തമിഴ്നാട്ടിലെ മറവസമുദായത്തിന്റെ ചരിത്രവും വർത്തമാനവും!
മുകിലൻ എന്ന നോവലിനു ശേഷം ഡോ. ദീപു പി.കുറുപ്പ് രചിച്ച “മറവായനം” എന്ന നോവലിന് ഹരികൃഷ്ണ്‍ രവീന്ദ്രന്‍ എഴുതിയ വായനാനുഭവം
ചരിത്രത്താളുകളിൽ നേരിന്റെ അംശങ്ങളൊന്നും ചാർത്താതെ കാലാകാലങ്ങളിൽ വായ്മൊഴിയായും നുണകളുടെ വാക്കുകളാൽ രൂപപ്പെട്ട പല ദേശങ്ങളിലെയും പല സമുദായങ്ങളിലെയും മനുഷ്യന്മാരെ പറ്റിയും സംസ്ക്കാരത്തെ പറ്റിയും ഇന്ന് നമ്മുടെ അറിവുകൾ പൊള്ളയായിരുന്നു എന്നറിയുന്നത് കാലം വിസ്മൃതിയിലാക്കിയ ആ ചരിത്രത്തിന്റെ യഥാർത്ഥ്യത്തെ തേടിയുള്ള യഥാർത്ഥ യാത്രകളായിരിക്കും. ഞെട്ടിക്കുന്ന സത്യങ്ങൾ മൂടുപടങ്ങളിൽ നിന്നും വെളിച്ചത്തേക്ക് വരുമ്പോള് ബോദ്ധ്യപ്പെടുക നമ്മുടെ അറിവുകളും ധാരണകളും എത്രമാത്രം തെറ്റുകൾ നിറഞ്ഞതായിരുന്നു എന്നായിരിക്കും. ശ്രീ ദീപുവിന്റെ രണ്ടാമത്തെ നോവലായ മറവായനം നമ്മളെ കൂട്ടി കൊണ്ട് പോകുന്നതും മനസ്സിലാക്കി തരുന്നതും ചരിത്രത്തിന്റെ ചിത്രങ്ങളിൽ ചിരപരിചിതമായ ചില വസ്തുതകളുടെ നേരായ വഴികളിലേക്കാണ്. ഒരു കൂട്ടം മനുഷ്യരുടെ സത്യങ്ങളുടെ തുറന്ന് കാട്ടലുകളാണ്, അതിന് കൂട്ടായി കൂടെ കൂട്ടുന്നത് ചരിത്രത്തിന്റെ ഏടുകളിൽ കാണാത്ത അപൂർവ്വ ശാസ്ത്രത്തെയാണ്, കള്ളന്മാരുടെ നിയമാവലികൾ വ്യക്തമായി വിശദീകരിക്കുന്ന ചോരശാസ്ത്രം. തമിഴ്നാട്ടിലെ മറവസമുദായത്തിന്റെ ചരിത്രവും വർത്തമാനവും നൂറ്റാണ്ടുകളുടെ കഥകളിലൂടെ അനാനവരണം ചെയ്യുന്നു മറവായനത്തിന്റെ മുറവായനയിലൂടെ!
ശിവരഞ്ജിത്ത് എന്ന പതിനേഴുകാരനിലൂടെ തുടങ്ങുന്ന യാത്ര, അവന്റെ സുഹൃത്തായ ശെൽവം എന്ന തമിഴ്നാട്ടുകാരൻ, സുഹൃത്തിലൂടെ അവനറിയുന്ന തിരുട്ട് ഗ്രാമവും മറവാ സമുദായവും ആ ദേശത്തിലേക്ക് അവൻ പോലും അറിയാതെ വൈകാരികമായ അടുപ്പം ഉണ്ടാകുകയും അവിടേക്കുള്ള യാത്രയും അനുഭവങ്ങളും. കേട്ട് കേൾവികൾക്ക് വിരുദ്ധമായി അവനറിയുന്ന കള്ളന്മാരുടെയും കൊള്ളക്കാരുടെയും സമുദായത്തിന്റെ ചരിത്രം തേടി യാത്ര തിരിക്കുന്ന. ചരിത്രരേഖകളുടെ തിരയിലിനടയിൽ പഴയ സുഹൃത്ത് മാറി കാലം കൂട്ടി കൊണ്ട് പോകുന്ന പുതിയ മേച്ചിൽപുറത്ത് ലഭിച്ച പുതിയ സുഹൃത്ത് ഇളങ്കോയും അവന്റെ യാത്രകളിൽ കൂടുതൽ ആവേശം പകർന്ന് കൂടെ കൂടുമ്പോൾ അവന്റെ ലക്ഷ്യങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തുന്നു. ചരിത്രത്താളുകൾ അവശേഷിപ്പിക്കുന്ന അരൂപിയായ ആ കൂടിചേരലുകൾ വർത്തമാനകാലത്തും തുടരുമ്പോ ഭൂതവർത്തമാനകാലങ്ങൾ ചുറ്റുപാടുകളെയും മനുഷ്യരെയും മാത്രമേ മാറ്റുന്നുള്ളൂ, കാലത്തിന്റെ അരൂപിയായ ആ നടത്തിപ്പുക്കാരന്റെ കാവ്യനീതികൾ വലിയ മാറ്റമില്ലാതെ തുടർന്നു കൊണ്ടേയിരിക്കും. വലിയവനാണെന്ന് സ്വയം നടിക്കുന്ന മനുഷ്യന് എത്രയോ നിസ്സാരർ നിസ്സാരമായ കാര്യങ്ങളിൽ പോലും.!
ആദ്യ നോവലായ മുകിലനിൽ മുഗളന്മാരുടെ തേരോട്ടവും, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ നാടിന്റെ ചരിത്രത്തിലൂടെയുള്ള യാത്ര ദീപു വിദഗ്ധമായി നടത്തിയപ്പോ,രണ്ടാം നോവലിൽ നാട് വിട്ട് അയൽ ദേശത്തെ പകൽ വെളിച്ചത്തിൽ പോലും പേടിയോടെ കണ്ടിരുന്ന ഒരു സമുദായത്തിന്റെ യഥാർത്ഥ ചരിത്രം വരച്ച് കാട്ടുന്നു.ചരിത്രയാഥാർത്ഥ്യത്തോടൊപ്പം പ്രണയത്തിന്റെ ഒന്നായി തീരുന്ന രണ്ട് നൂറ്റാണ്ടുകളിലൂടെ തുടരുന്ന കാഴ്ച്ചയും വികാരതീവ്രതയോടെ ആവിഷ്കരിച്ചിരിക്കുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്കാരങ്ങൾ ഇടകലർന്ന് ,കാലദേശങ്ങൾക്കപ്പുറം നിലനിൽക്കുന്ന ഇന്ന് അത്യപൂർവ്വമായ സൗഹൃദബന്ധത്തിന്റെ ഊഷ്മളതയും ലളിതമായ ഭാഷയിൽ എഴുത്തുകാരൻ അവതരിപ്പിച്ചപ്പോൾ ലഭിച്ചത് മികച്ച വായനനാനുഭവമായിരുന്നു. കഥ പറച്ചിലിനടയിൽ വഴിത്തിരിവായി കടന്ന് വന്ന 2004 കാലഘട്ടത്തിലെ പുതുമുഖ എഴുത്തുക്കാരൻ വി ജെ ജയിംസ്, അദ്ദേഹത്തിന്റെ നോവലായ ചോരശാസ്ത്രം വായനക്കിടയിൽ പ്രത്യേക സന്തോഷമുണ്ടാക്കി, ഇന്ന് 2021ൽ സ്ഥിരമുഖ എഴുത്തുക്കാരനായ വി ജെ ജയിംസും,അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകളിൽ ഒന്നായ ചോരശാസ്ത്രവും, രണ്ടും ഒരു പോലെ പ്രിയപ്പെട്ടവരാണ് എന്നത് തന്നെ കാരണം.!
മറവായനം പലവിധമായ മേഖലകളിലേക്ക് നയിക്കുന്ന ഒരു മികച്ച സൃഷ്ടിയാണ്. നാം അനുഭവിക്കാത്തതെല്ലാം നമ്മുക്ക് കെട്ടുകഥകളാണെന്നത് പോലെ നമ്മുടെ കേട്ട്കേൾവിക്കൾക്കപ്പുറത്തുള്ള യഥാർത്ഥ്യങ്ങളല്ലാം നമ്മുക്ക് പുത്തനറിവുകളുമാണ്.!
Comments are closed.