DCBOOKS
Malayalam News Literature Website

എസ്.കെ.പൊറ്റെക്കാട്ടിന്റെ ജന്മവാര്‍ഷികദിനം

ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട് എന്ന എസ്.കെ.പൊറ്റെക്കാട്ട് 1913 മാര്‍ച്ച് 14ന് കോഴിക്കോടു ജനിച്ചു. പിതാവ് കുഞ്ഞിരാമന്‍, മാതാവ് കിട്ടൂലി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊറ്റെക്കാട്ട് 1936 മുതല്‍ 1939 വരെ ഗുജറാത്തി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി നോക്കി. 1939ല്‍ ജോലി രാജിവെച്ചത് തൃപുര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട് ബോംബയിലെത്തിയ അദ്ദേഹം വിവിധ ജോലികളില്‍ കുറെക്കാലം ഏര്‍പ്പെട്ടു. കാശ്മീരിലും മറ്റിടങ്ങളിലും യാത്രകള്‍ ചെയ്തു. 1949ല്‍ ആദ്യ വിദേശയാത്ര. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും എത്രയോ തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്.

1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 1980ല്‍ എസ്.കെ.പൊറ്റക്കാട്ട് ജ്ഞാനപീഠം അവാര്‍ഡു ജോതാവുമായി. എസ്.കെ യുടെ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാ മൂല്യമുള്ള സാഹിത്യ കൃതികളാക്കി മാറ്റുക കൂടി ചെയ്തു. എസ്.കെ.പൊറ്റക്കാട്ടിനു സമശീര്‍ഷനായി മറ്റൊരാളിന്റെ പേര് എടുത്തു കാട്ടുവാനില്ല തന്നെ. 1982 ആഗ്സ്റ്റ് 6ന് എസ്.കെ.പൊറ്റക്കാട്ട് അന്തരിച്ചു.

 

Comments are closed.