DCBOOKS
Malayalam News Literature Website

മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സ്മാരകമില്ലാത്തത് എന്തുകൊണ്ട്? ഡോ. എം.ജി. ശശിഭൂഷണ്‍

ധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു തിരുവനന്തപുരത്തോ തിരുവിതാംകൂറിലോ ഒരു സ്മാരകം ഉണ്ടാകാത്തത് എന്താണെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയെ സംസ്‌കരിച്ച പെരുന്താന്നിയിലെ ചിതാഭൂമി (പള്ളിയടക്കം) അദ്ദേഹത്തിന്റെ പിന്മുറക്കാരായ കവടിയാര്‍ രാജകുടുംബം ഒരു ഫ്‌ളാറ്റ് നിര്‍മ്മാതാവിനു വില്‍ക്കുകയായിരുന്നു. അവസാനത്തെ നാടുവാഴിയായ ചിത്തിരതിരുനാളിന് തിരുവനന്തപുരത്ത് ആറോ ഏഴോ പ്രതിമകള്‍ സ്ഥാപിക്കാന്‍ താത്പര്യമെടുത്തവര്‍ മാര്‍ത്താണ്ഡവര്‍മ്മയെ അനുസ്മരിക്കുവാന്‍ മറന്നുപോയി. പത്മനാഭസ്വാമിക്ഷേത്രവും പത്മനാഭപുരം കൊട്ടാരവും ഒരര്‍ത്ഥത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സ്മാരകങ്ങള്‍തന്നെ. സി.വിയുടെ വിഖ്യാത നോവലിനെയും ഇക്കൂട്ടത്തില്‍ ഗണിക്കാം. പത്മനാഭപുരം കൊട്ടാരം അനന്തപത്മനാഭന്‍ പടത്തലവന്‍ നിര്‍മ്മിച്ചതാണെന്നും അതുകൊണ്ട് കൊട്ടാരത്തിനുമുന്‍പില്‍ അനന്തപത്മനാഭന്റെ പ്രതിമയാണ് വേണ്ടതെന്നും Textവാദിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ കക്ഷി ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കന്യാകുമാരിയുടെ പല ഭാഗങ്ങളിലും ഒരു പ്രക്ഷോഭം നടത്തുകയുണ്ടായി.

ഇരണിയലിനടുത്തുള്ള അമ്മാന്തിവിളയിലെ ചില കുടുംബങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആത്മാവിനു മോക്ഷപ്രാപ്തിയുണ്ടാകാതിരിക്കാന്‍ ശത്രുസംഹാരപൂജകള്‍ ഇക്കാലത്തും നടത്തുന്നതായറിയാം. കുഞ്ചുത്തമ്പിമാരെ ചതിച്ചുകൊന്ന ദുഷ്ടനായ തിരുവിതാംകൂര്‍ രാജാവിനോടു പക വീട്ടാനാണത്രേ അവര്‍ ഇങ്ങനെ ചെയ്യുന്നത്. ഉല്‍ക്കൃഷ്ടജാതി നഷ്ടപ്പെട്ട് തലമുറകളായി മുക്കുവരായി ജീവിക്കേണ്ടിവരുന്ന തിരുവനന്തപുരത്തെ കടല്‍ ത്തീരത്തുള്ളവരുടെ കൊള്ളിവാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്. തന്റെ രാജവാഴ്ചയ്ക്കു തടസ്സം നിന്നവരോടു മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളോടും (ഭാര്യമാരോടും സന്താനങ്ങളോടും) പ്രതികാരം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് നമ്മള്‍ കണ്ടിരുന്നത്. കൊച്ചിയിലെ വെള്ളാരപ്പള്ളികോവിലകത്തുനിന്നു ദത്തുവഴി കായംകുളത്ത് എത്താനിടയായ കായംകുളത്തെ വീരരവിവര്‍മ്മയ്ക്കും അദ്ദേഹത്തിന്റെ പിന്‍ഗാമിക്കും മാര്‍ത്താണ്ഡവര്‍മ്മയോട് തീരാപ്പക ഉണ്ടാകാന്‍ കാരണം എന്തായിരുന്നു? പ്രതികാരദാഹിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു. മരുതൂര്‍കുളങ്ങര യെയും ദേശിങ്ങനാടിനെയും പേരകത്തെയും അണിനിരത്തി, തൃപ്പാപ്പൂരിനെ ഒരു പത്മവ്യൂഹത്തിലകപ്പെടുത്താമെന്നായിരുന്നു വെള്ളാരപ്പള്ളി സ്വരൂപത്തില്‍നിന്നു ദത്തുവഴി കായംകുളത്തെത്തിയ തമ്പുരാക്കന്മാരുടെ കണക്കുകൂട്ടല്‍. കോലത്തുനാട്ടിലെ തമ്പുരാട്ടിയുടെ മകനെക്കാള്‍ ജാതിശ്രേഷ്ഠത തങ്ങള്‍ക്കാണെന്നും അവര്‍ കരുതിയിരുന്നു.

യുദ്ധതന്ത്രങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ചതും യൂറോപ്യന്‍ സൈനികതന്ത്രജ്ഞരെ പടനയിക്കാന്‍ നിയോഗിച്ചതും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായി. യുദ്ധവിജയത്തിനുവേണ്ടി ചതി ആകാമെന്ന് ഉപദേശിക്കാന്‍ രാമയ്യനും കൂടെ ഉണ്ടായിരുന്നു. ഡച്ചുകാരുടെ സാമ്രാജ്യമോഹങ്ങളെ ഇന്ത്യന്‍ മണ്ണില്‍ നിഷ്ഫലമാക്കിയ മാര്‍ത്താണ്ഡവര്‍മ്മ കേരളചരിത്രത്തിനു ബഹുമാനാര്‍ഹനല്ലെന്നോ? ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സൈന്യത്തില്‍ നിന്നു കൂറുമാറി, തിരുവിതാംകൂര്‍ പക്ഷത്തേക്കു ചേര്‍ന്ന യൂസ്റ്റേഷ്യസ് ഡിലെനോയിയെ, കാലഗതിക്കനിവാര്യമായ ഒരു നവീന സൈന്യത്തെ പരിശീലിപ്പിക്കാന്‍ നിയോഗിച്ച ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമല്ലെന്നോ? കായംകുളത്തെ തുടര്‍ന്ന് കരപ്പുറത്തെയും ചെമ്പകശ്ശേരിയെയും തെക്കുംകൂറിനെയും വടക്കുംകൂറിനെയും പരാജയപ്പെടുത്തിയപ്പോഴും കൊച്ചിയെ വെറുതെവിട്ട മാര്‍ത്താണ്ഡവര്‍മ്മയുടെ രാജ്യതന്ത്രജ്ഞതയെയും തിരിച്ചറിയേണ്ടതല്ലേ? സ്വന്തമായി ഉണ്ടായിരുന്നതും പുതുതായി നേടിയതുമായ ദേശങ്ങള്‍ ഇഷ്ടദേവനായ ശ്രീപത്മനാഭനു തൃപ്പടിദാനം നടത്തിയ ആ ദൂരക്കാഴ്ചക്കാരനെ ചരിത്രം എങ്ങനെയാണ് വിലയിരുത്തുക? നൂറ്റാണ്ടുകളായി അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടന്നിരുന്ന ഒരു ദേശത്ത്, ഏകശാസനക്രമം നിര്‍ദ്ദയം നടപ്പിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ എന്നഫ്യൂഡല്‍ സംവിധാനത്തിന്റെ അന്തകനെ; ചരിത്രത്തിലെ ഏതൊക്കെ കഥാപാത്രങ്ങളോടാണ് താരതമ്യം ചെയ്യേണ്ടത്? അരയ്ക്കുതാഴെ തളര്‍വാതം ബാധിച്ചപ്പോഴും പരിഹാരക്രിയ കള്‍ ചെയ്ത് ബ്രാഹ്മണരെ പ്രീതിപ്പെടുത്താനല്ലാതെ പശ്ചാത്തപിക്കാന്‍ കൂട്ടാക്കാത്ത ആ പ്രതികാരദാഹിയെ എങ്ങനെ വിലയിരുത്തണം? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള എന്റെ ഉത്തരങ്ങളാണ് ഈ പുസ്തകം. മതിലകം രേഖകളും ഡച്ചുരേഖകളും തിരുവിതാംകൂര്‍ ചരിത്രങ്ങളും ഈ പുസ്തകരചനയില്‍ എനിക്കു സഹായകമായി. മതിലകം രേഖയിലെ പദപ്രയോഗങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താന്‍ പ്രശസ്ത ചരിത്രകാരനായ കെ. ശിവശങ്കരന്‍ നായരുടെ സഹായം പലപ്പോഴും ലഭിക്കുകയുണ്ടായി.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.