DCBOOKS
Malayalam News Literature Website

മരണത്തിനപ്പുറത്തെ ദേശങ്ങൾ, ഋതുക്കൾ

മരണപര്യന്തം–റൂഹിന്റെ നാൾമൊഴികൾ

ശംസുദ്ദീൻ മുബാറക്കിന്റെ ‘മരണപര്യന്തം -റൂഹിന്റെ നാൾമൊഴികൾ’ എന്ന പുസ്തകത്തിന് ജാബിർ റഹ്‌മാൻ എഴുതിയ വായനാനുഭവം

മരണപര്യന്തം’ വായിച്ചു തീരും മുൻപു തന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരണാനുഭവത്തിന്റെ തണുപ്പിലേക്ക് നടന്നുപോയതിന്റെ പിറ്റേനാളുകളിലൊന്നിലാണ് ഇതെഴുതുന്നത്. എന്റെ മൂത്ത സഹോദരൻ ഹാരിസ് റഹ്മാൻ പെട്ടെന്നുണ്ടായ ഹാർട്ട് അറ്റാക്കിനെ തുടർന്ന് 56–ാമത്തെ വയസ്സിൽ മരിക്കുന്നത് കഴിഞ്ഞ സെപ്തംബർ 21 വ്യാഴാഴ്ചയായിരുന്നു. ചേട്ടന്റെ മരണമറിഞ്ഞ് ദോഹയിൽനിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയിലും തുടർന്ന് മരണാനന്തര ചടങ്ങുകളുടെ ഓരോ നിമിഷങ്ങളിലും ഞാൻ ‘റൂഹിന്റെ നാൾമൊഴികളിലൂടെ’ സഞ്ചരിക്കുകയായിരുന്നു. യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുകയും നിരന്തരം യാത്രകൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്ത അദ്ദേഹം തുടർന്നങ്ങോട്ട് സഞ്ചരിക്കാൻ പോകുന്ന അഭൗമ സ്ഥലികളെക്കുറിച്ചും അതീന്ദ്രിയമായ കാലദേശങ്ങളെക്കുറിച്ചുമുള്ള സ്വപ്നാടനങ്ങളിലായിരുന്നു എന്റെ മനസ്സ്. രണ്ടു മൂന്ന് ദിവസത്തിനുശേഷം ഒരു മഴയുള്ള രാത്രിയിൽ ഇങ്ങനെ സംസാരിച്ചിരിക്കെ അദ്ദേഹത്തിന്റെ മകൻ ഹാഫിസ് എന്നോടു ചോദിച്ചു:
“മരിച്ചുപോയവരുടെ അനുഭവങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അറിയണമെന്നുണ്ട്. എന്റെ അപ്പാ ഇപ്പോൾ ഏത് ലോകങ്ങളിലാണുള്ളതെന്നൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.”

പിറ്റേന്ന്, കോട്ടയത്തെ ഡി സി ബുക്സ് ഷോറൂമിൽനിന്ന് ഞാൻ അവന് ശംസുദ്ദീൻ മുബാറകിന്റെ ‘മരണപര്യന്തം റൂഹിന്റെ നാൾമൊഴികൾ’ എന്ന നോവൽ വാങ്ങിച്ചുകൊടുത്തു. ഭാവനയും, യാഥാർത്ഥ്യവും, ഭ്രമകൽപ്പനകളും Textവേർതിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ ഈ പുസ്തകം എനിക്ക് അസാധ്യമായൊരു വായനാനുഭവമായിരുന്നു. മരണാനന്തര ലോകങ്ങളെയും അവിടത്തെ ജീവിതങ്ങളെയുമൊക്കെക്കുറിച്ച് നോവൽ എഴുതാൻ തുനിഞ്ഞവരാരും ഇതുവരെ വിജയിച്ചതായി കേട്ടിട്ടില്ല.  ഗബ്രിയേൽ ഗാർസിയ മാർക്കേസ് മരണാനന്തര ലോകത്തെക്കുറിച്ച് എഴുതാൻ തുടങ്ങിയശേഷം മതിയായ ഡാറ്റയുടെ അഭാവത്തിൽ, ഭാവനയുടെ പരിമിതിയിൽ എഴുത്ത് നിർത്തിവച്ചതായി കേട്ടിട്ടുണ്ട് . ആ അർത്ഥത്തിൽ ഒരു പക്ഷേ ലോകസാഹിത്യത്തിൽതന്നെ മരണവും, മരണാനന്തര ജീവിതവും പ്രമേയമാകുന്ന ഏറ്റവും മികച്ച നോവൽ ശംസുദ്ദീൻ മുബാറകിന്റെ ‘മരണപര്യന്തം’ ആയിരിക്കണം.  ശംസുദ്ദീൻ  മുബാറകിന്റെ എഴുത്തിലുടനീളം ഒരു പത്രപ്രവർത്തകന്റെ കൈയ്യടക്കവും, റിപ്പോർട്ടിംഗ് ഡെയ്റ്റ് ലൈനുമൊക്കെ കാണാനാകും. മരണാനന്തര ലോകത്തെക്കുറിച്ചുള്ള പരാമർശങ്ങളിലൊക്കെ സംഭവങ്ങൾ നടന്ന ‘തിയതികൾ’ നോവലിസ്റ്റിന്റെ ഭാവനക്കനുസൃതമായി പറയുന്നുണ്ട്. അറബി ഭാഷയിൽ ആത്മാവിന് ‘റൂഹ്’ എന്നാണ് പറയുന്നത്. റൂഹിന്റെ ദേഹാന്തര സഞ്ചാരത്തിനും, ദേശാടനങ്ങൾക്കും അദ്ദേഹം പിൻബലമായി സ്വീകരിച്ചിരിക്കുന്നത് ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിലെ പരലോക പാഠങ്ങളാണ്. അതുകൊണ്ടുതന്നെ ഖുർആനിക ഇമേജറികളാൽ സമൃദ്ധമാണ് പുസ്തകം. വിശുദ്ധ ഖുർആനിലും പ്രവാചക വചനങ്ങളിലും നിറഞ്ഞു നിൽക്കുന്ന മരണാനുഭവങ്ങളെയും മരണാനന്തരാനുഭവങ്ങളെയും പുസ്തകത്തിൽ ഒരു മനുഷ്യാത്മാവിന്റെ സഞ്ചാരതലങ്ങളായി നമുക്ക് അനുഭവിക്കാം. മറുവശത്ത്, ഒരു നോവൽ എന്ന നിലയിൽ ഭാവനയ്ക്കും, ഭ്രമാത്മകതക്കുമുള്ള അവകാശം നോവലിസ്റ്റിനു വായനക്കാരൻ വകവെച്ചുകൊടുക്കണം. അവിടെ ഒരു വിശ്വാസിയുടെ അളവുകോലുകളും മാനദണ്ഡങ്ങളുംവെച്ച് ഈ പുസ്തകത്തെ സമീപിക്കാൻ ശ്രമിച്ചാൽ പരാജയപ്പെടും. ‘ആ പറഞ്ഞതിന് തെളിവുകളെവിടെ?’ എന്നുള്ള വിശ്വാസികളുടെ പതിവ് ചോദ്യങ്ങൾ ഇവിടെ പ്രസക്തമേയല്ല. കാരണം, ഇതൊരു നോവലാണല്ലോ! പക്ഷേ, ഈ നോവൽ യാഥാർത്ഥ്യത്തോട് വല്ലാതെ അടുത്തു നിൽക്കുന്നുവെന്ന് ഇസ്‌ലാമിക ദർശനത്തിലെ പരലോക സങ്കൽപ്പനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നവർക്കൊക്കെ പെട്ടെന്ന് മനസ്സിലാകും.
നമ്മുടെയൊക്കെ മരണത്തിനുമുമ്പുതന്നെ നമുക്കൊരു മരണാനുഭവം സമ്മാനിക്കാൻ ഉഗ്രശേഷിയുള്ള പുസ്തകം കൂടിയാണിത്. മരണത്തിന്റെ വിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം ഊണിലും ഉറക്കത്തിലും കാലങ്ങളോളം നമ്മെ വേട്ടയാടും.

അനന്തകോടി സഹസ്രാബ്ദങ്ങൾക്ക് മുമ്പ്, സൂര്യനും ചന്ദ്രനും താരാപഥങ്ങൾക്കും മുമ്പ്, ഭൂമിക്ക് മുമ്പ്, ‘ആലമുൽ അർവാഹ്’ എന്ന റൂഹുകളുടെ ലോകത്തിൽവെച്ച് പരസ്പരം കൂട്ടുകൂടുകയും ആലിംഗനം ചെയ്യുകയും, കലഹിക്കുകയും ചെയ്ത ആത്മാക്കൾ ഭൂമിയിൽ എത്തിപ്പെട്ടതിന്റെയും, ഒരുമിച്ചു കൂടിയതിന്റെയും, ജീവിതം ആസ്വദിച്ചതിന്റെയും പിന്നീട് അപാരതയുടെ തിരശ്ശീലകൾ പിന്നിട്ട് മരണമെന്ന മഹാനിശബ്ദതയിലേക്ക് ഏകാകിയായി സഞ്ചരിച്ചതിന്റെയും തുടർന്നങ്ങോട്ടുള്ള വിഭ്രമജനകമായ സഞ്ചാരപഥങ്ങളുടെയും കഥയാണ് നോവലിസ്റ്റ് പറയുന്നത്.

ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചശേഷം നാട്ടിൽ തിരികെയെത്തിയ തയ്യിലപ്പറമ്പിൽ അബൂബക്കറിന്റെ മകൻ ബഷീറിന്റെ മരണസമയം മുതൽ തുടങ്ങുന്ന അനുഭവങ്ങളും തുടർന്നങ്ങോട്ട് അദ്ദേഹത്തിന്റെ ആത്മാവ് സഞ്ചരിച്ചെത്തുന്ന ലോകങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. 2015 ഓഗസ്റ്റ് 17- നായിരുന്നു ബഷീറിന്റെ മരണം. മരണമെത്തുന്ന നേരം മുതലുള്ള അനുഭവങ്ങൾ പരലോകത്തിരുന്ന് ബഷീർ തന്റെ ഡയറിത്താളുകളിൽ കുറിച്ചിടുന്നുണ്ട്. താൻ കണ്ട ലോകങ്ങൾ, താൻ കണ്ട കാലങ്ങൾ, അഭൗമിക കാഴ്ചകൾ, അമ്പരപ്പിക്കുന്ന ശബ്ദദൃശ്യങ്ങൾ. മരണാനന്തരം ഖബറിലെത്തിയെങ്കിലും ഭൂമിയിലെ സമയരാശികളിൽ നിന്നുകൊണ്ടാണ് ബഷീർ ഡയറിയെഴുതി തുടങ്ങിയത്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ 24 മണിക്കൂർ ടൈം ഫ്രെയിമിൽ നിന്നുകൊണ്ട് സ്വാഭാവികമായും റൂഹിന് അനുഭവപ്പെട്ട ദിനരാത്രങ്ങളിലെ കാഴ്ചകളാണ് വാങ്മയചിത്രങ്ങളായി ബഷീർ എഴുതിയത്. ഭൂമിയിലെ സമയക്രമമനുസരിച്ച് എഴുതിയ ബഷീറിന്റെ ഡയറിയിലെ ഭാഗങ്ങളിൽ നിന്ന് നോവലിൽ എടുത്തു ചേർത്തിരിയ്ക്കുന്ന അവസാനതാൾ 2278 മെയ് 13-ന് എഴുതിയതാണ്. ആ ദിവസത്തെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്:

“ഇന്നൊരു വെള്ളിയാഴ്ച, രാവിലെ മുതൽ അപായ സൂചനപോലെ ആകാശത്തുനിന്ന് നിർത്താതെ വലിയ ശബ്ദം മുഴങ്ങുന്നു. ലോകാവസാനത്തിന് നിയോഗിക്കപ്പെട്ട ഇസ്റാഫീൽ മാലാഖ ‘സൂർ’ എന്ന കാഹളം ചുണ്ടോടു ചേർത്ത് തയാറായി നിന്നു. മാലാഖയുടെ കാൽക്കീഴിൽ ഒരു പൊട്ടുപോലെ ലോകം ചെറുതായി. ദൈവത്തിന്റെ അനുമതി ലഭിച്ചതും ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒന്നാമത്തെ കാഹളമൂത്ത് സംഭവിച്ചു. മാലാഖ തന്റെ കാഹളത്തിൽ പ്രകമ്പനത്തിന്റെ ഇടിമുഴക്കം നടത്തിയതിന്റെ അമ്പരപ്പിൽ ആത്മാവായ ഞാൻ പോലും പേടിച്ചരണ്ടു.”
ലോകാവസാനത്തിനുശേഷം പിന്നീടങ്ങോട്ടുള്ള ഡയറിക്കുറിപ്പുകൾക്ക് വ്യത്യസ്തമായ കാലഗണനയായിരുന്നു. ഭൂമിയിലെ 24 മണിക്കൂർ കാലഘടനയ്ക്ക് പകരം, ഭൂമി ഇല്ലാതായ പുതിയ സാഹചര്യത്തിൽ റൂഹിനുമാത്രം അനുഭവപ്പെട്ട കാലത്തിലിരുന്നാണ് ബഷീർ ഡയറിക്കുറിപ്പുകൾ എഴുതിയത്.

നോവലിലെ ‘അനന്തം, അനശ്വരം’ എന്ന രണ്ടാം പർവത്തിൽ മരണത്തിനുശേഷം പുനർജനിക്കപ്പെട്ട റൂഹിന്റെ കഥയാണ് പറയുന്നത്. നമുക്ക് പരിചിതമായ കാലഗണനക്കപ്പുറമുള്ളതായിരുന്നു ആ നാൾമൊഴികൾ. ലോകം അവസാനിച്ചതിനുശേഷമുള്ള ആദ്യദിനത്തിൽ റൂഹിന്റെ ഡയറിക്കുറിപ്പ് തുടങ്ങുന്നത് 01/01/01 എന്ന തിയതിയിലാണ്. ആ ദിവസത്തെ നാൾവഴിക്കുറിപ്പ് ഇങ്ങനെ വായിക്കാം:

“ആകാശങ്ങൾക്കു താഴെ ഇപ്പോൾ ഒന്നുമില്ല. ഒന്നും. ഒന്നുമില്ലായ്മയുടെ മഹാശൂന്യത മാത്രം. ഭൂമിയിലെ തന്റെ കൃത്യം പൂർത്തിയാക്കി മരണത്തിന്റെ മാലാഖ ആകാശങ്ങൾക്കു മുകളിൽ ദൈവസിംഹാസനത്തിനടുത്ത് ഹാജരായിനിന്നു. ഇനി എന്തുചെയ്യണമെന്ന ദൈവകൽപ്പനയ്ക്ക് കാത്തിരിക്കുകയായിരുന്നു അസ്റാഈൽ.”
റൂഹിന്റെ അനേക കാലത്തെ നിരവധി ഡയറികളിൽനിന്ന് നോവലിനു വേണ്ട ഭാഗങ്ങൾ മാത്രം തെരഞ്ഞെടുത്ത് ആ ദിവസങ്ങളിലെ കുറിപ്പുകൾ മാത്രമാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.

ആത്മീയവും അതിഭൗതികവുമായ ലോകങ്ങളെക്കുറിച്ച് കേരളത്തിലെ മുസ്‌ലിം സാംസ്കാരിക പശ്ചാത്തലത്തിലുള്ള കഥകൾക്കും മിത്തുകൾക്കും സമാനതകളുണ്ടെന്നും അത് ഒരേ തരംഗദൈർഘ്യത്തിൽ വിശാല ഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു എന്നും എനിക്ക് മനസ്സിലാക്കിത്തന്നത് ഈ നോവലാണ്.
കോട്ടയത്തെ താഴത്തങ്ങാടിയിൽ ജനിച്ച ഞാൻ കുട്ടിക്കാലത്ത് കേട്ട ജിന്നിന്റെയും, റൂഹിന്റെയും, ഇഫ് രീത്തിന്റെയുമൊക്കെ ഉമ്മുമ്മാ കഥകൾ, മലപ്പുറത്തിരുന്ന് ശംസുദ്ദീൻ  മുബാറക് പറയുമ്പോൾ നാം എത്തിപ്പെടുക ആധുനികവത്കരണത്തിനു മുൻപുള്ള, മൊബൈൽ ഫോണിനും ഇന്റർനെറ്റിനും മുൻപുള്ള, ഇത്രയധികം വാഹനസാന്ദ്രതയില്ലാതിരുന്ന പഴയൊരു കേരളത്തിന്റെ ഗൃഹാതുരതയിലേക്കാണ്.
കാലം എന്നത് നോവലിലുടനീളം വിഭ്രമിപ്പിക്കുന്ന ഒരനുഭവമാണ്. ഒരു ടൈം മെഷീനിൽ സഞ്ചരിക്കുന്ന പ്രതീതി വായനക്കാരനിൽ സൃഷ്ടിക്കാൻ പോന്നതാണ് ശംസുദ്ദീൻ  മുബാറകിന്റെ നോവലും, എഴുത്തുരീതിയും. ഭൂമിയിൽ ജീവിച്ചുകൊണ്ടിരിക്കെതന്നെ ഭൂതകാലത്തേക്കും, ഭാവികാലത്തേക്കും ഒരുപോലെ സഞ്ചരിക്കാൻ ശേഷിയുള്ള ഒരു ടൈം മെഷീനുള്ളിൽ കയറിയിരുന്ന് അനേകലക്ഷം കോടി സഹസ്രാബ്ദങ്ങൾക്കു പിന്നിലേക്കും മുന്നിലേക്കും സഞ്ചരിക്കാൻ ഓരോ വായനക്കാരനെയും പ്രാപ്തനാക്കുന്നു നോവലിസ്റ്റിന്റെ രസദുഃഖസമ്മിശ്രമായ ഭാവനാസമ്പന്നത.

എന്റെ ബാല്യകാലത്ത് താഴത്തങ്ങാടിപ്പള്ളിയിലെ ‘വഅ്ളുകൾ’ എന്ന് വിളിക്കപ്പെടുന്ന പാതിരാപ്രസംഗങ്ങളിൽ ഉസ്താദുമാർ പറഞ്ഞുതന്ന പരലോക വിശേഷങ്ങൾ ഈ നോവലിലുടനീളം ദൃശ്യബിംബങ്ങളായി നിറഞ്ഞുനിൽക്കുന്നു.

സ്വർഗാവകാശിയുടെ ആത്മാവിനെ മനുഷ്യശരീരത്തിൽനിന്ന് വേർപെടുത്തി വാനലോകങ്ങളിലേക്ക് കൊണ്ടുപോകുന്ന അനുഭവം കഥാപാത്രമായ സൈനുവിന്റെ അത്മാവിന് അനുഭവപ്പെട്ട ആകാശാനുഭവമായി നോവലിൽ പറയുന്നുണ്ട്:

“ആത്മാവിനെ പട്ടുതൂവാലയിൽ പൊതിഞ്ഞ് സ്വർഗത്തിൽ നിന്നുകൊണ്ടുവന്ന സുഗന്ധം തളിച്ച് മാലാഖമാർ ആകാശങ്ങളിലേക്കാണ് പോയത്. മാതാവ് കുഞ്ഞിനെ മടിയിലിരുത്തി താരാട്ടുന്നതുപോലെ അവർ ആത്മാവിനെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു. ആ സമയം എന്റെ മുറിയും പരിസരവും ജീവൻ പോകുന്ന വഴികളും സുഗന്ധം കൊണ്ടുനിറഞ്ഞു. ഒന്നാം ആകാശത്ത് മാലാഖമാർ എത്തിയപാടെ അതിന്റെ കവാടം മലർക്കെ തുറന്നു. ആകാശത്തെ മാലാഖമാരുടെ മുഖത്ത് സന്തോഷവും ആനന്ദവും നിറയുന്നത് കാണാമായിരുന്നു.”
“ആരാണിത്…? എന്തൊരു സുഗന്ധം…? ഇത്ര നല്ല സുഗന്ധം ഞങ്ങൾ ആസ്വദിച്ചിട്ടില്ലല്ലോ?”
“മാലാഖമാർ വിശുദ്ധാത്മാക്കളുടെ ലോകത്തേക്ക് എന്നെ കൊണ്ടുപോയി. പ്രകാശം നിറഞ്ഞ സുഗന്ധപൂരിതമായ ‘ഇല്ലിയീൻ’ എന്ന ആത്മാക്കളുടെ ലോകമായിരുന്നു അത്. മഹത്വത്തിന്റെ ഉന്നതമായ സോപാനം. സ്വർഗത്തിലെ സുന്ദരമായ പക്ഷിയുടെ ശരീരത്തിലേക്കാണവർ എന്റെ ആത്മാവിനെ നിക്ഷേപിച്ചത്. സ്വർഗത്തിലെ കായ്കനികൾ ഭക്ഷിച്ചും അരുവികളിലെ വെള്ളം കുടിച്ചും ഞാനങ്ങനെ സ്വർഗത്തിലെ പൂന്തോട്ടത്തിൽ കളിച്ചുല്ലസിച്ച് കുറേനേരം പാറിനടന്നു. രത്നത്തിൽ തീർത്ത താഴികക്കുടങ്ങളിലും അലങ്കാര ദീപങ്ങളിലും ചേക്കേറി പാട്ടുപാടിക്കൊണ്ടിരുന്നു. ബൈളാഅ് എന്ന ചില്ലുകൊട്ടാരത്തിലായിരുന്നു എന്റെ വാസം.”
ഇസ്‌ലാമിലെ പരലോക സങ്കല്പനങ്ങൾ പ്രകാരം മനുഷ്യരുടെ നന്മതിന്മകൾ തൂക്കിനോക്കുന്ന ‘മീസാൻ’ എന്ന ഒരു ത്രാസുണ്ട്. ഓരോരുത്തരുടെയും നന്മയും തിന്മയും സ്വർണം തൂക്കുന്നതിനേക്കാൾ കൃത്യതയിൽ തൂക്കിനോക്കുന്ന മീസാൻ എന്ന ത്രാസ്, ശംസുദ്ദീൻ  മുബാറക് എന്ന നോവലിസ്റ്റിന്റെ ഭാവനയിൽ ഇലാസ്തിക സ്വഭാവമുള്ള, പ്രപഞ്ചമാകെ ദൃശ്യമാകുന്ന അതിബൃഹത്തായ ഒരു തുലാസാണ്.

നോവൽ പറയുന്നു:

“ദൈവസിംഹാസനത്തിനടുത്താണ് മീസാൻ. സിംഹാസനത്തിൽനിന്നു തൂങ്ങുന്ന വലിയ രണ്ടു തട്ടുകൾ. തൂക്കപ്പെടുന്ന കർമങ്ങളുടെ അളവനുസരിച്ച് വലുതാകാനും ചെറുതാകാനുമുള്ള കഴിവുണ്ട് ഓരോ തട്ടിനും. ചിലപ്പോൾ ആകാശ ഭൂമികളെ തൂക്കാൻ പാകത്തിൽ അതു വലുതാകുന്നു. ചിലപ്പോൾ തീരെ ചെറുതാകുന്നു.”
ഇമാം മഹ്ദി, ദജ്ജാൽ, ഈസാനബി, യഅ്ജൂജ്, മഅ്ജൂജ്, തബരി തടാകം, ദാബ്ബത്തുൽ അർള്, മഹ്ഷറ, ഹൗളുൽ കൗസർ, അർഷിന്റെ തണൽ, വിചാരണയും പ്രവാചകന്മാരും, സിറാത്ത് പാലം, സൽസബീൽ, സിദ്റത്തുൽ മുൻതഹാ തുടങ്ങി ഇസ്‌ലാമിക് എസ്കറ്റോളജിയിലെയും പരലോക സങ്കൽപനങ്ങളിലെയും ഏതാണ്ടെല്ലാ വശങ്ങളും അതിന്റെ സമഗ്രതയിൽ, ഭാവനാത്മകമായി അവതരിപ്പിച്ച ഈ നോവൽ രചനയുടെ പതിവുരീതി വിട്ട് ആഖ്യാനത്തിന്റെ പുതു സാധ്യതകൾ തേടിയിരിക്കുകയാണ്. പുസ്തകത്തിന്റെ അനുബന്ധത്തിൽ പത്രപ്രവർത്തകൻ കൂടിയായ ജയൻ ശിവപുരം എഴുതുന്നു: “നല്ല നോവലുകൾ കൃത്യമായ കഥയല്ല മനസ്സിൽ അവശേഷിപ്പിക്കുന്നത്. ആഖ്യാനത്തിന്റെ വിശദാംശങ്ങളുമല്ല. മറിച്ച്, വിറ്റ്ഗെൻസ്റ്റൈൻ നിരീക്ഷിക്കുന്നതുപോലെ മഹത്തായ അനുഭവ ലോകമാണത്. വായനാനന്തരം കഥയായി പറഞ്ഞു ഫലിപ്പിക്കാനാവാത്ത അപൂർവ്വരസാനുഭൂതി.”

ഒരു കണ്ണും കാണാത്ത കാഴ്ചകളെന്നാണ് ഇസ്‌ലാമിക് എസ്കറ്റോളജിയിൽ (യുഗാന്തശാസ്ത്രം) സ്വർഗകാഴ്ചകളെക്കുറിച്ച് പറയുന്നത്. ഈ നോവലിലെ സ്വർഗദൃശ്യങ്ങൾക്ക് തീക്ഷ്ണമായ ഭാവനയുടെ കാവ്യാത്മക സൗന്ദര്യമുണ്ട്. അത്തരം ചില സ്വർഗദൃശ്യങ്ങളോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം.
“പരസ്പരം കഥകൾ പറഞ്ഞു രസിക്കാൻ പറവകളെപ്പോലെ കസ്തൂരിക്കുന്നുകളിൽ കൂട്ടത്തോടെ സ്വർഗവാസികളിൽ പലരും ചേക്കേറുന്നതു കണ്ടു. പരസ്പരം കൈകോർത്തുപിടിച്ച് കൂട്ടംകൂട്ടമായി ചിരിച്ചുല്ലസിച്ചാണവർ നടക്കുന്നത്. അവർക്കു യാത്രചെയ്യാൻ സ്വർണചിറകുകളുള്ള പറക്കുന്ന കുതിരകളും ഒട്ടകങ്ങളും മേഞ്ഞുനടക്കുന്നു. കുന്നുകളിലെ താഴ്‌വാരങ്ങളിലുള്ള മരങ്ങളിൽ കെട്ടിയ ഊഞ്ഞാലുകളിൽ കിടന്നാടി അവർ രസിക്കുന്നു. അവരെ ഊഞ്ഞാലാട്ടാൻ അപ്സരസ്സുകൾ മത്സരിക്കുന്നു.” “മരങ്ങൾക്കിടയിലൂടെ, താഴ്‌വാരത്തെ കാഴ്ചകൾ കണ്ടു നടക്കുകയാണു ഞാൻ. താഴ്‌വാരത്തുകൂടെ വൈവിധ്യമാർന്ന പുഴകൾ കളകളാരവം മുഴക്കി മൃദുവായി ഒഴുകുന്നുണ്ട്. അരുവികളുടെ തീരത്തായി കൊട്ടാരങ്ങളും മണിമാളികകളും കൂടാരങ്ങളും ഒക്കെയുണ്ട്. ഒറ്റ മുത്തിൽ മാത്രം നിർമിച്ച കൂടാരങ്ങളും കണ്ടു. ഈ കൂടാരങ്ങളിലാണ് അപ്സരസ്സുകൾ താമസിക്കുന്നത്.”

“അതീവ സുന്ദരിയായൊരു അപ്സരസ്സ്. സ്ഫടിക സമാനമായ ഉടലുകൾ. വലിയ ആകർഷകമായ കണ്ണുകളിൽ സുറുമയിട്ടിരിക്കുന്നു. കറുത്ത പുരികങ്ങൾ അതിരിടുന്ന മയിൽപ്പീലിക്കണ്ണുകൾ. കണ്ണുകൾക്കു ചുറ്റും മസ്കാരയുടെ നീലക്കടൽ. കാലിലും കയ്യിലും, സ്വർണ്ണത്തിലും പവിഴത്തിലും ഇന്ദ്രനീലത്തിലും പണിത ആഭരണങ്ങൾ. എന്നെ കണ്ടതും അവളൊന്നു ചിരിച്ചു. പവിഴമുത്തുകൾ ചിതറിവീഴുന്ന പോലെ പരിസരമാകെ പ്രകാശത്തിന്റെ പൊട്ടുകൾ ചിതറിവീണു.”

ശംസുദ്ദീൻ മുബാറകിന്റെ നോവൽ വായിച്ചു തീരുന്ന ഓരോ വായനക്കാരന്റെയുമുള്ളിൽ പ്രത്യാശയുടെ പവിഴമുത്തുകൾ ചിതറി വീഴുമെന്നുറപ്പാണ്. സ്വർഗ സംഗീതത്തിന്റെ വിശുദ്ധഗീതികൾ വാതിൽപ്പഴുതിലൂടെ മെല്ലെ മെല്ലെ കുങ്കുമം വാരിവിതറിയെത്തുമെന്നും എനിക്കുറപ്പാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.