DCBOOKS
Malayalam News Literature Website

കൂട്ടം കൂടിയ മാനുഷ്യകം

MARTIN LUTHER KING JR

അമേരിക്കന്‍ ഐക്യനാടുകളിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ’ ഇപ്പോള്‍ വിപണിയില്‍. പുസ്തകം ഇ-ബുക്കായും വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഇന്നത്തെ പരിഷ്‌കൃതലോകത്തിന്റെ ഭൂതകാലം എത്രമാത്രം ഇരുണ്ടതും മൃഗീയവുമായിരുന്നു എന്നതിന്റെ തെളിവാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകളും ജീവിതവും. ഗാന്ധിയൻ മൂല്യങ്ങളിൽ അടിയുറച്ച് ,ഭരണകൂടത്തിന്റെ പക്കൽനിന്നും കറുത്തവരുടെ അവകാശങ്ങൾ നേടിയെടുത്ത കിങ്ങിന്റെ ആത്മകഥ ഏവർക്കും പ്രചോദനമേകും.  ആർ.എസ്. കുറുപ്പാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഒരിക്കല്‍ ഇന്ത്യയിലെത്തിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ആ അനുഭവങ്ങളും തന്റെ ആത്മകഥയില്‍ പങ്കുവെച്ചിട്ടുണ്ട്. പുസ്തകത്തില്‍ നിന്നുമുള്ള ആ ഭാഗം ഇതാ;

കൂട്ടം കൂടിയ മാനുഷ്യകം

ഇന്ത്യ വലിയ പ്രശ്‌നങ്ങളുള്ള ഒരു വലിയ രാജ്യമാണ്. വടക്കുനിന്നും തെക്കോട്ടും കിഴക്കുനിന്ന് പിടഞ്ഞാട്ടും ദീര്‍ഘദൂരങ്ങള്‍ ഞങ്ങള്‍ വിമാന ത്തില്‍ സഞ്ചരിച്ചു. ചെറിയ യാത്രകള്‍ക്ക് തീവണ്ടിയും എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലേക്ക് കാറുകളും ജീപ്പുകളും ഉപയോഗിച്ചു.

പോയിടത്തെല്ലാം ഞങ്ങള്‍ വലിയ ജനക്കൂട്ടത്തെ കണ്ടു–റോഡുകളിലും, നഗരത്തെരുവുകളിലും ചത്വരങ്ങളിലും, ഗ്രാമങ്ങളില്‍പോലും. ജനങ്ങളില്‍ മിക്കവരും ദരിദ്രരും അല്പ വസ്ത്രധാരികളും ആയിരുന്നു. ഉദാഹരണത്തിന്, ബോംബെ നഗരത്തില്‍ അഞ്ചുലക്ഷത്തിലധികം ആളുകള്‍, മിക്കവാറും കുടുംബമില്ലാത്ത, തൊഴിലില്ലാത്തവരോ ഭാഗികമായി മാത്രം തൊഴിലുള്ളവരോ ആയ പുരുഷന്മാര്‍ വെളിമ്പ്രദേശങ്ങളിലാണ് രാവുറങ്ങിയിരുന്നത്. ഇന്ത്യയുടെ ദാരിദ്ര്യത്തില്‍നിന്ന് വലിയ ചീത്തക്കാര്യങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അത്ഭുതകരമെന്നു പറയട്ടെ ആപേക്ഷികമായി കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു. ഇന്ത്യന്‍ ജനതയുടെ അത്ഭുതകരമായ ആത്മീയ സ്വഭാവത്തിന്റെ മൂര്‍ത്തമായ പ്രകടിത രൂപമായിരുന്നു ഇത്. അവര്‍ ദരിദ്രരായിരുന്നു, തിങ്ങിപ്പാര്‍ക്കുന്നവരായിരുന്നു, അര്‍ദ്ധപട്ടിണിക്കാരായിരുന്നു. പക്ഷേ, അവരൊരിക്കലും പരസ്പരം കണക്കുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നില്ല.

Textദരിദ്രരുമായി വിപരീത താരതമ്യമായി ഇന്ത്യയില്‍ സമ്പന്നരുണ്ടായിരുന്നു. അവര്‍ക്ക് ആഡംബര വസതികളുണ്ടായിരുന്നു, ഭൂസ്വത്തുണ്ടായിരുന്നു, നല്ല വസ്ത്രങ്ങളുടുക്കാറുണ്ടായിരുന്നു, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.

ബൂര്‍ഷ്വാസി–വെളുത്തതായാലും കറുത്തതായാലും തവിട്ടുനിറത്തി ലുള്ളതായാലും ലോകത്തെവിടെയും ഒരേപോലെയാണ് പെരുമാറുന്നത്. ഇന്ത്യയിലെ നേതാക്കന്മാര്‍, ഗവണ്‍മെന്റിലും പുറത്തുമുള്ളവര്‍ അവരുടെ രാജ്യത്തിന്റെ ഗുരുതരപ്രശ്‌നങ്ങളെക്കുറിച്ച് ബോധമുള്ളവരാ യിരുന്നു. അവയുമായി വീരോചിതമായി മല്‍പിടുത്തം നടത്തുന്നുണ്ടായിരുന്നു. രാജ്യത്ത് ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നതായി തോന്നുന്നു. ഇന്ത്യ ആവുന്നത്ര വേഗത്തില്‍ പാശ്ചാത്യവത്കൃതവും ആധുനികവത്കൃതവും ആയിത്തീരണമെന്നും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നും അഭിപ്രായമുള്ളവരായിരുന്നു ചിലര്‍. മറുഭാഗത്തും ആളുകളുണ്ടായിരുന്നു, ഒരുപക്ഷേ, ഭൂരിപക്ഷം. അവരുടെ അഭിപ്രായത്തില്‍ പാശ്ചാത്യവല്‍ക്കരണം അതോടൊപ്പം ഭൗതികവാദം, കഴുത്തറപ്പന്‍ മത്സരം, അസന്തുലിതമായ വ്യക്തിവാദം ഇങ്ങനെ ദോഷങ്ങളെയും കൊണ്ടുവരുമെന്നായിരുന്നു. യാങ്കി ഡോളറുകളുടെ പിന്നാലെ പാഞ്ഞാല്‍ ഇന്ത്യയ്ക്ക് സ്വന്തം ആത്മാവ് നഷ്ടപ്പെടുകയായിരിക്കും ഫലമെന്നും കൂറ്റന്‍ യന്ത്രങ്ങള്‍, തൊഴില്‍ ലഭിക്കുന്ന താരതമ്യേന ചെറിയ സംഖ്യ തൊഴിലാളികളുടെ മാത്രം ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉതകുമെങ്കിലും വളരെക്കൂടുതല്‍ ആളുകള്‍ സ്വന്തം പ്രദേശങ്ങളില്‍നിന്ന് തുരത്തപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഒരു ധൈഷണികനും അതേസമയം ഗവണ്‍മെന്റിന്റെ തലവനായിരിക്കുക എന്ന പ്രായോഗിക ചുമതല ഏല്പിക്കപ്പെട്ടവനുമായ പ്രധാനമന്ത്രി നെഹ്‌റു ഈ രണ്ടു കടുത്ത നിലപാടുകള്‍ക്കിടയില്‍ ഒരു മദ്ധ്യമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതായാണ് തോന്നിയത്. വ്യവസായവല്‍ക്കരണം ഒരു പരിധിവരെ പരമമായ ഒരാവശ്യമാണെന്ന് താന്‍ കരുതുന്നതായി ഞങ്ങളുമായുള്ള സംസാരത്തിനിടയില്‍ നെഹ്‌റു സൂചിപ്പിച്ചു, കാരണം വന്‍വ്യവസായങ്ങള്‍ക്കു മാത്രം രാജ്യത്തിനുവേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവയുടെ വികാസത്തില്‍ ഭരണകൂടം ശ്രദ്ധാപൂര്‍വ്വം ഒരു കണ്ണുവയ്ക്കുമെങ്കില്‍ അവയിലൂടെ ഉണ്ടാകാവുന്ന ദൂഷ്യങ്ങള്‍ മിക്കതും ഒഴിവാക്കാന്‍ കഴിയും. അതേസമയംതന്നെ, വീടുകളിലും ഗ്രാമങ്ങളിലുംവെച്ചു ചെയ്യുന്ന നൂല്‍നൂല്പ്, നെയ്ത്ത് തുടങ്ങിയ കൈത്തൊഴിലുകളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും മറ്റും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്ക് നെഹ്‌റു പിന്തുണ നല്‍കി; അങ്ങനെ പ്രാദേശിക സമൂഹങ്ങള്‍ക്ക് സാദ്ധ്യമാവുന്നിടത്തോളം സ്വയംഭരണ
വും സാമ്പത്തിക സ്വയംപര്യാപ്തയും നല്‍കി.

ആ രാത്രി ഞങ്ങള്‍ പ്രധാനമന്ത്രി നെഹ്‌റുവുമൊത്ത് അത്താഴം കഴിച്ചു. ഞങ്ങളോടൊപ്പം അതിഥിയായി, ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്ത് വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റന്‍പ്രഭുവിന്റെ ഭാര്യ ലേഡി മൗണ്ട്ബാറ്റനുമുണ്ടായിരുന്നു. ഗാന്ധി സ്‌നേഹത്തിന്റെയും അഹിംസയുടെയും പാത പിന്തുടര്‍ന്നിരുന്നതുകൊണ്ട് മാത്രമാണ് അവര്‍ ആജീവനാന്ത സുഹൃത്തുക്കളായത്. അഹിംസയുടെ അനന്തരഫലം ഒരു സ്‌നേഹസമ്പന്നമായ സമൂഹത്തിന്റെ സൃഷ്ടിയാണ്. അതു നിമിത്തം സമരം അവസാനിക്കുമ്പോള്‍ പഴയ മര്‍ദ്ദകരും മര്‍ദ്ദിതരും തമ്മില്‍ പുതിയ ഒരു ബന്ധം നിലവില്‍ വരുന്നു.

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.