DCBOOKS
Malayalam News Literature Website

മാപ്പിളപ്പാട്ടും ഓര്‍മ്മകളും

സംഭാഷണം

എം.എന്‍. കാരശ്ശേരി / അസീസ് തരുവണ

സിനിമകള്‍ ഉല്‍പ്പാദിപ്പിച്ച മാപ്പിളപ്പാട്ടുകളിലേക്ക് സൂക്ഷിച്ചനോക്കിയാല്‍ ഈ പാട്ടുകള്‍ മാപ്പിളമാരുടെ കലാജീവിതത്തെയും സാമൂഹ്യസാഹചര്യങ്ങളെയും പല മട്ടില്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുണ്ട് എന്ന് വ്യക്തമാവും. സാമൂഹികജീവിതം പാട്ടിനെയല്ല പാട്ട് സാമൂഹ്യജീവിതത്തെയാണ് സ്വാധീനിക്കുന്നത് എന്നര്‍ത്ഥം. അപൂര്‍വ്വമായൊരു സാമൂഹ്യപ്രതിഭാസമാണിത്.

മോയിന്‍കുട്ടി വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, ബദര്‍ പടപ്പാട്ട് എന്നീ കാവ്യങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടീഷുകാരനായഎഫ്. ഫോസറ്റ് ഇന്ത്യന്‍ ആന്റിക്വാറിയില്‍ (1889, 1901) എഴുതിയ പഠനങ്ങളാണ്, കണ്ടുകിട്ടിയതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള മാപ്പിളപ്പാട്ട് പഠനങ്ങള്‍. പില്‍ക്കാലത്ത് ടി.ഉബൈദ് അടക്കമുള്ളവര്‍ മാപ്പിളപ്പാട്ടുപഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ ഗവേഷണം നടത്തി പി.എച്ച്.ഡി നേടിയ ആദ്യ വ്യക്തിഎം.എന്‍. കാരശ്ശേരിയാണ്. ‘മാപ്പിളപ്പാട്ടിന്റെ സാഹിത്യ സാംസ്‌ക്കാരിക മൂല്യങ്ങള്‍’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം. ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു ഗവേഷണ മാര്‍ഗ്ഗദര്‍ശി.

മാപ്പിളപ്പാട്ടിനെ മുഖ്യധാരയില്‍ സജീവ ചര്‍ച്ചാവിഷയമാക്കുന്നതില്‍ കാരശ്ശേരി മാഷ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. തന്റെ ഗവേഷണത്തെപ്പറ്റിയും മാപ്പിളപ്പാട്ടിനെക്കുറിച്ചും
മാപ്പിളപ്പാട്ടുകവികളെക്കുറിച്ചുമുള്ള ആലോചനകള്‍ അദ്ദേഹം പങ്കുവെക്കുകയാണ് ഈ സംഭാഷണത്തില്‍.

അസീസ് തരുവണ: മാപ്പിളപ്പാട്ടിന്റെ സാഹിത്യ സാംസ്‌കാരിക മൂല്യങ്ങള്‍ (Literary and cultural values of Mappila songs) എന്നതായിരുന്നുവല്ലോ താങ്കളുടെ പി.എച്ച്.ഡി വിഷയം. മാപ്പിളപ്പാട്ടിനെക്കുറിച്ചുള്ള ആദ്യത്തെ പി.എച്ച്.ഡി വര്‍ക്ക് താങ്കളുടേതാണെന്നറിയാം. ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാനുണ്ടായ പശ്ചാത്തലം വ്യക്തമാക്കാമോ?

എം.എന്‍. കാരശ്ശേരി: ആ വിഷയത്തിലേക്ക് എത്തിപ്പെട്ടത് യാദൃച്ഛികമായിട്ടാണ്. എം.എ. കഴിഞ്ഞ ഉടനെ എനിക്ക് പി.എച്ച്.ഡിക്ക് ചേരണമെന്ന് തോന്നി. ഗൈഡ് അഴീക്കോട് മാഷ് വേണം എന്നും ആയിരുന്നു. ‘കുട്ടികൃഷ്ണമാരാരുടെ നിരൂപണം’ ആയിരുന്നു എന്റെ ഇഷ്ടവിഷയം. അപ്പോഴേയ്ക്ക് (1975) മാരാര് മരിച്ച് രണ്ടു കൊല്ലം ആവുന്നതേയുള്ളൂ. അഴീക്കോട് മാഷ് ആ വിഷയം സമ്മതിച്ചില്ല. ”തനിക്ക് സംസ്‌കൃതം അറിയില്ല” എന്നതായിരുന്നു കാരണം പറഞ്ഞത്. pachakuthiraഞാന്‍ സംസ്‌കൃതം എം.എക്കാരനാ എന്നു പറഞ്ഞപ്പോള്‍ ”അതൊന്നും നടക്കില്ല” എന്ന് അദ്ദേഹം വീണ്ടും നിഷേധിച്ചു. അപ്പോള്‍ എന്റെ ഗുരുനാഥന്‍ ചാത്തനാത്ത് അച്യുതനുണ്ണിസാറാണ് മാപ്പിളപ്പാട്ട് എന്ന വിഷയം നിര്‍ദ്ദേശിച്ചത്. ”മലയാളവും അറബി-മലയാളവും അറിയുന്ന ആരെങ്കിലും വേണ്ടേ അതു ചെയ്യാന്‍? അതിന് ആരെക്കിട്ടും?” എന്ന ഉണ്ണിസാറിന്റെ ചോദ്യം അന്നത്തെ നിലയ്ക്ക് പ്രസക്തമായിത്തോന്നി. സുന്നി മദ്രസയില്‍ പഠിച്ച എനിക്ക് 1 മുതല്‍ 5 വരെ അറബി-മലയാളം പഠിച്ചതിന്റെ ബലമുണ്ടല്ലോ എന്നും തോന്നി. അങ്ങനെയാണ് ഈ വിഷയത്തില്‍ എത്തിപ്പെട്ടത്.

പുലിക്കോട്ടില്‍ ഹൈദറിന്റെ രചനാസവിശേഷതകള്‍ എന്തൊക്കെയാണ്? അദ്ദേഹത്തിന്റെ കാവ്യഭാഷയെ മുന്‍നിര്‍ത്തി വിശദമാക്കാമോ?

പുലിക്കോട്ടില്‍ ഹൈദറിന്റെ രചനാവിശേഷങ്ങളെപ്പറ്റി ഞാന്‍ ധാരാളം എഴുതിയിട്ടും പ്രസംഗിച്ചിട്ടും ഉണ്ട്. പുലിക്കോട്ടില്‍ കൃതികള്‍ക്ക് (1979) ഞാന്‍ എഴുതിയ അവതാരികയാണ് അതില്‍ മുഖ്യം.

മാപ്പിളപ്പാട്ടെഴുത്തുകാര്‍ക്കിടയില്‍ കനത്ത മലയാള പക്ഷപാതം ഉള്ള ആളാണ് ഹൈദര്‍. ഈ മനോഭാവം ഹൈദറിന് മുമ്പ് ചാക്കീരി മൊയ്തീന്‍കുട്ടിയില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. കണ്ടുകിട്ടിയ മാപ്പിളപ്പാട്ടുകൃതികളില്‍ ഏറ്റവും പഴക്കമുള്ള മുഹ്യിദ്ദീന്‍ മാല (1607) വളരെ ലളിതമലയാളത്തിലാണ് എന്ന് ആലോചിക്കണം. പിന്നെപ്പിന്നെ മാപ്പിളപ്പാട്ടിന്റെ രചനാശൈലിയില്‍ അന്യഭാഷാപദങ്ങളുടെ സ്വാധീനം ശക്തമാവുകയാണ്. മോയിന്‍കുട്ടി വൈദ്യരിലെത്തുമ്പോള്‍ അത് സങ്കീര്‍ണ്ണമാവുന്നു. അറബി-സംസ്‌കൃതം-തമിഴ്-പാര്‍സി പദങ്ങളൊക്കെ വൈദ്യര്‍കൃതികളില്‍ സുലഭമാണ്. പാട്ടുപാടി അര്‍ത്ഥം പറയാനുള്ള ഈ രചനകളാണ് അവ. കഥാപ്രസംഗത്തിന്റെ മാപ്പിളസമാന്തരമായ ‘പാടിപ്പറയലി’നുള്ള പാഠങ്ങളാണ് വൈദ്യര്‍ കൃതികള്‍. സാഹിത്യം പോലെ സംഗീതവും വൈദ്യര്‍ക്ക് പ്രധാനമായിരുന്നു. ഇത്രയും സംഗീതാഭിമുഖ്യം വൈദ്യര്‍ക്ക് മുമ്പ് ഉണ്ണായി വാരിയരിലും വൈദ്യര്‍ക്ക് ശേഷം ചങ്ങമ്പുഴയിലും മാത്രമേ കണ്ടിട്ടുള്ളൂ. വൈദ്യരുടെ കാലക്കാരനായ ചാക്കീരി മൊയ്തീന്‍ കുട്ടി ഈ സങ്കരഭാഷയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. അദ്ദേഹം കഴിയുന്നത്ര അന്യഭാഷാപദങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ‘ചാക്കീരി ബദര്‍’ എന്ന പടപ്പാട്ടു രചിച്ചത്.

പുലിക്കോട്ടില്‍ പണ്ഡിതനോ ചിന്തകനോ ഒന്നുമല്ല. അദ്ദേഹം ലളിതമലയാളത്തിലാണ് എഴുതുന്നത്. അവിടെ നാടന്‍ പദങ്ങള്‍ എന്ന് പറഞ്ഞാല്‍ പോരാ, ഏറനാടന്‍ പദങ്ങള്‍ എന്നുതന്നെ പറയണം.

കേരളത്തില്‍ നവോത്ഥാന പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന കാലഘട്ടത്തിലാണല്ലോ പുലിക്കോട്ടില്‍ ജീവിച്ചത്. അദ്ദേഹത്തിന്റെ രചനകളില്‍ നവോത്ഥാന പരിഷ്‌ക്കരണാശയങ്ങള്‍ എത്രത്തോളം ആവിഷ്‌ക്കരിച്ചിട്ടുണ്ട്?

പുലിക്കോട്ടില്‍ ഹൈദര്‍ മുജാഹിദ് പക്ഷക്കാരനായിരുന്നു. വെള്ളിയാഴ്ച പള്ളിയില്‍ നടത്തുന്ന പ്രസംഗം (ഖുതുബ) മലയാളത്തില്‍ വേണമെന്നും സ്ത്രീകള്‍ വെള്ളിയാഴ്ച പള്ളിയില്‍ നടക്കുന്ന കൂട്ടുപ്രാര്‍ത്ഥന ക്ക് പങ്കെടുക്കണമെന്നും വാദിക്കുന്ന കൂട്ടരാണ് മുജാഹിദുകള്‍. പക്ഷേ, ഒരു കുഴപ്പമുണ്ട്; അവര്‍ അറബി മലയാളത്തിന് എതിരാണ്. മുഹിയിദ്ദീന്‍ മാല, രിഫായി മാല, ബദര്‍ പടപ്പാട്ട്, ഉഹദ് പടപ്പാട്ട് തുടങ്ങി അനേകം കൃതികളാണ് കാരണം. അവയെല്ലം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു എന്നതായിരുന്നു വാദം. ഉമ്മറത്തിരുന്ന് ‘ബദര്‍ മാല’ പാടിയാല്‍ അകത്ത് കിടക്കുന്ന സ്ത്രീക്ക് സുഖപ്രസവം സാദ്ധ്യമാവും എന്ന് അക്കാലത്ത് മഹാഭൂരിപക്ഷത്തിന് വിശ്വാസം ഉണ്ടായിരുന്നു എന്നത് നേരാണ്. പക്ഷേ, അത്തരം കൃതികളിലെ സാഹിത്യമോ സംഗീതമോ ചരിത്രമോ മുജാഹിദുകള്‍ കണ്ടില്ല. അറബി-മലയാളത്തെയും മാപ്പിളപ്പാട്ടിനെയും തള്ളിക്കളയുകയാണ് മുജാഹിദുകള്‍ സാമാന്യമായി ചെയ്തത്.

പക്ഷേ, മുജാഹിദായിട്ടും മാപ്പിളപ്പാട്ട് പാരമ്പര്യം ഉപേക്ഷിക്കുകയല്ല പുലിക്കോട്ടില്‍ ഹൈദര്‍ ചെയ്തത്. അദ്ദേഹം മാപ്പിളപ്പാട്ട് ഉപയോഗിച്ച് അന്ധവിശ്വാസങ്ങള്‍ എന്നും അനാചാരങ്ങള്‍ എന്നും താന്‍ കരുതിയവയ്ക്ക് എതിരെ പാട്ടുകെട്ടുകയാണ്. ദുരാചാരമാല, കാതുകുത്ത് മാല തുടങ്ങി രചനകള്‍ ഒട്ടേറെയുണ്ട്. ഹൈദര്‍ രണ്ടായിരത്തോളം പാട്ട് എഴുതി എന്നാണ് കേട്ടുകേള്‍വി.

സ്ത്രീത്വം പുലിക്കോട്ടിലിനെ ഏറെ പ്രചോദിപ്പിച്ച കാവ്യപ്രമേയമാണെന്നറിയാം.?

മഹാഭൂരിഭാഗം കവികളെയുംപോലെ പുലിക്കോട്ടില്‍ ഹൈദറും പുരുഷന്മാര്‍ സ്ത്രീകളോട് കാണിക്കുന്ന അനീതിയെയും അക്രമത്തെ യും എതിര്‍ത്തിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ‘മറിയക്കുട്ടിയുടെ കത്ത്.’ ആരുടെയോ ഏഷണി കേട്ട്തന്നെ മൊഴിചൊല്ലാന്‍ പോകുന്ന ഭര്‍ത്താവിന് ഒരു വീട്ടമ്മ അയക്കുന്ന സങ്കടഹരജിയുടെരൂപത്തിലാണ് ആ പാട്ട് കെട്ടിയിട്ടുള്ളത്. മറിയക്കുട്ടി ഒരു സങ്കല്‍പകഥാപാത്രമല്ല എന്നും കവിയുടെ അയല്‍പക്കക്കാരിയായിരുന്നു എന്നും ഞാന്‍ കേട്ടിട്ടുണ്ട്. മൊഴിചൊല്ലാന്‍ പോവുകയാണ് എന്ന് കാണിച്ചുകൊണ്ടുള്ള ഭര്‍ത്താവ് ഹസ്സന്‍ കുട്ടിയുടെ കത്തുമായി മറിയക്കുട്ടി ഹൈദറിനെ ചെന്നുകണ്ട് കരഞ്ഞു എന്നും അദ്ദേഹം ഉടനെത്തന്നെ ബെല്ലാരി ജയിലിലേക്ക് മറുപടിയായി അയക്കാന്‍ പാകത്തില്‍ ഒരു കത്തുപാട്ട് എഴുതിക്കൊടുത്തു എന്നും അതാണ് നമ്മള്‍ ഇന്ന് വായിക്കുന്ന ‘മറിയക്കുട്ടിയുടെ കത്ത്’ എന്നും ആ കഥ തുടരുന്നു. കത്ത് കിട്ടിയ ഹസ്സന്‍കുട്ടിയുടെ മനസ്സലിഞ്ഞു, അദ്ദേഹത്തിന്റെ തെറ്റിദ്ധാരണകള്‍ മാറി, അവരുടെ ദാമ്പത്യം പൂര്‍വ്വാധികം ശക്തിപ്പെട്ടു എന്നൊക്കെ അതിന്റെ തുടര്‍ച്ചകള്‍ കേട്ടിട്ടുണ്ട്. ഇപ്പറഞ്ഞതൊക്കെ യാഥാര്‍ത്ഥ്യമാണോ, വല്ലവരുടെയും ഭാവനാസൃഷ്ടിയാണോ? അറിഞ്ഞുകൂടാ. കാരണം ആ പാട്ട് രചിച്ചത് 1924-25 കാലത്താണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് എന്നര്‍ത്ഥം. ഹൈദറിന്റെ സ്ത്രീപക്ഷം ഏറ്റവും തെളിഞ്ഞു കാണുന്നത് ഈ പാട്ടില്‍ത്തന്നെ.

ഇതൊരു ഒറ്റപ്പെട്ട സംഗതിയല്ല. തിരൂര്‍യാത്ര, കോലാര്‍യാത്ര തുടങ്ങിയ സര്‍ക്കീട്ട് പാട്ടുകളിലും ഈ ഒരു അംശമുണ്ട്. ആണുങ്ങളുടെ തോന്നിവാസങ്ങളെ പച്ചയ്ക്ക് തൊലിയുരിച്ച് കാണിച്ച മാപ്പിളപ്പാട്ട് എഴുത്തുകാരില്‍ ഒന്നാമനാണ് പുലിക്കോട്ടില്‍ ഹൈദര്‍.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

 

Comments are closed.