ആചാര്യനുമേൽ അധീശത്വം നേടുന്ന ചണ്ഡാളൻ
മധുശങ്കര്‍ മീനാക്ഷിയുടെ ‘മരിപ്പാഴി’ എന്ന നോവലിന് പത്മനാഭന്‍ ഐ.പി. എഴുതിയ വായനാനുഭവം
അനശ്വരതയിലേക്കുള്ള കവാടം കടന്ന് അജ്ഞാതരിലേക്കുള്ള യാത്രയാണ് മരണം. മാഞ്ഞുപോയ നദികളെയും മറഞ്ഞുപോയ പർവതങ്ങളെയും വിസ്മൃതിലാണ്ടുപോയ തടാകങ്ങളെയും കാട്ടിത്തരുന്ന സഞ്ചാരം.
മരണ മേട്ടിൽ, മണികർണികാഘട്ടിൽ ആറാം നമ്പർ ചിത. ചിതയുടെ പരികർമി തിമോത്തീ ദേവ്. ആചാര്യ ബസുദേവ് അഡിഗയുടെ ശിഷ്യൻ. അഭിശപ്ത ജീവൻ്റെ ആത്മാവുകൾ അലമുറയിട്ട് നടക്കുന്ന ശവപ്പറമ്പിൽ, ചിതയ്ക്കകത്ത് കിടന്ന് വേവുന്നവരുടെ മൗനമാണ് തിമോത്തിയുടെ സിംഫണി. ചുറ്റുവിറകിനകത്തെ ഉടലനക്കം കണ്ട് അയാളുടെ കണ്ണും കരളും കലങ്ങിപ്പോയി.
ചുടലയ്ക്ക് ചുറ്റും വിശ്രമമില്ലാതെ ചുറ്റിത്തിരിയുന്ന ചിതാ പരികർമികളുടെ കൺമുന്നിൽ നിത്യവും ‘ഭ്രമിപ്പിക്കുന്ന കാഴ്ചകൾ’… ചിതയിൽ നിന്ന് ഇറങ്ങി നടക്കുന്ന ശ്രുതകീർത്തിയും വിരാടും. പാതിവെന്ത ശവശരീരങ്ങൾ ഗംഗയിലേക്ക് തള്ളിമറിക്കുന്ന ബന്ധു ജനങ്ങൾ.
മരണത്തിന് മുന്നിൽ എല്ലാവരും ഒരുപോലെ . പക്ഷേ കാശിയിലെ ചുടലകളിൽ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും. ഓരോ തരക്കാർക്കും’ വെവ്വേറെ ചിതകൾ’. ദേവികയിൽ പുത്രോല്പാദനം നടത്തിയ ആചാര്യ ബസുദേവിൻ്റെ രതിരഹസ്യം പുറത്താകുന്നു. തിമോത്തി ആചാര്യനുമേൽ അധീശത്വം നേടുന്നു.
” മേൽജാതിക്കാർ വരച്ചു വെച്ച അതിരുകൾ, വലിച്ചു കെട്ടിയ വേലികൾ, അദൃശ്യ ലക്ഷ്മണ രേഖകൾ ലംഘിക്കപ്പെടുമ്പോൾ അങ്ങേയ്ക്ക് പൊള്ളുന്നുണ്ടല്ലേ “? എന്ന് തിമോത്തിയുടെ മുനവെച്ച ചോദ്യം.
കാശിയും സോനാഗച്ചിയും കുമാർതുളിയും സ്ഥലരാശികളാക്കിയ മരിപ്പാഴി. തിമോത്തി, കുസുംലാൽ, കാശിലാൽ, സുമൻ പരേഖ് എന്നീ ചരമശുശ്രൂകർക്കോ സോനാഗച്ചിയിലെ അമ്മഗാരു കൗശികീമന്ത്രയ്ക്കോ ഭൃത്യൻ ധരംവീറിനോ മാത്രമല്ല, ആചാര്യ ശില്പി ഭരത് ഭൂഷൺ നിർമ്മിച്ച കുമാർ തുളിയിലെ മൺപാവകൾക്കും ദയാൽഭൂഷൺ പാവകളിച്ച മരപ്പാവകൾക്കും മരണം മുറിച്ചു കടക്കാനാകുന്നില്ല. മലയാള നോവൽ ഇതുവരെയറിയാത്ത പ്രമേയം. ഓരോ വാക്യവും വായിച്ചു മുന്നേറുമ്പോൾ, കവിയുടെ കരവിരുത് തെളിയുന്നു മരിപ്പാഴിയിൽ.
Comments are closed.