പുല വീടുംമുമ്പ്
സുഗതച്ചേച്ചിയുടെ പതിനഞ്ചു കവിതകള്‍ കവിയുടെതന്നെ കൈപ്പടയില്‍ പുതിയൊരു സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നു ശഠിച്ച് ഒരു കൊല്ലക്കാലം ഞാന്‍ സുഗതച്ചേ
ച്ചിയുടെ പിന്നാലെ നടന്നു.
സമാഹാരമുണ്ടാക്കാന്‍ സമ്മതിച്ചിട്ടു വേണ്ടേ! പിന്നെയല്ലേ കൈപ്പടയില്‍ എഴുതിക്കിട്ടുന്ന കാര്യം! അനുജത്തി സുജാത(ദേവി)യുടെ കവിതകള്‍ പ്രസിദ്ധീകരിക്കുന്ന ജോലി എന്നെ ഏല്പിച്ചിരുന്നു. മരിക്കുന്നതിന്നു മുമ്പ് ആ സമാഹാരം കാണണമെന്ന ഒറ്റ ആഗ്രഹമേ ആള്ക്കുണ്ടായിരുന്നുള്ളൂ.
മാര്‍ച്ചുമാസത്തില്‍ സുജാതട്ടീച്ചറുടെ കവിതകള്‍ ‘മൃണ്മയി’ എന്ന പേരില്‍ സമാഹരിച്ച് ദീര്ഘപഠനമെഴുതി തയാറാക്കിയെങ്കിലും കോവിഡ്19 കാരണം അച്ചടി വൈകി. ജൂലൈ
മാസത്തില്‍ ആ പുസ്തകം പുറത്തിറങ്ങിയപ്പോള്മുതല് ഞാന്‍ വീണ്ടും പലവുരു ശഠിച്ചു
നോക്കി, കവിതകളെല്ലാം കൈപ്പടയില്‍ എഴുതിത്തരണമെന്ന്. എണീറ്റിരുന്നെഴുതാന് വയ്യ, കയ്യിടറുന്നുവെന്നായി സുഗതച്ചേച്ചി. അതുകൊണ്ടാണ് ഒരു മാസം മുമ്പ് കൈപ്പടക്കിനാവു വിട്ട് ഇമ്മട്ടില്‍ പുസ്തകം പുറത്തുകൊണ്ടുവരാന്‍ നിശ്ചയിച്ചത്; ജനുവരി 21-ന് മകരത്തില്‍ അശ്വതി, ആണ്ടപ്പിറന്നാളിന്ന്.
പുസ്തകത്തിന്നൊരു പേര് ആലോചിച്ചുവയ്ക്കണമെന്ന് അപേക്ഷിച്ചെങ്കിലും അതു തെരഞ്ഞെടുക്കുവാന്‍ എന്നോടു പറയുകയായിരുന്നു; എന്നോട് അവസാനം പറഞ്ഞ കാര്യം! സുഗതച്ചേച്ചിയുടെ കവിതകളിലെ പ്രബന്ധവ്യാപിയായ ഒരു അനിര്ദ്ധാരിതപ്രശ്നത്തിന്റെ സൂചകമായതുകൊണ്ട് ‘മരമാമരം’ എന്ന പേര്.
തൊള്ളായിരത്തിഎണ്പത്തിയെട്ട് ജൂണില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ പ്രകൃതിസ്നേഹികളുടെ ഒരു ലോകസമ്മേളനത്തില് പങ്കെടുത്തതിനെപ്പറ്റി സുഗതച്ചേച്ചി ഒരു ദീര്ഘലേഖനമെഴുതിയിട്ടുണ്ട്. ഒരിക്കല്‍ പഴയ ചിത്രങ്ങള്‍ തെരഞ്ഞപ്പോള്‍ സമ്മേളനത്തിന്റെ നേതാവായ അമേരിക്കന്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍ മാര്‍ക്ക് ഡുബോയുടെ പടവും ഡേവിഡ് ബോളിങ് എന്നു പേരുള്ള ഒരാളുടെ ചെറിയ ഒരു എഴുത്തും കാട്ടിത്തന്നു. ‘ഏഴടി പൊക്കവും അതിനൊത്ത തടിയും സ്വര്‍ണത്തലമുടിയും താടിയും അതീവ ശാന്തമായ മിഴികളുമുള്ള ഒരു ഭീമാകാരനാണ് മാര്‍ക്ക്. ശക്തനും സൗമ്യനും പണ്ഡിതനുമായ ഒരു അപൂര്‍വ മനുഷ്യന്. നഗ്നപാദനായ അമേരിക്കക്കാരന്!’ എന്നാണ് സുഗതച്ചേച്ചി മാര്‍ക്കിനെ അനുസ്മരിക്കുന്നത്. കിങ്സ് റിവറില്‍ ഫൈബര്‍ ഗ്ലാസ് റാഫ്റ്റില്‍ നടത്തിയ അപകടകരമായ യാത്രയെപ്പറ്റിയും മേല്‍പ്പറഞ്ഞ ലേഖനത്തില്‍ സുഗതച്ചേച്ചി എഴുതിയിട്ടുണ്ട്; റാഫ്റ്റ് തുഴഞ്ഞയാളാണ് ഡേവിഡ് ബോളിങ്.
രണ്ടായിരത്തിപ്പതിനെട്ടില്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ പോയപ്പോള്‍ ഏറെക്കിണ
ഞ്ഞാണു ഞാന്‍ ഇവരെ രണ്ടുപേരെയും കണ്ടുപിടിച്ചത്. അന്നത്തെ സമ്മേളനത്തിന്റെ എന്തെങ്കിലും ചിത്രങ്ങളോ രേഖകളോ കിട്ടുമോ എന്നാണു ഞാന്‍ അന്വേഷിച്ചത്. രേഖകളെല്ലാം ഒരു ഡെപ്പോസിറ്ററിയിലേക്ക് മാറ്റിയിരുന്നു. സുഗതച്ചേച്ചി സംസാരിച്ചതിന്റെ രേഖകളൊന്നും കിട്ടിയില്ല; ചിത്രങ്ങളൊന്നുമില്ലതാനും. സുഗതച്ചേച്ചിയെ ആദരപൂര്‍വം ഓര്‍ത്തുകൊണ്ട് അവരിരുവരും എഴുതിത്തന്ന കുറിപ്പുകളാണ് വരും പേജുകളില്‍.
സുജാത പോയതിന്നുശേഷം എനിക്കെന്തു പിറന്നാളെന്നൊക്കെ പല തവണ പറഞ്ഞു
വെങ്കിലും എണ്‍പത്തിയേഴാം പിറന്നാളില്‍ സുഗതച്ചേച്ചി ഉണ്ടാവില്ലെന്നു വിചാരിച്ചില്ല.
ഒറ്റയ്ക്കു വീണു മരിയ്ക്കാന്‍ പഠിച്ചു ഞാന്‍ എന്നു നാലു പന്തീരാണ്ടുമുമ്പ് പാടിയതു കേട്ടി
രുന്നുവെങ്കിലും അതിങ്ങനെ വന്നു ഭവിക്കുമെന്നു വിചാരിച്ചില്ല.
ഐമ്പതു കൊല്ലത്തെ ആഹ്ലാദൈകസ്യന്ദികളായ ഓര്‍മകള്‍ക്കും മരണത്തിന്റെ നീരന്ധ്രശൂന്യതയെ മാച്ചു കളയാന്‍ കഴിയില്ലെന്ന് അറിഞ്ഞില്ല.
Comments are closed.