ജോസ് പ്രകാശിന്റെ ചരമവാര്‍ഷിക ദിനം
മലയാള ചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ജോസ് പ്രകാശ്. പ്രതിനായക കഥാപാത്രങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. യഥാര്‍ഥ പേരായ ജോസഫ് എന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്.
1925 ഏപ്രില്‍ 14 ന് വിഷുദിനത്തില്‍ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛന്‍ കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. നിര്‍മാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ് സഹോദരനാണ്. കോട്ടയം സേക്രഡ് ഹാര്‍ട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്‌കൂളിലായിരുന്നു ഫോര്‍ത്ത് ഫോം വരെ ബേബിയുടെ പഠനം. നാടകത്തിലും സിനിമയിലും സജീവമാകുന്നതിനു മുമ്പ് പട്ടാളത്തിലായിരുന്നു ജോസ്പ്രകാശ്. 1942ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ അദ്ദേഹം ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ചേര്‍ന്നു.
നാടകത്തിനും സിനിമയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2011ലെ ജെ സി ദാനിയേല്‍ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.
1953ല്‍ റിലീസായ ‘ശരിയോ തെറ്റോ’ എന്നാ സിനിമയില്‍ ഗായകന്‍ ആയിട്ടാണ് സിനിമയിലെ തുടക്കം. തിക്കുറിശിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഓളവും തീരവും എന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം. പിന്നീട് ഇതുവരെ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹരിശ്ചന്ദ്ര, ഭക്തകുചേല, ഓളവും തീരവും, സി ഐ ഡി നസീര്‍, പഞ്ചതന്ത്രം, ലിസ, ഈറ്റ, മാമാങ്കം, പുതിയ വെളിച്ചം, ശക്തി, ലവ് ഇന്‍ സിംഗപ്പോര്‍, അറിയപ്പെടാത്ത രഹസ്യം, അഹിംസ, രക്തം, തൃഷ്ണ, ഇത്തിരിനേരം ഒത്തിരിക്കാര്യം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഇത് ഞങ്ങളുടെ കഥ, കൂടെവിടെ, പറന്നുപറന്നുപറന്ന്, നിറക്കൂട്ട്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അടുക്കാന്‍ എന്തെളുപ്പം, സ്‌നേഹമുള്ള സിംഹം, രാജാവിന്റെ മകന്‍, അഥര്‍വം, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, മാന്ത്രികച്ചെപ്പ്, ദേവാസുരം, ആകാശദൂത്, മീനത്തില്‍ താലികെട്ട്, വാഴുന്നോര്‍, പത്രം, എന്റെ വീട് അപ്പൂന്റേം, മിസ്റ്റര്‍ ബ്രഹ്മചാരി തുടങ്ങിയവയാണ് ജോസ് പ്രകാശ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.350ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ട്രാഫിക് ആണ്.
2012 മാര്‍ച്ച് 24ന് അസുഖം മൂര്‍ഛിച്ചതിനേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വച്ച് 87-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
Comments are closed.