DCBOOKS
Malayalam News Literature Website

ലോക കവിതാദിനം

മാര്‍ച്ച് 21 ലോക കവിതാ ദിനം.. കവിതയുടെ വിവര്‍ണ്ണനാതീതമായ പ്രസക്തിയും അതുള്‍ക്കൊള്ളുന്ന സാംസ്‌കാരികമായ പ്രചോദനവും ഉണര്‍വും ഔന്നത്യവുമൊക്കെ പ്രചരിപ്പിക്കുകയുമാണ് മാര്‍ച്ച് 21 എന്ന ലോക കവിതാദിനം. യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1999 മുതലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 21-ാം തീയതി ലോക കവിതാദിനമായി (World Potery Day) ആചരിക്കുവാന്‍ തീരുമാനിച്ചത്. കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോല്‍സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും കൂടിയാണ് ഈ ദിനാചരണം എന്ന് യുനെസ്‌കോ വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലും ഈ ദിനം കൊണ്ടാടുന്നത് ഒക്ടോബര്‍ മാസത്തിലാണ്. റോമന്‍ കവിയായ വിര്‍ജിലിന്റെ ജനനം ഒക്ടോബറില്‍ ആചരിക്കുന്നതിനാലാണിത്.

കവി ശബ്ദത്തില്‍നിന്ന് വ്യുല്പന്നമായ ഭാവനാമമാണു കവിത. കവിസൃഷ്ടിയുടെ ഗുണധര്‍മ്മം മാത്രമാണ് കവിത.ഗാനരൂപത്തില്‍ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അര്‍ത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആശയാവിഷ്‌കാരമാണു കവിത അഥവാ കാവ്യം. അര്‍ത്ഥവ്യാപ്തമായ വാക്കുകളെ ഗാനരൂപത്തില്‍ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓര്‍മ്മയില്‍ നിറുത്താനും പദ്യരൂപങ്ങള്‍ കൂടുതല്‍ ഉചിതമാണ് എന്നതിലൂടെ വ്യംഗ്യ ഭാഷയില്‍ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷ്കാരള്‍ക്കു സൗന്ദര്യം കല്പിച്ചിരുന്ന ഒരുകാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അര്‍ത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ പ്രസ്തുത അര്‍ത്ഥം വ്യക്തമാക്കുന്ന എന്ന ധര്‍മ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന് ഊന്നല്‍ നല്‍കുന്നവയാണ് കവിതകള്‍. ഇങ്ങനെ കവിതയെ പലരൂപത്തിലും ഭാവത്തിലും വര്‍ണ്ണിക്കാവുന്നതാണ്.

Comments are closed.