ബ്രസീലിലേക്ക് ഓട്ടോറിക്ഷയില്‍, പെറുവിലേക്കു വള്ളത്തില്‍
പൂര്‍ണ്ണമായും ആമസോണ്‍ കാടുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കൊളംബിയന്‍ ഗ്രാമമാണ് ലെറ്റീഷ്യ. കൊളംബിയ, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളുടെ സംഗമഭൂമിയാണിത്. ലെറ്റീഷ്യയോട് ചേര്‍ന്ന് തബാതിംഗ എന്ന ബ്രസീലിയന്‍ ഗ്രാമവും സാന്താ റോസ എന്ന പെറൂവിയന്‍ ദ്വീപും. വിമാനമാര്‍ഗമോ ബോട്ടുമാര്‍ഗമോ അല്ലാതെ ഈ ഗ്രാമങ്ങളിലേക്കു കരമാര്‍ഗം എത്തിപ്പെടാന്‍ വഴികളില്ല. ബോഗോട്ടയില്‍നിന്ന് പകല്‍നേരത്തെ വിമാനമായിരുന്നതുകൊണ്ട് ആമസോണ്‍ കാടുകളുടെ വന്യതയത്രയും കണ്ടാസ്വദിക്കാന്‍ കഴിഞ്ഞ ഒരു യാത്രയായി അതുമാറി. ഏതാണ്ട് ഒരുമണിക്കൂര്‍ നീളം മുഴുവന്‍ താഴെ കാഴ്ചയില്‍ വഴികളില്ല, വീടുകളില്ല, മനുഷ്യരില്ല. ഇടതൂര്‍ന്ന പച്ചക്കാടുകളും നിറഞ്ഞൊഴുകുന്ന പുഴകളും മാത്രം. ആമസോണ്‍ കാടുകള്‍ ഒരു രാജ്യമാണെങ്കില്‍ അതിന്റെ വലിപ്പത്തിന് ലോകത്തില്‍ ഒന്‍പതാം സ്ഥാനം ലഭിക്കും എന്നുപറയുമ്പോള്‍ ആ വനപ്പരപ്പ് നമുക്ക് ഏതാണ്ട് ഊഹിക്കാന്‍ കഴിഞ്ഞേക്കും.
നമ്മുടെ നാട്ടിലെ ഒരു ബസ്സ്റ്റാന്റിന്റെയത്രപോലുമില്ലാത്ത, ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ചെറിയ, എയര്‍പോര്‍ട്ടാണ് ലെറ്റീഷ്യയിലേത്. പണ്ടത്തെ കൊച്ചി എയര്‍പോര്‍ട്ട് ഇതുപോലെ ആയിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മൂന്നാമന്‍ റഷീദ് അറയ്ക്കല്‍ ഓര്‍മ്മിച്ചു. എയര്‍പോര്‍ട്ട് ചെറുതാണെങ്കിലും ആവിയന്‍ക, ലാന്‍, വിവ കൊളംബിയ എന്നീ മൂന്നു കമ്പനികളുടെ വിമാനങ്ങളും സഞ്ചാരികളെയുംകൊണ്ട് ദിവസവും ലെറ്റീഷ്യയിലേക്കു പറന്നിറങ്ങുന്നു. ആമസോണ്‍കാടുകള്‍ക്കു നടുവില്‍ ആയതുകൊണ്ട് ഒരു വനകുളിര്‍മ ഒക്കെ ആഗ്രഹിക്കുമെങ്കിലും ബൊഗോട്ടയിലെ തണുപ്പില്‍നിന്നും ചെന്നിറങ്ങിയത് കേരളത്തിന്റെ മീനച്ചൂടിലേക്ക്. ദേഹം പുഴുങ്ങിയെടുക്കുന്ന ആവിയും. കണ്ടാലും കേരളത്തിന്റെ ഒരു പ്രതീതിയുണ്ട്. നിറയെ മാവുകളും തെങ്ങുകളും. മാര്‍കേസും അദ്ദേഹത്തിനെക്കാള്‍ എനിക്കു പ്രിയങ്കരനായ എഴുത്തുകാരന്‍ കസാന്‍ദ് സാക്കിസുംകൂടി ഒരാഴ്ചക്കാലം ലെറ്റീഷ്യയിലെ ഹോട്ടല്‍ അനക്കോണ്ടയില്‍ വിരുന്നു പാര്‍ത്തിട്ടുണ്ട് എന്നതു മാത്രമാണ് ഒരു സാഹിത്യപ്രേമിക്കുള്ള ലെറ്റീഷ്യന്‍ ഗൃഹാതുരത്വം. അതല്ലാതെ ലെറ്റീഷ്യയെക്കുറിച്ച് മാര്‍കേസ് എന്തെങ്കിലും എഴുതിയതായി അറിവില്ല.
ഗ്രാമപരിധി വിട്ട് ആരും എങ്ങോട്ടും പോവുകയില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് രാജ്യങ്ങള്‍ തമ്മില്‍ എമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ ഇല്ല. ലെറ്റീഷ്യയിലെ പ്രധാന വാഹനം ഓട്ടോറിക്ഷയാണ്. അതും നമ്മുടെ സ്വന്തം ബജാജ് ഓട്ടോ. ടുക്-ടുക് എന്നാണതിനെ അവര്‍ വിളിക്കുന്നത്. ഒരു സെക്കന്റ് ഹാന്റ് ഓട്ടോയ്ക്ക് ഇന്ത്യന്‍ രൂപ മൂന്നു ലക്ഷം വരുമെന്ന് ഒരാള്‍ പറഞ്ഞു.
അങ്ങനെ, കുളനടയില്‍നിന്നും പന്തളത്തേക്കു പോകുന്നത്ര ലാഘവത്തോടെ ഓട്ടോയിലാണ് ഞങ്ങള്‍ ബ്രസീലിലേക്കു കടന്നത്. വെറും പത്തുമിനിറ്റ് യാത്ര. തബാതിംഗയും ഒരു ചെറിയ ഗ്രാമംതന്നെ. അവിടെയും ഒരു വിമാനത്താവളം ഉണ്ട്. ഒരു പട്ടാള ക്യാമ്പും. പിന്നെ സ്വഭാവികമായും ഉച്ചത്തില്‍ സംഗീതം പൊഴിക്കുന്ന നിരവധി ബാറുകളും.
യന്ത്രം ഘടിപ്പിച്ച ബോട്ടിലാണ് ആമസോണ്‍ നദിക്ക് അക്കരെയുള്ള സാന്താ മാര്‍ത്തയിലേക്കു പോയത്. വെറും ആയിരത്തിഎണ്ണൂറ് ആളുകള്‍മാത്രം അധിവസിക്കുന്ന ഒരു കുഞ്ഞുദ്വീപ്. ഒരു ബൈക്ക് റിക്ഷാക്കാരനോട് ഞങ്ങളെ ഗ്രാമം മുഴുവന്‍ കൊണ്ടുനടന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ഇവിടെ കാണാനൊന്നുമില്ല എന്നായിരുന്നു അയാളുടെ നിലപാട്. എങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ വണ്ടി എടുത്തു. ദ്വീപിന്റെ ചെളിക്കെട്ടിനെ മറികടക്കാന്‍ പലക പാകിയ വഴികള്‍. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കാലുകളില്‍ പൊങ്ങിനില്ക്കുന്ന വീടുകള്‍. പത്തു മിനിറ്റുകൊണ്ട് ദ്വീപിന്റെ മറുവശത്ത് എത്തി. അവിടെ ഒരു ചെറിയ കപ്പലില്‍നിന്ന് ദ്വീപിലേക്കു വേണ്ട സാധനങ്ങള്‍ ഇറക്കുന്നു. ആഹാരസാധനങ്ങള്‍ മുതല്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍വരെയുണ്ട് അക്കൂട്ടത്തില്‍. എപ്പോള്‍ വേണമെങ്കിലും ഇളകിത്തെറിച്ചു പോകാവുന്ന പലകറോഡിലൂടെ പിന്നെയും ഒരു പത്തു മിനിറ്റുകൂടി സഞ്ചരിച്ച് ദ്വീപിലെ ഒരു ചെറിയ കളിക്കളത്തിനു സമീപം എത്തിയപ്പോള്‍ യാത്ര അവസാനിച്ചതായി ബൈക്കുകാരന്‍ പ്രഖ്യാപിച്ചു. മാര്‍കോസ് എന്നാണ് ആ യുവാവിന്റെ പേരെന്ന് ഞങ്ങള്‍ അതിനിടെ മനസ്സിലാക്കിയിരുന്നു. മാര്‍കേസിനെ കാണാനിറങ്ങിയ ഞങ്ങള്‍ ആ പേര് കേട്ടിട്ടുപോലുമില്ലാത്ത മാര്‍കോസിനെ കണ്ടുമുട്ടി എന്നു പറഞ്ഞപ്പോള്‍ അവന് സന്തോഷമായി. എങ്കില്‍ ഈ ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്ന ആളിനെ കാണാന്‍ എന്താ ഒരു വഴിയെന്ന് ഞങ്ങളാരാഞ്ഞു. അങ്ങനെ ഒരാളുടെ സാന്നിദ്ധ്യത്തെപ്പറ്റി അപ്പോഴാണെന്നു തോന്നുന്നു അവന്‍ ഓര്‍ക്കുന്നതുതന്നെ. ആ ദൗത്യം മാര്‍കോസ് ഏറ്റെടുത്തു. അടുത്തുള്ള വീടുകളില്‍ എല്ലാം കയറിയിറങ്ങി അങ്ങനെ ഒരാളെ കണ്ടുപിടിച്ചു കൊണ്ടുവന്നു. ഈ ക്രിസ്മസിനു തൊണ്ണൂറ് വയസ്സ് പിന്നിടും എന്ന് സ്വയം അവകാശപ്പെടുന്ന ഹോസെ കുരിച്ചിമാ യുമ്പാത്തോസ്. ദ്വീപിന്റെ അവകാശത്തെച്ചൊല്ലി പെറുവും കൊളംബിയയും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്ന കാലത്ത് അഞ്ചാം വയസ്സില്‍ ബ്രസീലിലെ മാത്തൂറയില്‍നിന്ന് ദ്വീപില്‍ എത്തിയ ഹോസെ പിന്നെ ഒരിക്കലും അവിടം വിട്ട് എവിടെയും പോയിട്ടില്ല. കപ്പ, വാഴ, ചോളം എന്നിവ കൃഷി ചെയ്തും ആമസോണ്‍ നദിയില്‍നിന്ന് മീന്‍ പിടിച്ചും ജീവിച്ചുപോരുന്നു. ഈ ദ്വീപിനപ്പുറമുള്ള ലോകം കാണാന്‍ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു ഹോസെയുടെ ഉത്തരം.
സാന്താ മാര്‍ത്തായില്‍ ഒരു വിദ്യാലയം ഉണ്ട്. രസകരമായ കാര്യം പകല്‍വിദ്യാലയം രാത്രി ഒരു ബാറായി പരിണമിക്കും എന്നതാണ്. ബാറിന്റെ നഗ്നസുഖമുള്ള ബോര്‍ഡ് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. വല്ലാത്ത സ്ഥലപരിമിതിയുള്ള ഒരു ദ്വീപില്‍ പകല്‍ പഠിപ്പുകഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ ബാറാക്കി മാറ്റിക്കളയാമെന്ന് ഒരു ജനത തീരുമാനമെടുത്തെങ്കില്‍ ആര്‍ക്ക് കുറ്റം പറയാന്‍ സാധിക്കും. ഒരുതരം മക്കൊണ്ടോ യാഥാര്‍ത്ഥ്യങ്ങള്‍…!
(ബെന്യാമിന്റെ മാര്‍കേസ് ഇല്ലാത്ത മക്കൊണ്ടോ എന്ന പുതിയ കൃതിയില്‍നിന്നും)
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോറില്‍നിന്നും പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.