‘മാന്റോ എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോള്‍’
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ പ്രശസ്തി നടിയും സംവിധായികയുമായ നന്ദിതാ ദാസ് തന്റെ മാന്റോ ആന്റ് ഐ എന്ന കൃതിയെ ആസ്പദമാക്കി നടന്ന സംവാദത്തില്‍ സംസാരിക്കാനെത്തിയത് ഏറെ ഹൃദ്യമായിരുന്നു. വിവേക് തേജുജയായിരുന്നു നന്ദിതാ ദാസുമായി അഭിമുഖസംഭാഷണം നടത്തിയത്.
മാന്റോ എന്ന സിനിമയും പുസ്തകവും പിറവിയെടുത്തതിന് പിന്നിലെ കഥകളെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും സംസാരിച്ച നന്ദിതാ ദാസ് ആസ്വാദകരെ അരനൂറ്റാണ്ട് പിന്നിലേക്കുള്ള ഇന്ത്യന്‍ അവസ്ഥയിലേക്ക് കൊണ്ടുപോയി.
‘സ്വാതന്ത്ര്യസമരകാലത്തെ കുറിച്ചും ഇന്ത്യാ-പാക് വിഭജനകാലഘട്ടത്തെക്കുറിച്ചുമൊക്കെ നമുക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്ന കൃതികളായിരുന്നു മാന്റോയുടേത്. അദ്ദേഹം മുംബൈ നഗരത്തെ ഏറെ സ്‌നേഹിച്ചിരുന്നു. ജാതി, മതം, ലിംഗഭേദം, ലൈംഗികത തുടങ്ങിയവയെക്കുറിച്ചൊക്കെ ഏറെ വിമര്‍ശനാത്മകമായി എഴുതിയിരുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഇന്നും ഏറെ കാലികപ്രസക്തിയുള്ളതാണ്. നന്ദിത പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചാല്‍ മതിയാകും. മാന്റോയുടെ പ്രസിദ്ധീകരിക്കപ്പെട്ട കഥകളും ഉപന്യാസങ്ങളും വായിക്കാന്‍ സാധിച്ചതിലൂടെയാണ് താന്‍ മാന്റോയെ കൂടുതല്‍ അറിഞ്ഞതെന്ന് നന്ദിത കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് സിനിമ ചിത്രീകരിക്കുന്നത്.
ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വിഭജനകാലത്ത് ഇന്ത്യയില്‍നിന്നും പോകേണ്ടിവന്ന മാന്റോ പിന്നീട് ലാഹോറിലായിരുന്നു ജീവിതാവസനം വരെ കഴിഞ്ഞത്. അവിടെ ഇപ്പോഴും അദ്ദേഹത്തിന്റെ മക്കളുണ്ട്. ഭാര്യാസഹോദരിയുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അര്‍ഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് അവര്‍ വേദനയോടെ ഇപ്പോഴും ഓര്‍ക്കുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടെ, ഒരിക്കല്‍ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനം ആകസ്മികമായി കടന്നുവന്നപ്പോള്‍ മാന്റോക്കായി നന്ദിത ദാസ് എഴുതിയ കത്ത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ കത്തും ഏറെ വൈകാരികതയോടെ നന്ദിത സദസ്സിനെ വായിച്ചുകേള്‍പ്പിച്ചു. നമ്മുടെ വ്യക്തിത്ത്വവും പൗരത്വവുമൊക്കെ വെളിപ്പെടുത്തേണ്ട, വിശദീകരിക്കേണ്ട ഈ സമകാലികസാഹചക്യത്തില്‍ മാന്റോയുടെ കൃതികള്‍ ഏറെ പ്രസക്തമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നന്ദിത സംഭാഷണം അവസാനിപ്പിച്ചത്.
Comments are closed.