വസന്തം കുടിച്ചുവറ്റിച്ചവര്‍…ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍മ്മിക്കുമ്പോള്‍
‘കാലംതെറ്റി സിനിമയില്‍ വന്നവനാണ് ഞാന്‍ എന്നാണെനിക്കു തോന്നുന്നത്. എത്താന്‍ വളരെ വൈകിപ്പോയി. മലയാളത്തിന്റെയൊന്നും ആവശ്യമില്ല എന്നു പറയുന്നവരാണ് പല സംവിധായകരും.’ ഗിരീഷ് പുത്തഞ്ചേരി
ഗിരീഷ് പുത്തഞ്ചേരി രംഗമൊഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ഏറ്റുപാടിയ പാട്ട് ‘സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍’ എന്നതായത് യാദൃച്ഛികമല്ല. സുന്ദരമായ സ്വന്തം പ്രതിഭയുടെയും അഹങ്കാരത്തിന്റെയും ‘സൂര്യകിരീട’വും പേറിയാണ് ആ പുത്തഞ്ചേരിക്കാരന്‍ മലയാളം ആവശ്യമില്ലാത്ത കാലത്തെ മലയാള സിനിമയിലേക്കു സ്വന്തം ഇടംതേടി വന്നത്.
അതൊരു കത്തിയാളലായിരുന്നു. ആര്‍ക്കും പിടിച്ചുനിര്‍ത്താനാവാത്ത ഒന്ന്. വയലാര്‍-ഒ.എന്‍.വി.-ശ്രീകുമാരന്‍ തമ്പി-യൂസഫലി യുഗത്തിനുശേഷം മലയാളം തത്സമയം ആഘോഷിച്ച പാട്ടിന്റെ പാലാഴിയുടെ കടച്ചില്‍. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടു പതിറ്റാണ്ട് അതിനിവിടെ നിലനില്‍ക്കാനായി എന്നതുതന്നെ വിസ്മയകരമാണ്.
1990-2010 എന്നത് വന്‍മരങ്ങളുടെ വീഴ്ചകള്‍ക്കുശേഷമുള്ള ചാനല്‍ കാഴ്ചകളുടെ കാലമാണ്. സുന്ദരമായ ഉട്ട്യോപ്യകള്‍ക്കുശേഷമുള്ള പിറവികള്‍. അവിടെയാണ് ഗിരീഷ് പുത്തഞ്ചേരി എന്ന സുന്ദരനായ ധിക്കാരി ‘കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്ക്’ നിന്നത്.
ഒറ്റയ്ക്കുള്ള ആ നില്പിലാണ് ഗിരീഷ് പാട്ടുകളുടെ പ്രവാഹം ഇവിടെ സൃഷ്ടിച്ചത്. പല ധാരകള്‍. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഈണങ്ങള്‍ക്കകത്തെ ഇത്തിരിവെട്ടത്തില്‍ കൊളുത്തിവെച്ച കനലുകള്‍. കഴിഞ്ഞ രണ്ടു ദശകത്തെ മലയാളി ജീവിതത്തിന്റെ തത്ത്വചിന്തകളും ആഘോഷങ്ങളും അന്വേഷിക്കുന്ന ആര്‍ക്കും അതിലെ ജീവിതമുദ്രകള്‍ കണ്ടെടുക്കാതിരിക്കാനാവില്ല. പല ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഊറിക്കൂടിയ പാട്ടുകള്‍. അതിഭയങ്കരമായ സംഘജീവിതം ആഘോഷിക്കുമ്പോഴും ഒരൊറ്റയാന്‍തന്നെയായിരുന്നു ആത്യന്തികമായി ഗിരീഷ്. ഹരിദാസിനൊപ്പം ചെയ്ത ‘കിന്നരിപ്പുഴയോര’വും വി.എം. വിനുവിനൊപ്പം ചെയ്ത ‘പല്ലാവൂര്‍ ദേവനാരായണ’നും ഷാജൂണ്‍ കാര്യാലിനൊപ്പം ചെയ്ത ‘വടക്കുംനാഥ’നും തുടര്‍ച്ചകളില്ലാതെ പോയത് അതുകൊണ്ടാണ്. മറിച്ചായിരുന്നെങ്കില്‍ എന്നും കഥകള്‍ നിറഞ്ഞുകവിഞ്ഞിരുന്ന ആ ഹൃദയത്തില്‍നിന്ന് മലയാളത്തെ തൊട്ട് മുറിവേല്പിക്കുന്ന തിരക്കഥകള്‍ നമുക്ക് കിട്ടുമായിരുന്നു.
ഒരു പ്രോജക്ട് നടക്കാന്‍ അനിവാര്യമായും ഇന്നത്തെ കമ്പോളം ആവശ്യപ്പെടുന്ന ചിട്ടവട്ടങ്ങളില്‍ അനന്തകാലം വിധേയപ്പെട്ട് അധികനേരം നിന്നുകൊടുക്കാന്‍ ഒരെഴുത്തുകാരനെന്ന നിലയില്‍ ഗിരീഷിനെ സ്വന്തം ധിക്കാരത്തിന്റെ കാതല്‍ അനുവദിച്ചിരുന്നില്ല. ഗിരീഷിന്റെ തിരക്കഥാപദ്ധതികള്‍ അങ്ങനെ മനസ്സിലും കടലാസിലുമായി സാക്ഷാല്‍ക്കരിക്കപ്പെടാതെ പോയി. ആസ്പത്രിയിലേക്കെത്തുന്ന മരണകാലത്തിന്റെ അവസാന രാത്രിയിലും പുലര്‍ച്ചവരെ ഗിരീഷ് ഏതോ കഥയുടെ തിരക്കഥാ രചനയിലായിരുന്നുവെന്നതുതന്നെ കഥകള്‍ മിടിച്ചിരുന്ന ആ ഹൃദയത്തിന്റെ വെളിപാടായിരുന്നു. പ്രതീക്ഷയായിരുന്നു.
അവസാനത്തെ വേനല്‍ കഠിനമായിരുന്നു. ഏറ്റവുമടുത്ത രക്തബന്ധുക്കളുടെ സിനിമകളില്‍പോലും പാട്ടെഴുതുന്നത് താനല്ലെന്ന വസ്തുത അവനെ കൂടുതല്‍ ദുഃഖിതനും രോഷാകുലനുമാക്കി. കഥകളും പാട്ടുകളും ഹൃദയത്തിലുടക്കി ജ്വലിക്കുന്ന പ്രതിഭകൊണ്ട് സ്വന്തം വസന്തം കുടിച്ചുവറ്റിക്കുകയായിരുന്നു പിന്നീട്. ഭൂമിയിലേക്കു തിരിച്ചുവരാനുള്ള ആഗ്രഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ അവന്റെ ശിരസ്സില്‍ രക്തപുഷ്പങ്ങള്‍ വിരിയിച്ചു. കാലം തെറ്റിപ്പിറന്നവന്‍ അകാലത്ത് വെളിച്ചത്തിന്റെ ‘തിരുവരങ്ങൊഴിഞ്ഞ്’ ഇരുട്ടിലേക്ക് അപ്രത്യക്ഷനായി. പാട്ടുകളുള്ള കാലത്തോളം മലയാളം എന്നും അവനെ ഓര്‍ക്കും.
Comments are closed.