DCBOOKS
Malayalam News Literature Website

‘മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍’ എന്ന കൃതിയെക്കുറിച്ച് ജേക്കബ് ഐപ്പ് എഴുതുന്നു


ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത് അലക്‌സാണ്ടറും ചേര്‍ന്ന് രചിച്ച മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍ എന്ന കൃതിയെക്കുറിച്ച് ജേക്കബ് ഐപ്പ് എഴുതുന്നു…

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സൈന്യത്തില്‍ ആറു ലക്ഷത്തോളം സൈനികരും ആറായിരം ക്യാപ്റ്റന്‍മാരും ഉണ്ടായിരുന്നു. ഈ ആറായിരം ക്യാപ്റ്റന്‍മാരുടെ പേരുകള്‍ നെപ്പോളിയന്‍ ഓര്‍ത്തിരുന്ന് അവരെ പേരുചൊല്ലിവിളിച്ചാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. സ്വാമി വിവേകാനന്ദന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ പുസ്തകശാലയില്‍നിന്ന് 600 പേജുള്ള പുസ്തകം എടുത്ത് രണ്ടു മണിക്കൂറുകള്‍കൊണ്ട് വായിച്ച് തിരികെനല്‍കി. ലൈബ്രേറിയന് ഒരു സംശയം. വിവേകാനന്ദന്‍ പുസ്തകം വായിച്ചിട്ടുണ്ടോ? അദ്ദേഹം പുസ്തകത്തില്‍നിന്ന് ഒട്ടേറെ ചോദ്യങ്ങള്‍ വിവേകാനന്ദനോട് ചോദിച്ചു. അവയ്‌ക്കെല്ലാം അദ്ദേഹം കൃത്യമായി മറുപടിയും നല്‍കി. അപ്പോള്‍ ചിലര്‍ക്കുള്ളതാണോ ഓര്‍മ്മയുടെ ഈ നക്ഷത്രകാന്തി. ആര്‍ക്കും പരിശീലനം കൊണ്ട് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തില്‍.

ഓര്‍മ്മയുടെ അറകള്‍ നിറയ്ക്കാന്‍ കഴിയുന്ന പ്രയോഗിക നിര്‍ദ്ദേശങ്ങള്‍, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ടെക്‌നിക്കുകള്‍ എല്ലാ പുരാണങ്ങളില്‍നിന്നും ഇതിഹാസങ്ങളില്‍നിന്നുമുള്ള കഥകളുടെ പിന്‍ബലത്തോടെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം. കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ ആഹാരപദാര്‍ത്ഥങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നു പറയുകയാണ് ഒന്നാം അധ്യായത്തില്‍. അതുപോലെതന്നെ ഏതൊക്കെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കണമെന്നും.’ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കണമെങ്കില്‍’ എന്ന രണ്ടാം അധ്യായം കുട്ടികളുംരക്ഷാകര്‍ത്താക്കളും അറിയേണ്ട വസ്തുതകളാണ് വിവരിക്കുന്നത്. പഠനമുറി കുട്ടികളുടെ പഠനത്തെ വളരെ സ്വാധീനിക്കും. നല്ല കാറ്റും വെളിച്ചവും ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. ഏറ്റവും കൂടുതല്‍ ബൗദ്ധിക ശേഷി ഉണ്ടാകുന്നത് രാവിലെ 3 മണി മുതല്‍ 6 മണിവരെയാണ്. കുറയുന്നതാകട്ടെ ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിവരെയും അതിനാല്‍ പഠനം രാവിലെ ആക്കണം. ഏതു ദിശയിലിരുന്നാണ് പഠിക്കേണ്ടത് എന്നും ഈ അധ്യായത്തില്‍ വിവരിക്കുന്നു. ആഹാരവും വെള്ളവും കുട്ടികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ചുള്ള ഭാഗത്ത് പറയുന്നു, ” ഒരു മനുഷ്യന്‍ അഞ്ചു മണിക്കൂര്‍ തൂമ്പയെടുത്ത് കിളച്ചാല്‍ എത്ര ഊര്‍ജ്ജം ചെലവാകുമോ അത്രയും കായികാധ്വാനത്തിനാവശ്യമായ ഊര്‍ജ്ജം തലച്ചോര്‍ ചെലവാക്കിയിരിക്കുകയാണ്. പല മാതാപിതാക്കളും ഇത് അറിയാതെയാണ് കുട്ടികളോട് ഇടപെടുന്നത്.” അരിസ്റ്റോട്ടിലിന്റെ അടുക്കല്‍ ഒരു അമ്മ തന്റെ കുട്ടിയുമായി ചെന്നു. ഇവനെ ഇപ്പോള്‍ പഠിപ്പിക്കാന്‍ വിടാമോ എന്ന് അന്വേഷിച്ചു. അരിസ്റ്റോട്ടില്‍ ഇവന് എന്തു പ്രായമായി എന്ന് ചോദിച്ചു. ‘അഞ്ചു വയസ്സ്.’അമ്മ പറഞ്ഞു. അപ്പോള്‍ അരിസ്റ്റോട്ടില്‍ ‘അമ്മേ അഞ്ചു വയസ്സ് താമസിച്ചുപോയല്ലോ’ എന്ന് മറുപടിയും പറഞ്ഞു.

ആധുനികശാസ്ത്രം പറയുന്നത് ‘ഒരു കുട്ടിഗര്‍ഭത്തില്‍ ഉരുവായി എണ്‍പത്തിഒന്‍പത് ദിവസങ്ങള്‍ കഴിയുമ്പോള്‍ തലച്ചോറിന്റെ ആദ്യകോശവിഭജനം ആരംഭിക്കുന്നു. അതായത് ആ സമയം മുതല്‍ ശ്രദ്ധിച്ചെങ്കില്‍മാത്രമേ ബുദ്ധിയും ഓര്‍മ്മശക്തിയുമുള്ള കുട്ടിജനിക്കുകയുള്ളൂ.’ ഗര്‍ഭം മുതല്‍ പന്ത്രണ്ട് വയസ്സുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന മൂന്നാം അധ്യായത്തില്‍ ഗര്‍ഭകാലം കുഞ്ഞിന്റെ ബുദ്ധിശക്തിയുടെ വളര്‍ച്ചയുടെ കാലമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ‘ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് നല്ല രീതിയില്‍ തലച്ചോര്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരു കോഴ്‌സിനു ചേരുക എന്നതാണ്. തകൃതിയായി പഠിക്കണമെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കേണ്ട ടെക്‌നിക്കുകള്‍ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇവയില്‍ ആദ്യത്തേത് നെപ്പോളിയന്‍സ് കബോര്‍ഡ് ടെക്‌നിക്കാണ്. നമ്മുടെ തലച്ചോറില്‍ പല അറകളുണ്ട്. ഇവയില്‍ ഒരു സമയം ഏതാണ്ട് പത്തുകോടി വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കഷ്ടിച്ച് 30 ലക്ഷത്തില്‍ താഴെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. നെപ്പോൡന്‍ സൈനികരെ ഓര്‍ത്തിരിക്കുന്ന ടെക്‌നിക് നേടിയത് ആളിന്റെ പേരും രൂപവും ഒരുമിച്ച് തലച്ചോറില്‍ ശേഖരിച്ചുവെയ്ക്കും. ഇതേ രീതിയിലുള്ള കണക്ടഡ് മെമ്മറി ഉപയോഗിച്ച് പാഠഭാഗങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിയുമെന്ന് ഗ്രന്ഥകര്‍ത്താവ് ഓര്‍മ്മിപ്പിക്കുന്നു.

ടോയാന്‍ബീസ് ക്രോണോളജിക്കല്‍ ടെക്‌നിക്കാണ് അടുത്തത്. വിശ്വപ്രസിദ്ധ ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയന്‍ബി ഓര്‍മ്മയുടെ അറകളില്‍ അടുക്കടുക്കായി വിവരങ്ങള്‍ ശേഖരിച്ചതിന്റെ വിവരണം. വരകള്‍ വരച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതി. ഇതിലാണ് അദ്ദേഹം ചരിത്രത്തിന്റെ നാള്‍വഴികള്‍ അടുക്കി വച്ചത്. ആര്‍ക്കും പരിശീലിക്കാവുന്നമാര്‍ഗ്ഗം. ന്യൂട്ടന്റെ സിംടാക്‌സിങ്ങാണ് അടുത്തത്. ഈ പ്രശസ്ത്ര ശാസ്ത്രജ്ഞന് പല കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രകാശം പ്രിസത്തിലൂടെ കടത്തിവിട്ടപ്പോള്‍ കണ്ട മഴവില്ലിന്റെ നിറങ്ങള്‍ അടുക്കായി ഓര്‍ത്തിരിക്കാന്‍ കഴിയാത്ത ന്യൂട്ടന്റെ ഓര്‍മ്മക്കുറവിന് ശിഷ്യന്‍ കണ്ടെത്തിയ നിര്‍ദ്ദേശം സിംടാക്‌സിങ്. നിറങ്ങള്‍ VIBGYOR എന്ന രീതിയില്‍ ഓര്‍ക്കാന്‍ കഴിയും. ഇതാണ് സിംടാക്‌സിങ്. ദീര്‍ഘമായ അറിവുകള്‍ വളരെ ലളിതമായ രീതിയില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയും. പാഠഭാഗങ്ങള്‍ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന രീതി.

പാരലല്‍ തിങ്കിങ്ങിനെക്കുറിച്ച് മനോഹരമായ ഒരു അധ്യായമുണ്ട്. ”ഏതു കാര്യവും പഠിക്കണമെങ്കില്‍ അതു വെറും ഫാക്റ്റുകളായി പഠിക്കാതെ ഒരു ചോദ്യോത്തരമായോ അല്ലെങ്കില്‍ വൈരുദ്ധ്യം കണക്റ്റ് ചെയ്തുകൊണ്ടോ അതുമല്ലെങ്കില്‍ നിരൂപണരീതിയിലോ പഠിച്ചാല്‍ കാര്യങ്ങള്‍ വേഗത്തില്‍ ഓര്‍ത്തിരിക്കുമെന്ന് ഈ അധ്യായത്തില്‍ പറയുന്നു. സിംബല്‍ മാപ്പിങ്, വാള്‍ചാര്‍ട്ടിങ്ങ് തുടങ്ങിയ പല ടെക്‌നിക്കുകളും ഇതില്‍ പങ്കുവെക്കുന്നു. ബ്രെയിന്‍ സ്റ്റോമിങ്, കംപാരറ്റീവ് അനാലസിസ്, സ്പീഡ് റീഡിങ് തുടങ്ങിയ അധ്യായങ്ങളും ഉണ്ട്. കഥകളുംഉപകഥകളുമായി പുരോഗമിക്കുന്ന ഈ പുസ്തകത്തിലെ ഓരോ പേജും നമ്മെ വായിപ്പിക്കുകയല്ല. അനുഭവിക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്. കുട്ടികള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ സഹായിക്കുന്ന ഈ കൃതി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനം ചെയ്യുമെന്ന് നിസംശയം പറയാന്‍ കഴിയും.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.