ഒരു കാലഘട്ട ത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രം
തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനികമനുഷ്യന്റെ ആകുലതകളിലൂടെ കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ മനുഷ്യന് ഒരു ആമുഖം എന്ന നോവലില്‍ പറയുന്നത്. കുടുബബന്ധങ്ങളെ ചുറ്റിപ്പറ്റി സാമൂഹിക ജീവിതവും ദേശത്തിന്റെ ചരിത്രവും നാട്ടിലുണ്ടായ സാമൂഹികമാറ്റങ്ങളേയും അടയാളപ്പെടുത്തുന്ന ഈ കൃതിയിലൂടെ എന്താണ് മുഷ്യന്‍ എന്ന നിര്‍വചനം നടത്തുകയാണ് സുഭാഷ് ചന്ദ്രന്‍. പൂര്‍ണ്ണ വളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍..എന്നാണ് സുഭാഷ് മനുഷ്യനു നല്‍കുന്ന നിര്‍വചനം.
ഒരുഫ് ളാഷ് ബാക്കിലെന്നവണ്ണം വര്‍ത്തമാന കാലത്തുനിന്നും ഭൂതകാലത്തിന്റെ ഇരുണ്ടആഴങ്ങളിലേക്കാണ് കഥയുടെ ഒഴുക്ക്. കളിപ്പാട്ടങ്ങള്‍ നിമ്മിക്കുന്ന ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന ജിതേന്ദ്രനാണ് കഥാനായകന്‍. തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഭാര്യയാകാന്‍ പോകുന്ന ആന്‍മേരിയോട് പറയാനെന്നവണ്ണം ജിതേന്ദ്രന്‍ എഴുതുന്ന കത്തുകളിലൂടെ അബോധപൂര്‍വ്വം തന്നെ പിന്തുടരുന്ന മുത്തച്ഛനായ നാറാപിള്ളയുടേയും തച്ചനക്കരയുടേയും ചരിത്രം പറയുകയാണ് അയാള്‍. കുഞ്ഞുകുഞ്ഞമ്മ എന്ന ഭാര്യയെ ചവുട്ടിക്കൊല്ലുകയും തന്റെ മക്കളോട് ക്രൂരതയോടെ പെരുമാറുകയും ചെയ്തിരുന്ന നാറാപിള്ള ജിതേന്ദ്രന് പ്രിയപ്പെട്ട മുത്തച്ഛന്‍ ആയിരുന്നു. ജന്‍മിത്വ വ്യസ്ഥിയുടെ പ്രതീകമായിരുന്ന നാറാപിള്ളയും അണുകുടുംബ വ്യവസ്ഥിതിയുടെ ഗുണഭോക്താവുമായ ജിതേന്ദ്രനേയും നോവലില്‍ കാണാം.ഒരു കാലത്ത് നിലനിന്നിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ പരിണാമത്തെയും നോവല്‍ വെളിച്ചത്ത് കൊണ്ടുവരുന്നു.
‘ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടി മാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു പറയുന്നതെങ്കില്‍ , പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല.’
ജിതേന്ദ്രന്‍ പ്രണയിനിയായ ആന്‍മേരിക്കയച്ച കത്തുകളിലൊന്ന് ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ്. മനുഷ്യന് ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ്. കേരളത്തിന്റെ കഴിഞ്ഞ നൂറ് വര്‍ഷങ്ങളുടെ വൈകാരിക ചരിത്രമാണ് നോവല്‍ എന്നു പറയാം. വിവിധ കാലങ്ങളുടേയും സംസ്‌കാരങ്ങളുടേയും സാമൂഹികമാറ്റത്തെ അവതരിപ്പിക്കുന്നു ഈ നോവലിലൂടെ സുഭാഷ് ചന്ദ്രന്‍. മാത്രമല്ല അയ്യാട്ടുമ്പിള്ളി എന്ന കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ ഒരു കാലഘട്ട ത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രവും അനാവരണം ചെയ്യുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ജനിച്ചവര്‍ക്കും ഈ നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ക്കുമായി സമര്‍പ്പി ച്ചിരിക്കുന്ന മനുഷ്യന് ഒരു ആമുഖം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും കരസ്ഥമാക്കുകയുണ്ടായി. 2010’ലാണ് നോവല്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. എ പ്രിഫെയ്‌സ് ടു മാന്‍ എന്ന പേരില്‍ പുറത്തിറക്കിയ ഇംഗ്ലിഷ് പരിഭാഷയും ഏറെ വിറ്റഴിക്കപ്പെട്ടു. നാല് വ്യത്യസ്ത കവര്‍ചിത്രങ്ങളിലായി ഈ പുസ്തകത്തിന്റെ 25-ാമത് പതിപ്പാണിപ്പോള്‍ വിപണിയിലുള്ളത്.
Comments are closed.