മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം..
പത്രപ്രവര്‍ത്തകനും രാഷട്രീയ നേതാവുമായ ഡോ ശൂരനാട് രാജശേഖരന്‍ എഴുതിയ മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. 2017 ഡിസംബര്‍ ചില ആനുകാലികങ്ങളില്‍ എഴുതിപ്രസിദ്ധീകരിച്ച രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കേരള രാഷട്രീയവും നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും, ഈക്കാലഘട്ടങ്ങളിലുണ്ടായ രാഷട്രീയ സാമൂഹിക മാറ്റങ്ങളുമെല്ലാം കടന്നുവരുന്ന ലേഖനങ്ങളാണ് മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. ഡോ ഡി ബാബുപോള്‍ ഐഎഎസ് ആണ്‍ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
അവതാരികയില്‍ നിന്ന്;
ഡോ ശൂരനാട് രാജശേഖരന്‍ അവര്‍കളുടെ 28 ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ കാണുന്നത്. എല്ലാം ഒരു രാഷ്ട്രീയമാനം പ്രതിഫലിക്കുന്നുണ്ടെങ്കിലും അറിവിന്റെയും വിവേകത്തിന്റെയും മുത്തുമണികള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ളവയാണ് ഓരോന്നും. മാത്രവുമല്ല, നിരീക്ഷണപാടവവും സൂക്ഷ്മമായ അപഗ്രഥനവും ഓരോ ലേഖനത്തിലും വ്യക്തമാണുതാനും. വര്‍ത്തമാനകാലത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കാരാട്ട് വീയെസ്സിനെയും യച്ചൂരി പിണറായി വിജയനെയും പിന്തുണയ്ക്കും എന്നാണ് നാം വിചാരിക്കുക. ഫലത്തില്‍ മറിച്ചാണ് സ്ഥിതി. അത് എന്തുകൊണ്ടാണ് എന്ന് കൊച്ചുകുട്ടികള്‍ക്കുകൂടി മനസ്സിലാവുന്ന രീതിയില്‍ ലളിതമായി വിവരിക്കുന്നുണ്ട്, പിറവിതന്നെ ചതിവില്‍ എന്ന ലേഖനത്തില്‍.
വീയെസ് പാര്‍ലമെന്ററി വ്യാമോഹത്തിനും മുഖ്യമന്ത്രിക്കസേരയുടെ പ്രലോഭനത്തിനും വഴങ്ങിയതോടെ അദ്ദേഹത്തിന്റെ ആദര്‍ശധീരത സ്വാര്‍ത്ഥതയുടെ മറുവാക്കായി അധഃപതിച്ചു. ഊനവിംശതി വയസ്‌കനായിരിക്കേ ആദര്‍ശത്തിന്റെ പേരില്‍ അപകടങ്ങളെ അവഗണിച്ച് കമ്യൂണിസ്റ്റുകാരനായ വീയെസ്സിനെ ആരാധിക്കാത്ത കമ്യൂണിസ്റ്റുകാരോ അഭിനന്ദിക്കാത്ത അകമ്യൂണിസ്റ്റുകളോ ഉണ്ടാവാനിടയില്ല. ആ വീയെസ് 1991-ല്‍ മരിച്ചു. അവിടന്നിങ്ങോട്ട് നാം കാണുന്നത് മേട്രന്റെ പേട്രണെയും മകന്റെ അച്ഛനെയും ആണ്. വീയെസ്സിനുണ്ടായ വേദനാജനകമായ ഈ പരിവര്‍ത്തനത്തിന് കുടുംബസ്‌നേഹംകൊണ്ടല്ലാതെ ഒരു വിശദീകരണം ചമയ്ക്കുന്നത് ചെറുപ്പകാലത്തെ അഗ്നിജ്വാലയ്ക്ക് മേല്‍ പട്ടിന്റെ കര്‍ട്ടന്‍ തൂക്കുന്നതുപോലെ വിവേകശൂന്യമാവും. ആ അവസ്ഥയില്‍ വീയെസ് 2006-ല്‍ നിഷ്പ്രഭനായി രംഗത്തുനിന്ന് നിഷ്‌ക്രമിക്കേണ്ടതായിരുന്നു. അത് തടഞ്ഞത് ‘മലയാള മനോരമ’ ആണ്. ഷാജഹാന്റെ പതിനെട്ടുപേരുടെ ജാഥയെ മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രപോലെ വരച്ചെടുത്തപ്പോള്‍ മനോരമ വീയെസ്സിന് ഒരു ജയപ്രകാശ് ഭാവം നല്‍കി. അത് അബദ്ധമായി എന്ന് ആ പത്രം തിരിച്ചറിഞ്ഞത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കെണിയില്‍ മനോരമ വീണപ്പോഴാണ്! മനോരമയെന്നല്ല സുബോധമുള്ള ആരും പ്രതീക്ഷിക്കാത്തതാണല്ലോ ഷാജഹാന്റെ ജാഥ കണ്ട് പോളിറ്റ് ബ്യൂറോ തീരുമാനം തിരുത്തുന്നത്.
മാത്രവുമല്ല, പിണറായിയെപ്പോലെ പ്രഗല്ഭനും ശക്തനും ആയ ഒരാളെ നിയന്ത്രിക്കേണ്ടതും എതിര്‍ക്കേണ്ടതും ആവശ്യമായിരുന്നു സിപിഎമ്മിന് പുറത്തുള്ള എല്ലാവര്‍ക്കും. അതുകൊണ്ട് വീയെസ്സിന്റെ ആദര്‍ശപരത ഒരു വലിയ മൂടുപടമാക്കി ഉയര്‍ത്തി, സിപിഐ മുതല്‍ കോണ്‍ഗ്രസ് വരെ എല്ലാവരും. വീയെസ്സിന്റെ ജനസ്വീകാര്യതയെക്കുറിച്ച് പറയുന്നവര്‍ വീയെസ്സിന് വോട്ട് ചെയ്യുന്നവരല്ല. റഷ്യയില്‍ സ്റ്റാലിനെയും ചൈനയില്‍ മാവോ ഷെഡോങ്ങിനെയും കളിമണ്‍കാലുകളില്‍ വിശ്രമിക്കുന്ന സുവര്‍ണപ്രതിമകളായി വരച്ചുകാട്ടാന്‍ പില്‍ക്കാല നേതൃത്വത്തിനു കഴിഞ്ഞു. കേരളത്തില്‍ വീയെസ്സിനെ അങ്ങനെ വരച്ചെടുക്കാന്‍ പിണറായിക്ക് കഴിയാത്തത് മനോരമയും സിപിഐയും കോണ്‍ഗ്രസും ഒക്കെ വീയെസ്സിനെ കുരിശിലേറ്റപ്പെട്ട മനുഷ്യപുത്രനായി അവതരിപ്പിക്കുന്നതിനാലാണ്. ഡോ. രാജശേഖരന്റെ സമീപനവും മറ്റൊന്നല്ല. അത് ഈ പുസ്തകത്തിന്റെ രാഷ്ട്രീയമാനത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു പരിപ്രേഷ്യമത്രേ.
കേരള കോണ്‍ഗ്രസിനെക്കുറിച്ച് ‘ധ്യാനം കഴിഞ്ഞു ഇനി വാനപ്രസ്ഥം’ എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുമ്പോഴും ഡോ. ശൂരനാട് രാജശേഖരന്റെ അപഗ്രഥനപാടവും വ്യക്തമാണ്. കോണ്‍ഗ്രസ്സുകാര്‍ പൊക്കിക്കൊണ്ട് നടക്കുന്നതിനാല്‍ മാത്രം നിലനിന്നുപോകുന്ന ഒരു പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ്. അധികാരം അന്യമായപ്പോള്‍ എസ്.എന്‍. ട്രസ്റ്റിലേക്കു മടങ്ങിയ ശങ്കറിന്റെ ബുദ്ധി കോണ്‍ഗ്രസ്സിനുണ്ടായില്ല. അല്ലെങ്കില്‍ മന്നം ഉപേക്ഷിച്ച കക്ഷിയെ കോണ്‍ഗ്രസ് തുണയ്ക്കുമായിരുന്നില്ല. കെ.എം. മാണി പ്രഗല്ഭനാണ്. ആന്റണിയെക്കാള്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്താനും സ്വന്തം നില ഭദ്രമാക്കിക്കൊണ്ട് കക്ഷിയുടെ പ്രതിച്ഛായയുടെ മറവില്‍ ഞെളിഞ്ഞുനില്‍ക്കാനും അതൊക്കെ അനുയായികള്‍ ശ്രദ്ധിക്കാതെ സൂക്ഷിക്കാനും ഒക്കെ മാണിക്കു കഴിയും എന്നതിന് കഴിഞ്ഞ നാല്പത് സംവത്സരങ്ങളിലെ ചാഞ്ചാട്ടങ്ങള്‍ തെളിവാണ്. എന്ന് യുഡിഎഫ് മാണിയെ ശത്രുവായി പ്രഖ്യാപിക്കുന്നുവോ അന്നു മാത്രമേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളൂ എന്നൊന്നും ഞാന്‍ പറയുന്നില്ല.
എന്നാല്‍, മാണിയുടെ കാലശേഷം കേരള കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥശക്തി തെളിയും. കേരളത്തിലെ ക്രിസ്ത്യാനികളുടെ മൂന്നിലൊന്നുപോലും ഒപ്പം ഇല്ലാത്ത അവസ്ഥയിലും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ്സിനെ അവതരിപ്പിക്കാന്‍ മാണിക്കല്ലേ കഴിയൂ! മലങ്കര സുറിയാനി കത്തോലിക്കരിലെ ഒരു സൂക്ഷ്മന്യൂനപക്ഷത്തെ മാത്രം പ്രതിനിധീകരിക്കുന്ന (അവരുടെ ഏഴ് ആര്‍ച്ചുബിഷപ്പുമാരില്‍ അഞ്ചു പേരും കോണ്‍ഗ്രസനുഭാവികളാണ്) കേരള കോണ്‍ഗ്രസ്സിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ്സിന് ധൈര്യം ഉണ്ടാവണം. ഗ്രന്ഥകാരന്‍ പറയാതെ പറയുന്നത് ഇതാണ്. ഡോ. രാജശേഖരന്റെ ഈ നിലപാടിനോട് ക്രാന്തദര്‍ശികള്‍ യോജിക്കാതിരിക്കില്ല. ഈ പുസ്തകം കമ്പോടുകമ്പ് വായിച്ചു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും സ്ഥാലീപുലാകന്യായേന പരിശോധിച്ചതില്‍നിന്ന് എനിക്കു കിട്ടുന്ന ധാരണ ഡോ. രാജശേഖരന്‍ കോണ്‍ഗ്രസ്സുകാരന്റെ കുപ്പായത്തില്‍ ഒതുങ്ങിനിന്നുകൊണ്ട് സാധ്യമാവുന്നത്ര വസ്തുനിഷ്ഠമായാണ് ഓരോ വിഷയത്തെയും സമീപിച്ചിട്ടുള്ളത് എന്നുതന്നെയാണ്.
രാജശേഖരന്റെ പ്രസാദാത്മകമായ ശൈലിയാണ് ഈ കൃതിയുടെ അലങ്കാരം. മലയാളം എത്ര ഹൃദ്യമായ ഒരു ഭാഷയാണ് എന്ന കാര്യത്തില്‍ വല്ല സംശയവും ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ ഈ പുസ്തകം വായിക്കട്ടെ. രാഷ്ട്രീയവും സമകാലസമൂഹവും ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ഇത്ര സുന്ദരമായ ഒരു വായനാനുഭവം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. സന്തോഷത്തോടെ ഈ കൃതി സഹൃദയസമക്ഷം അവതരിപ്പിക്കുന്നു. ഇത് രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രമീമാംസാപഠിതാക്കള്‍ക്കും പുസ്തകപ്രേമികള്‍ക്കും ഒരുപോലെ ആസ്വാദ്യമാവും എന്നതില്‍ സംശയം വേണ്ട.
Comments are closed.