരിത്രപരമായ സാധുത നേടിയെടുക്കുകയും ചെയ്യുന്നു.

പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.