ആത്മാവിന്റെ കാണാപഥങ്ങള്‍
ശംസുദ്ദീന്‍ മുബാറക് രചിച്ച മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍ എന്ന കൃതിയെക്കുറിച്ച് വി.എം. സുബൈര്‍ എഴുതുന്നു…
മരണം ആരെയും അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്. മരണത്തിന് ശേഷം മനുഷ്യന്റെ ആത്മാവിന് എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് അതിനെക്കാള്‍ ഉല്‍കണ്ഠകളുമുണ്ട്. മരിച്ചവര്‍ക്ക് ഒരിക്കലും ഭൂമിയില്‍ തിരിച്ചെത്തി മരണത്തിന് ശേഷം തനിക്ക് സംഭവിച്ചതെന്താണെന്ന് വിവരിക്കാനാകാത്തിടത്തോളം കാലം ആ ഉല്‍കണ്ഠകള്‍ നിലനില്‍ക്കുകയും ചെയ്യും. മരണാനന്തരം ആത്മാവ് അഭിമൂഖീകരിക്കുന്ന സ്വര്‍ഗ,നരകങ്ങളില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്താണ്? മരണശേഷം ഓരോ ആത്മാവും കാണുന്ന കാഴ്ചകളെന്തൊക്കെയാണ്; നേരിടുന്ന പരീക്ഷണങ്ങളെന്തെല്ലാമാണ്? പരമമായ സ്രഷ്ടാവിന്റെ ശക്തിയില്‍ നിയന്ത്രിതമായ ഈ വിഷയങ്ങളെ കേവലമായ മനുഷ്യബുദ്ധിയുടെ പരിമിതമായ ലോകത്തിരുന്ന് കാണാന്‍ ഇതുവരെ മനുഷ്യനായിട്ടില്ല. മാനുഷികമായ ഈ പരിമിതികളുടെ ലോകത്തുനിന്ന് യുവ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശംസുദ്ദീന്‍ മുബാറക്ക് നടത്തുന്ന അപൂര്‍വ്വമായ ഒരു സാഹിത്യയാത്രയാണ് ‘മരണപര്യന്തം: റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന മലയാള നോവല്‍.
ലോകസാഹിത്യത്തില്‍ തന്നെ ഏറെയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പ്രമേയവുമായാണ് ശംസുദ്ദീന്‍ മുബാറക്ക് തന്റെ ആദ്യനോവല്‍ വായനക്കാരന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. മരണത്തെക്കുറിച്ച് നോവല്‍ എഴുതാന്‍ ശ്രമിച്ച് പിന്‍മാറിയ അനുഭവം മുമ്പ് ലോകപ്രശസ്ത കഥാകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് വിവരിച്ചിട്ടുണ്ട്. മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയാത്തിടത്തോളം കാലം, ഭാവനക്കപ്പുറം ഒരു രചനക്ക് ആവശ്യമായ വസ്തുതകളോ സങ്കല്‍പ്പങ്ങളോ അനുഭവങ്ങളോ എഴുത്തുകാരന് മുന്നിലെത്തുന്നില്ല. ഈ വെല്ലുവിളിയെ ഏറ്റെടുക്കുകയാണ് ശംസുദ്ദീന്‍ ചെയ്തത്. മരണത്തെ കുറിച്ചുള്ള ഇസ്‌ലാമിക കാഴ്ചപ്പാടുകളെയാണ് ഈ രചനക്ക് നോവലിസ്റ്റ് ആധാരമാക്കിയിട്ടുള്ളത്. മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഇസ്ലാമാണെന്നതാണ് എഴുത്തുകാരനെ ഈ മാര്‍ഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.
ഒരാളുടെ മരണത്തിന് ശേഷം അയാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നതാണ് ഈ നോവലിലൂടെ ശംസുദ്ദീന്‍ മുബാറക്ക് മുഖ്യമായും പറയുന്നത്. മരണശേഷം റൂഹിന്റെ സഞ്ചാരം ഏതൊക്കെ വഴികളിലൂടെയാണ്, സ്വര്‍ഗത്തിലും നരകത്തിലും എന്തെല്ലാമാണ് നടക്കുന്നത്, ലോകമെന്നത് അവസാനിക്കുന്ന പ്രതിഭാസമാണോ, എങ്കില്‍ ആ അവസാനത്തിന് ശേഷം ഭൂമിയില്‍ എന്തെല്ലാം സംഭവിക്കും തുടങ്ങി വായനക്കാരന്റെ കാഴ്ചക്കപ്പുറത്തുള്ളതും എന്നാല്‍ എന്നും അവന്റെ മനസില്‍ സംശയങ്ങളുയര്‍ത്തിയിട്ടുള്ളതുമായ ഒട്ടേറെ കാര്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ നോവല്‍.
തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീര്‍ എന്നു പേരുള്ള പ്രധാനകഥാപാത്രം മരിക്കുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. ബഷീറിന്റെ റുഹിന്റെ സഞ്ചാരപഥങ്ങളിലൂടെ എഴുത്തുകാരന്‍ മരണം, ഖബര്‍, കാത്തിരിപ്പ്, വിചാരണ, ശിക്ഷ, സ്വര്‍ഗം, നരകം തുടങ്ങിയ മനുഷ്യന് അനുഭവവേദ്യമായിട്ടില്ലാത്ത ഒട്ടേറെ പരലോകകാഴ്ചകളെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നു. മരണത്തെ കുറിച്ചുള്ള ഇസ്‌ലാമികമായ വസ്തുതകളെ വളച്ചൊടിക്കാതെ നോവലിന്റെ അടിസ്ഥാനശിലയാക്കി നിര്‍ത്തി, ഭാവനയുടെ നാടകീയ മൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചാണ് ഈ രചന വാനയയുടെ ഉദ്വേഗപൂര്‍ണവും വിസ്മയകരവുമായ അനുഭവങ്ങള്‍ പകരുന്നത്. നോവലുകളുടെ സ്ഥിരം ഘടനയില്‍ നിന്ന് വ്യത്യസ്തമായി ഒരു ഡയറിക്കുറിപ്പിന്റെ രൂപത്തിലാണ് ഇത് മുന്നോട്ടു പോകുന്നത്. വര്‍ഷങ്ങള്‍ക്കപ്പുറത്ത് സംഭവിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. കഥാനായകനായ ബഷീന്റെ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും നോവലില്‍ വിടര്‍ന്നു വരുന്നുണ്ട്. പ്രവാസ കാലത്ത് ചെയ്ത തെറ്റുകള്‍ക്ക് മരണത്തിന് ശേഷം ലഭിക്കുന്ന ശിക്ഷയെകുറിച്ചും ബഷീറിന്റെ ജീവതവുമായി ബന്ധപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചകളുമെല്ലാം വായനക്കാരനെ ഭൂമിക്കപ്പുറത്തുള്ള ഒരു ലോകത്തേക്ക് ആനയിക്കുന്നു.
നോവലുകള്‍ എറെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തില്‍ വേറിട്ട പ്രമേയവും അവതരണശൈലിയും കൊണ്ടു മാത്രമേ പുതിയൊരു എഴുത്തുകാരന് ശ്രദ്ധേയമായ രംഗപ്രവേശനം സാധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ് മരണത്തെ പ്രമേയമാക്കി നോവല്‍ രചിച്ചതെന്ന് ശംസുദ്ദീന്‍ പറയുന്നു. ഇതിനായി വിവിധ മതങ്ങളുടെ മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ശാസ്ത്രത്തിന്റെ നിലപാടുകളും പഠിച്ചു. മരണാനന്തര ജീവിതത്തെ ഏറ്റവും വ്യക്തമായി രേഖപ്പെടുത്തിയത് ഇസ്‌ലാമിക ഗ്രന്ഥങ്ങളാണെന്നതിനാലാണ് ആ പാത തെരഞ്ഞെടുത്തത്. എഴുതാനിരിക്കുമ്പോള്‍ വെല്ലുവിളികള്‍ എറെയുണ്ടായിരുന്നു. മതപരമായ കാഴ്ചപ്പാടുകളെയും സങ്കല്‍പ്പങ്ങളെയും തെറ്റുകൂടാതെയും ദുര്‍വ്യാഖ്യാനിക്കാതെയും പിന്തുടരേണ്ടതുണ്ടെന്നതായിരുന്നു പ്രധാനം. അതേസമയം, ഒരു നോവല്‍ എന്ന നിലയില്‍ മനുഷ്യബന്ധങ്ങളുടെ നാടകീയതയുമെല്ലാം അതില്‍ ഉള്‍കൊള്ളേണ്ടതുമുണ്ട്. വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന ഒരു ഡയറിക്കുറിപ്പിന്റെ രൂപത്തില്‍ ഈ ഘടകങ്ങളെയെല്ലാം
പ്രമേയത്തിന്റെ വ്യതിരിക്തത കൊണ്ടും ആഖ്യാനശൈലിയുടെ പുതുമകൊണ്ടും ഈ നോവല്‍ ഇതിനകം തന്നെ വായനക്കാര്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. തന്റെ ആദ്യനോവല്‍ തന്നെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച ശംസുദ്ദീന്‍ മുബാറക്കിന്റെ സാന്നിദ്ധ്യം മലയാള സാഹിത്യലോകത്ത് പുതിയ പ്രതീക്ഷയായി മാറുകയാണ്.
Comments are closed.