DCBOOKS
Malayalam News Literature Website

‘മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിനെ കുറിച്ച് മുഹമ്മദ് ഷാഫി എഴുതുന്നു

 

ശംസുദ്ദീന്‍ മുബാറകിന്റെ ‘മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിനെ കുറിച്ച് മുഹമ്മദ് ഷാഫി എഴുതുന്നു

തന്റെ തന്നെ മരണത്തെപ്പറ്റിയുള്ള ഒരു സ്വപ്നത്തെ കഥയാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ട അനുഭവം ‘അപരിചിത തീര്‍ത്ഥാടകര്‍’ എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് വിവരിക്കുന്നുണ്ട്. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കൊപ്പം പങ്കെടുക്കുന്ന വിരുന്നിനു ശേഷം, തനിക്കു മാത്രം മറ്റുള്ളവര്‍ക്കൊപ്പം തിരിച്ചുപോകാന്‍ കഴിയുന്നില്ല എന്ന തിരിച്ചിറിവായിരുന്നു മാര്‍ക്വേസിന്റെ മരണ സ്വപ്നം. ദീര്‍ഘകാലം ഇതൊരു ‘തീം’ ആയി മനസ്സില്‍ കിടന്നിട്ടും, എത്രതന്നെ പണിപ്പെട്ടിട്ടും അത് എഴുത്തിലേക്ക് പകര്‍ത്തുന്നതില്‍ നിസ്സഹായനാകുമ്പോള്‍ അതീവ വിഷമത്തോടെ മാര്‍ക്വേസ് അതിനെ ഉപേക്ഷിക്കുകയാണ്.

ശംസുദ്ദീന്‍ മുബാറക് എഴുതിയ ഈ നോവല്‍ ‘മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവല്‍, മനുഷ്യന്റെ മരണശേഷമുള്ള ആത്മാവിന്റെ ജീവിതത്തെ വരച്ചിടുകയാണ്. മരിച്ചവര്‍ തിരിച്ചുവന്ന് കഥ പറയാത്ത കാലത്തോളം മരണം മനുഷ്യനു മുമ്പില്‍ അത്യത്ഭുതം തന്നെയാണ്. താല്‍പര്യവും ഭീതിയും ആശങ്കയും അത്ഭുതവുമുണ്ടാക്കുന്ന മരണത്തെയും അനന്തരകാലത്തെയും ഇസ്‌ലാമിക സങ്കല്‍പ്പത്തില്‍ അവതരിപ്പിക്കുന്നു എന്നതു കൂടിയാണ് ‘മരണപര്യന്ത’ത്തിന്റെ പുതുമ. ആത്മാവും മരണവും മരണാനന്തര ജീവിതവും ഇത്രമേല്‍ വിശദമായി പ്രതിപാദിക്കപ്പെടുന്ന നോവല്‍ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.

മനുഷ്യന്‍ മരിക്കുമ്പോള്‍ അനുഭവിക്കുന്നതെന്ത്?, മരണശേഷമുള്ള ആത്മാവിന്റെ സഞ്ചാരവും വ്യവഹാരങ്ങളും എവിടെ? ഈ ലോകം ഒരിക്കല്‍ തകര്‍ന്ന് അവസാനിക്കുമോ? ഈ ലോകം അവസാനിച്ചു കഴിഞ്ഞാല്‍ മറ്റൊരു ലോകമുണ്ടാകുമോ? അങ്ങനെയെങ്കില്‍ എന്തൊക്കെ അത്ഭുതങ്ങളും വിശേഷങ്ങളുമായിരിക്കും ആ പുതിയ ലോകത്ത് മനുഷ്യാത്മാവിനെ കാത്തിരിക്കുന്നത്? മനുഷ്യന്റെ ഇത്തരം എണ്ണമില്ലാത്ത ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ശ്രമിക്കുകയാണ് നോവലിലൂടെ ശംസുദ്ദീന്‍ മുബാറക്.

അധികമാരും സ്പര്‍ശിക്കാത്തതും വ്യത്യസ്തവുമായ പ്രമേയമാകണം നോവലിന് എന്ന് മനസ്സു പറഞ്ഞതാണ് മരണത്തിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നോവലിസ്റ്റ് പറയുന്നു. മനുഷ്യന്റെ പലവിധ ജീവിതാവസ്ഥകള്‍ കഥകള്‍ക്കും നോവലുകള്‍ക്കും മറ്റു കലാസൃഷ്ടികള്‍ക്കും പ്രമേയമായിട്ടുണ്ട്. എന്നാല്‍, മരണശേഷമുള്ള ആത്മാവിന്റെ സഞ്ചാരങ്ങളെ പറ്റിയുള്ളവ വിരളവും അത്യപൂര്‍വവുമാണ്. മനുഷ്യന്‍ അറിയാന്‍ ആഗ്രഹിക്കുന്നതും മരണം അനുഭവിച്ച മനുഷ്യര്‍ അവരുടെ കഥകള്‍ പറയാത്തിടത്തോളം കാലം നോവല്‍ പുതുമ നിറഞ്ഞ അനുഭവമാകുമെന്ന വിചാരത്തില്‍നിന്നാണ് ‘മരണപര്യന്തം’ ജനിക്കുന്നത്.

ശാസ്ത്രവും വിവിധ മതങ്ങളുമെല്ലാം മരണാനന്തര ജീവിതത്തെപ്പറ്റി എന്തു പറയുന്നുവെന്ന് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇസ്‌ലാമിന്റെ നരേറ്റീവ് അവലംബിക്കാന്‍ തീരുമാനിച്ചത്. മരണത്തെയും മരണാനന്തര ജീവിതത്തെയും ഇസ്‌ലാമിനോളം കൃത്യമായി അടയാളപ്പെടുത്തിയ മതമില്ലെന്നതായിരുന്നു അന്വേഷണത്തിന്റെ തിരിച്ചറിവ്. വിവധ ഭാഷകളിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങള്‍, കൃത്യമായി പറഞ്ഞാല്‍ ഖുര്‍ആന്‍, പ്രവാചക വചനങ്ങള്‍, വ്യഖ്യാന ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചാണ് നോവലിന്റെ രൂപശില്പം നിര്‍ണയിച്ചത്.

തയ്യിലപ്പറമ്പില്‍ അബൂബക്കറിന്റെ മകന്‍ ബഷീറിന്റെ ‘അകാല’ മരണത്തില്‍ ആരംഭിക്കുന്ന നോവല്‍, അതിനു ശേഷമുള്ള ‘കാല’ത്തിലൂടെ സഞ്ചരിക്കുകയാണ്. മരണം, ഖബര്‍, കാത്തിരിപ്പ്, വിചാരണ, ശിക്ഷാവിധി, സ്വര്‍ഗ നരകങ്ങള്‍ തുടങ്ങി ഇസ്‌ലാമിക സങ്കല്‍പത്തിലെ മരണാനന്തര കാര്യങ്ങളെല്ലാം പ്രതിപാദിക്കുമ്പോള്‍, പ്രമാണങ്ങളില്‍ പറയപ്പെട്ട വിവരണങ്ങള്‍ക്കുറത്തേക്ക് ഭാവനയെ കയറഴിച്ചു വിടുന്നുണ്ട് നോവലിസ്റ്റ്. അതാകട്ടെ, കേവലം സ്ഥിതി സംഭവ വിവരണങ്ങള്‍ക്കപ്പുറം വായനയുടെ പുതിയൊരു തലം തുറക്കുന്നു. മരണത്തിനു ശേഷമുള്ള സമയദിവസക്രമങ്ങള്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ് രേഖപ്പെടുത്തുന്നത്.
മുഖ്യധാരാ മലയാള സാഹിത്യത്തിന് അപരിചിതമായ പ്രമേയ പരിസരവും ആവിഷ്‌കാര രീതിയും നോവലിന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. നോവലിന്റെ വാര്‍പ്പുമാതൃകയായി പരിഗണിക്കപ്പെടുന്ന ഖണ്ഡശ്ശ രൂപത്തിലല്ല ‘മരണപര്യന്തം’. മരിച്ച മനുഷ്യന്റെ ആത്മാവിന്റെ സഞ്ചാരം, വിചാരങ്ങള്‍, വികാരങ്ങള്‍, വ്യവഹാരങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ഡയറിക്കുറിപ്പായി എഴുതുന്ന രീതിയാണ് നോവലിന്റെ രചനയെ ആവിഷ്‌ക്കരിച്ചത്.

 

Comments are closed.