മൂലധനത്തിന്റെ കാതല്‍: സി.പി. ജോണ്‍
‘മാര്‍ക്‌സിന്റെ മൂലധനം ഒരു വിശദവായന’ എന്ന പുസ്തകത്തിന് സി പി ജോണ്‍ എഴുതിയ ആമുഖത്തില്‍ നിന്നും
കാള്‍ മാര്‍ക്സിന്റെ ‘മൂലധന’ത്തിന്റെ 150-ാം വാര്‍ഷികകാലത്താണ് (2017-18) ഞാന്‍ വീണ്ടും ‘മൂലധനം’ വായിക്കാന്‍ തുടങ്ങിയതും അതു ചുരുക്കി എഴുതണമെന്നു തോന്നിയതും.
2018-ലാണ് ഈ പുസ്തകത്തിന്റെ രചനയെ സംബന്ധിച്ച് ഡി സി ബുക്സുമായി ബന്ധപ്പെടുന്നത്. 2019 അവസാനം പിത്തസഞ്ചി നീക്കം ചെയ്യാനുള്ള സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് എഴുതിത്തുടങ്ങിയത്. വലിയ താമസമില്ലാതെ കോവിഡ് ലോക്ഡൗണ്‍ വന്നതോടെ ഇഷ്ടംപോലെ സമയമുണ്ടായി. 2021 മെയ് മാസം 8-ന് ഒന്നാം വാല്യം ചുരുക്കി എഴുതിത്തീര്‍ത്തു. ഒന്നരവര്‍ഷത്തെ പരിശ്രമമാണ് ഈ ഗ്രന്ഥം.
1867-ല്‍ ഒന്നാം വാല്യം പുറത്തു വന്ന ‘മൂലധന’ത്തിന് നാല് വാല്യങ്ങളുണ്ട്. നാലാം വാല്യം 1905-ല്‍ ആണ് കാള്‍ കൗട്‌സ്‌കി എഡിറ്റ് ചെയ്തിറക്കിയത്. രണ്ടും മൂന്നും വാല്യങ്ങള്‍ 1883-ല്‍ മാര്‍ക്സ് മരിച്ചശേഷം ഏംഗല്‍സാണ് (വാല്യം 2, (1885), വാല്യം 3 (1894)) പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷിലേക്കുള്ള തര്‍ജ്ജമ നടന്നത് 1885-ലും.
ഈ പുസ്തകത്തില്‍ ചുരുക്കി എഴുതിയത് ഒന്നാം വാല്യമാണ്. രണ്ടാം വാല്യത്തിന്റെ പണി നന്നായി പുരോഗമിച്ചിട്ടുണ്ട്. നാല് വാല്യങ്ങളും എഴുതിത്തീര്‍ക്കണമെന്നാണ് തീരുമാനം. ഇംഗ്ലിഷ് തര്‍ജ്ജമയും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ മലയാളം തര്‍ജ്ജമ (2010 പതിപ്പ്)യുമാണ് ഈ ഗ്രന്ഥരചനയ്ക്ക് അടിസ്ഥാനമായി ഉപയോഗിച്ചിട്ടുള്ളത്. ക്ലബ്ബ് ഹൗസ് സുഹൃത്തായ ജിജോയ് ജര്‍മ്മന്‍ ഭാഷയിലെ നാല് വാല്യങ്ങളും അയച്ചുതന്നു. വാക്കുകളുടെ അര്‍ത്ഥം നോക്കാവുന്ന വിധത്തില്‍ ഇതിനിടയില്‍ അടിസ്ഥാന ജര്‍മ്മന്‍ ഭാഷാപഠനവും ഓണ്‍ലൈനില്‍ നടത്തി. മലയാളത്തില്‍ ഇനിയും തര്‍ജ്ജമചെയ്യപ്പെടാത്ത നാലാം
വാല്യത്തിന്റെ ഇംഗ്ലിഷ് തര്‍ജ്ജമ തിരഞ്ഞുപിടിച്ചു തന്നത് എന്റെ സ്‌നേഹിതനും ലൈബ്രേറിയനു മായ എസ്. സുധീന്ദ്രലാല്‍ ആണ്.
ഒരു വായനക്കാരന് ‘മൂലധനം’ വായിക്കുമ്പോള്‍ എന്തു മനസ്സിലാക്കാം എന്ന മട്ടിലാണ് എല്ലാ അദ്ധ്യായങ്ങളും പ്രത്യേകം പ്രത്യേകം ചുരുക്കി എഴുതിയിട്ടുള്ളത്. നൂറ് പേജില്‍ അധികമുള്ള പതിനഞ്ചാം അദ്ധ്യായവും രണ്ട് പേജ് മാത്രമുള്ള ഇരുപത്തിയൊമ്പതാം അദ്ധ്യായവും
അടക്കം മുപ്പത്തിമൂന്ന് അദ്ധ്യായങ്ങളും വായിച്ചെടുക്കാം.
കടിച്ചാല്‍ പൊട്ടാത്ത സാമ്പത്തികശാസ്ത്രസംബന്ധമായ ആദ്യ ഭാഗങ്ങളും ചാള്‍സ് ഡിക്കന്‍സിന്റെ കഥപോലെ വായിക്കാവുന്ന അദ്ധ്യായങ്ങളും ‘മൂലധന’ത്തില്‍ ഉണ്ട്. ചില്‍ഡ്രന്‍സ് എംപ്ലോയ്മെന്റ് കമ്മീഷന്റെയും ഫാക്ടറി ഇന്‍സ്പെക്ടര്‍മാരുടെയും പബ്ലിക് ഹെല്‍ത്ത് കമ്മീഷന്റെയും റിപ്പോര്‍ട്ടുകള്‍ മാര്‍ക്സ് സമൃദ്ധമായി ഉദ്ധരിക്കുമ്പോള്‍ മുതലാളിത്തത്തിന്റെ പറുദീസയായി കരുതപ്പെട്ട അന്നത്തെ ഇംഗ്ലണ്ടിലെ തൊഴിലാളിജീവിതം എത്ര ദയനീയമായിരുന്നു എന്ന് മനസ്സിലാക്കാം.
മിച്ചമൂല്യം, അദ്ധ്വാനശക്തി എന്ന ചരക്കിന് അര്‍ഹമായ മൂല്യം നല്കാതെ തൊഴിലാളിയില്‍നിന്നും തട്ടിപ്പറിച്ച അധികമൂല്യമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് ‘മൂലധന’ത്തിന്റെ കാതല്‍. തന്റെ വാദങ്ങള്‍ ഏറെ വിശദമായി ഉറപ്പിക്കാന്‍ ബൈബിളും ഷേക്സ്പിയറും നിരവധി ക്ലാസിക്കുകളും മാര്‍ക്സ് പല തവണ ഉദ്ധരിക്കുന്നുണ്ട്.
Comments are closed.