DCBOOKS
Malayalam News Literature Website

വാമനനെന്നതുപോലെ മഹാബലിയും ആര്യന്‍ മിത്തിന്റെ ഭാഗം – മനോജ് കുറൂര്‍

manoj-kuroor

മഹാബലിയെ അസുരരാജാവായി കാണുന്ന പ്രവണതയോടു യോജിക്കാനാവില്ലെന്ന ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞ വാദം കൗതുകകരമാണെന്ന് എഴുത്തുകാരന്‍ മനോജ് കുറൂര്‍. ആര്യേതരവിഭാഗങ്ങള്‍ മഹാബലിക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും മഹാബലിയും വാമനനെന്നതുപോലെതന്നെ ഈ ആര്യന്‍ മിത്തിന്റെ ഭാഗമാണ് എന്നതു ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം, സാംസ്‌കാരികവിനിമയത്തിന്റെ ഉല്പന്നമായ ഒരു കഥയുടെ പേരു പറഞ്ഞ് കേരളത്തില്‍ തമ്മില്‍ത്തല്ലുന്നത് അസംബന്ധമാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. ഓണം വന്നു വിവാദവും എന്ന പേരില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെയാണ് മനോജ് കുറൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ വാദത്തെ ഖണ്ഡിക്കുന്നത്.

മനോജ് കുറൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്….

മിത്തുകളെ അടിസ്ഥാനമാക്കിയുള്ള തമ്മില്‍ത്തല്ല് ഒരു തമാശയാണ്; ഒപ്പം ഒരു ദുരന്തവുമാണ്. സമകാലികമായ സാംസ്‌കാരികാധികാരത്തെ നിര്‍വചിക്കാന്‍ മിത്തുകളെ ആശ്രയിക്കുമ്പോള്‍ മൂര്‍ത്തമായ അധികാരപരിസരം മറഞ്ഞുപോവുകയും ഭാവനാത്മകവും അമൂര്‍ത്തവുമായ മറ്റൊരു ലോകത്തെ മത്സരങ്ങളും യുദ്ധങ്ങളുമെല്ലാം സ്ഥലകാലങ്ങള്‍ തെറ്റി മുന്നില്‍ വന്നു നില്ക്കുകയും ചെയ്യും. മിത്തുകളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിച്ചുകൊണ്ട് അവ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് അധികാരകേന്ദ്രങ്ങളുടെ സ്ഥിരം തന്ത്രമാണ്. ഇവയ്ക്കു മറുപടി പറയേണ്ടിവരുന്നത് ഒരു സാംസ്‌കാരികരാഷ്ട്രീയദുരന്തവുമാണ്.

ഇത്രയൊക്കെ പറയാന്‍ കാരണം പുതിയൊരു വാര്‍ത്തയാണ്. തൃക്കാക്കരയില്‍ മഹാബലിയുടെ പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണു ദേവസ്വം ബോര്‍ഡ്. ഓണം വാമനജയന്തിയാണെന്നു വാദിക്കുന്ന മറുപക്ഷം ഇതിനെതിരേ രംഗത്തു വരികയും ചെയ്തുകഴിഞ്ഞു. ഇത്തവണയും ഓണവിവാദത്തിന് അറുതിയില്ല എന്നര്‍ത്ഥം. മാത്രമല്ല, ഓണത്തിന്റെ കാര്‍ഷിക ബന്ധത്തെയും ബുദ്ധമതവുമായും ഇസ്ലാം മതവുമായും ഒക്കെ ബന്ധിപ്പിക്കുന്ന ഇതരവ്യാഖ്യാനങ്ങളെയും വിശ്വാസങ്ങളെയും എല്ലാം സമര്‍ത്ഥമായി മറച്ചു പിടിക്കാനും ഈ വിവാദത്തിനു കഴിയുന്നുണ്ട്.
ആര്യസംസ്‌കാരവ്യാപനത്തിന്റെ ഭാഗമായി കേരളത്തിലും എത്തിച്ചേര്‍ന്ന മിത്താണ് മഹാബലി വാമനന്‍ കഥ. അതിനുമുമ്പ് മറവരുടെ ദേവനായ മായോന്റെ തിരുനാളായും പിന്നീടു വൈഷ്ണവശൈവ ഭക്തിപ്രസ്ഥാനകാലത്ത് നരസിംഹാവതാരദിനമായും കേരളമാഹാത്മ്യരചനാകാലത്ത് പരശുരാമന്റെ കേരളസന്ദര്‍ശനസന്ദര്‍ഭമായുമൊക്കെ ഓണം കൃതികളില്‍ കടന്നുവരുന്നുണ്ട്. ഭാഗവതം ഉള്‍പ്പെടെയുള്ള പുരാണങ്ങളിലൂടെയാണ് മഹാബലി വാമനകഥയ്ക്കു വ്യാപ്തി ലഭിച്ചത്. ‘മാവേലി നാടു വാണീടും കാലം’ തുടങ്ങിയ വരികളുള്‍പ്പെടുന്ന
‘ആരോമല്‍പ്പൈങ്കിളിപ്പെണ്‍കിടാവേ’ എന്നു തുടങ്ങുന്ന പാട്ടിലൂടെ ഈ കഥയ്ക്കു പ്രാദേശികമാനവും ലഭിച്ചു. ഒമ്പതാം നൂറ്റാണ്ടു മുതലുള്ള പെരുമാള്‍വാഴ്ച്ചക്കാലത്തു കര്‍ക്കിടകത്തിലെ ഓണത്തിനു തുടങ്ങി ചിങ്ങത്തിലെ ഓണത്തിന് അവസാനിച്ചിരുന്ന തൃക്കാക്കരയിലെ ഉത്സവവും കൊച്ചി രാജവംശത്തിന്റെ രക്ഷാധികാരവുമൊക്കെ ഓണത്തെ മഹാബലിവാമനകഥയുമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍ സഹായകമായിട്ടുണ്ട്. പക്ഷേ അപ്പോഴും അത് ഇതിഹാസപുരാണങ്ങളെ പ്രാദേശികമായി സ്വാംശീകരിക്കുന്ന അനേകം സാംസ്‌കാരികപ്രതിഭാസങ്ങളിലൊന്നായിത്തന്നെയാണു നിലനില്‍ക്കുന്നത്.

പുതിയ മഹാബലിപ്രതിമ സ്ഥാപിക്കുന്നതിനു കാരണമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞ മറ്റൊരു കാര്യവും കൗതുകകരമാണ്. മഹാബലിയെ അസുരരാജാവായി കാണുന്ന പ്രവണതയോടു യോജിക്കാനാവില്ലത്രെ! അതെന്തുകൊണ്ടെന്നു മനസ്സിലായില്ല. ആര്യേതരവിഭാഗങ്ങള്‍ മഹാബലിക്കുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും മഹാബലിയും വാമനനെന്നതുപോലെതന്നെ ഈ ആര്യന്‍ മിത്തിന്റെ ഭാഗമാണ് എന്നതു ശ്രദ്ധിക്കേണ്ടതാണ്. ഒരച്ഛനു സഹോദരിമാരായ രണ്ട് അമ്മമാരില്‍ ജനിച്ച മക്കളായാണ് ദേവാസുരന്മാര്‍ പുരാണേതിഹാസങ്ങളില്‍ വര്‍ണിക്കപ്പെടുന്നത് എന്നത് ഒരു കാര്യം. അതായത് ഒരേ വംശത്തിന്റെ രണ്ടു വിഭാഗങ്ങള്‍ മാത്രമാണ് ദേവാസുരന്മാര്‍.
ഇപ്പറഞ്ഞതു കഥ. ഒപ്പം ചില ചരിത്രാന്വേഷണങ്ങളെപ്പറ്റിയും സൂചിപ്പിക്കേണ്ടതുണ്ട്. വേദപുരാണേതിഹാസങ്ങളെ ചരിത്രവുമായി ബന്ധിപ്പിച്ചുള്ള പഠനങ്ങള്‍ക്കു പ്രചാരം ലഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടു മുതലാണ്. യൂറോപ്പിലെ ഇന്‍ഡോളജിസ്റ്റുകളും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും മുതല്‍ ദേശീയവാദികളും ജനാധിപത്യവാദികളുമടങ്ങുന്ന നവോത്ഥാന നായകര്‍ വരെ ഇത്തരം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഓണത്തെയും മഹാബലിയെയും അസീറിയന്‍ ചക്രവര്‍ത്തിയായ അസ്സുര്‍ ബനിബാലുമായി ബന്ധിപ്പിക്കുന്ന എന്‍ വി കൃഷ്ണവാരിയരുടെ നിരീക്ഷണത്തിന്റെയും ആധാരശിലകള്‍ ഈ നവോത്ഥാനകാല പഠനങ്ങളിലാണ്. അസീറിയ എന്ന നാടിന് അസുരശബ്ദവുമായുള്ള ബന്ധവും അസീറിയന്‍ ചക്രവര്‍ത്തിമാര്‍ ബലി എന്ന നാമം സ്വീകരിച്ചതുമാണ് എന്‍ വി ചൂണ്ടിക്കാട്ടുന്ന പ്രധാന തെളിവുകള്‍. പക്ഷേ ഒരു കൗതുകത്തിനപ്പുറമുള്ള സ്ഥാനം ഈ വാദത്തിനു കേരളത്തില്‍ ലഭിച്ചില്ല. മഹാബലിയെ കേരളത്തില്‍നിന്നു വേര്‍പെടുത്താനുള്ള വിമുഖതയാവും കാരണം. പക്ഷേ മഹാബലി വാമനന്‍ കഥ ഉത്തരേന്ത്യയില്‍ നിന്നു വന്നതാണെന്നു നാം മറക്കരുത്. രാമായണത്തിലെയും മഹാഭാരതത്തിലെയും മറ്റും കഥകള്‍ക്കു കേരളത്തിലെ ക്ഷേത്രങ്ങളുമായും സ്ഥലങ്ങളുമായും ബന്ധപ്പെട്ടു പല ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ടല്ലൊ. ഇതേ മട്ടിലാണ് ഈ കഥയ്ക്കും കേരളത്തില്‍ പ്രാദേശികമായി പ്രചാരമുണ്ടായത്. മൂലകഥ അപ്പോഴും ആര്യപുരാണത്തില്‍ത്തന്നെ.

എവിടെയാണ് ഈ അസീറിയ? ഇന്നത്തെ ഇറാഖിന്റെയും തുര്‍ക്കിയുടെയും ഭാഗങ്ങള്‍ ചേര്‍ന്ന പ്രാചീനരാജ്യമാണത്. അസുര്‍ പട്ടണമായിരുന്നു തലസ്ഥാനം. പ്രാചീന മെസപ്പൊട്ടേമിയന്‍ സംസ്‌കാരം പങ്കിട്ട ഇടങ്ങളിലൊന്ന്. സുമേറിയരാണ് ഇവിടെ പ്രബലരായിരുന്ന മറ്റൊരു വംശം. ഇന്നത്തെ ഇറാനിലെ സ്ഥലങ്ങള്‍ ഭരിച്ച സസാനിയന്‍ രാജവംശത്തെക്കൂടി ഇവിടെ പരിഗണിക്കണം. ഇസ്ലാമിന്റെ പ്രചാരത്തിനു മുമ്പ് ആ ദേശത്തു പ്രബലമായിരുന്ന പേഴ്‌സ്യന്‍ രാജവംശമാണത്. സൊറോസ്ട്രസിന്റെ (സരതുഷ്ട്ര) പാരമ്പര്യത്തില്‍ രൂപംകൊണ്ട, മസ്ദയിസം എന്നുകൂടി അറിയപ്പെടുന്ന സൊറോസ്ട്രിയനിസമായിരുന്നു സസാനിയന്‍ രാജവംശത്തിന്റെ ഔദ്യോഗിക മതം. സെന്‍ഡ് അവെസ്ത ആണ് അവരുടെ പുണ്യഗ്രന്ഥം. ഇന്ത്യന്‍ വേദേതിഹാസപുരാണങ്ങളുമായി അദ്ഭുതകരമായ സാദൃശ്യമാണ് അവെസ്തയ്ക്കുള്ളത്. വേദങ്ങളിലെ യജ്ഞത്തെ ഓര്‍മ്മിപ്പിക്കുന്ന യസ്‌ന ആണു പ്രധാന ചടങ്ങ്. ഇതില്‍ യസ്‌നയെന്നുതന്നെ പേരുള്ള ഗ്രന്ഥത്തിലെ മന്ത്രങ്ങള്‍ ചൊല്ലുന്നു. അഞ്ചു ഗാഥകളിലായുള്ള പതിനേഴു മന്ത്രങ്ങളാണ് ഇവയില്‍ പ്രധാനം. യഷ്ടി ആണ് മതപരമായ മറ്റൊരു സങ്കല്പം. ഇതിനുമുണ്ട് വേദസങ്കല്പവുമായി അടിസ്ഥാനപരമായ സാമ്യം. അഹുര മസ്ദ ആണു പ്രധാന ദൈവം. അവെസ്ത എഴുതപ്പെട്ട അവെസ്താന്‍ ഭാഷയില്‍ സംസ്‌കൃതത്തിലെ സ എന്ന അക്ഷരത്തിനു തുല്യമായ അക്ഷരം ഹ ആണ്. അഹുര സംസ്‌കൃതത്തിലെ അസുരനാണ്. അവെസ്തയില്‍ ഇന്ത്യയെ കുറിക്കുന്ന പദം ‘ഹപ്തഹിന്ദു’ (സപ്തസിന്ധു) എന്നാണെന്നും ശ്രദ്ധേയം. ‘മ്ലേച്ഛഭാഷകളിലുള്ള’ വ്യവഹാരത്തെ സൂചിപ്പിക്കുന്നിടത്ത് സപ്തസിന്ധുവിനെഭാരതത്തെ ഹപ്തഹിന്ദു എന്നു വിളിച്ചുവരുന്നതായി ഭവിഷ്യപുരാണത്തിലും പറയുന്നുണ്ട്. ഏറ്റവും പ്രധാനമായ കാര്യം, അസുരന്‍ പ്രധാനദൈവമായ ഈ മതത്തില്‍ ദേവന്മാര്‍ തിന്മയുടെ മൂര്‍ത്തികളാണ് എന്നതാണ്. ദേവരാജാവായി ഇന്ത്യയില്‍ പറയുന്ന ഇന്ദ്രന്‍ സൊറോസ്ട്രിയനിസത്തില്‍ തിന്മയുടെ ദേവനാണ്! അതായത് ഇന്ത്യയിലെയും ഇറാനിലെയും പഴയ ആര്യന്മാര്‍ ദേവാസുരപക്ഷങ്ങളില്‍നിന്നു നടത്തിയ മത്സരങ്ങളുടെയും യുദ്ധങ്ങളുടെയും കഥകളാണിവയെല്ലാം. പേഴ്‌സ്യന്‍, മെസപ്പൊട്ടേമിയന്‍, ഇന്ത്യന്‍ രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍കൊണ്ടു കലുഷമായ കാലങ്ങളെക്കുറിച്ചും ഈ പ്രദേശങ്ങളിലെല്ലാം പണ്ടുണ്ടായിരുന്ന ആര്യജനതയുടെ പ്രബലസാന്നിധ്യത്തെക്കുറിച്ചും ഓര്‍ക്കേണ്ടതുണ്ട്.

ഇനിയും പറയാനേറെയുണ്ടെങ്കിലും വിസ്തരിക്കുന്നില്ല. പറഞ്ഞുവന്നത് ചുരുക്കാം. ഇന്നത്തെ ഇന്ത്യയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാനും ഇറാഖും തുര്‍ക്കിയുമൊക്കെയടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ പ്രാചീനകാലത്തുണ്ടായിരുന്ന സാംസ്‌കാരികവും രാഷ്ട്രീയവുമായ വിനിമയങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ചരിത്രവും മിത്തുകളും ചേര്‍ന്നു രൂപംകൊണ്ട കഥകളാണ് ഇപ്പറഞ്ഞതെല്ലാം. ഇന്ത്യന്‍ ചാതുര്‍വര്‍ണ്യത്തിലെ വര്‍ണശബ്ദത്തിന്റെ അര്‍ത്ഥമെന്തെന്നറിയാന്‍ ഡോ. അംബേദ്കര്‍ ആശ്രയിക്കുന്നതും സെന്‍ഡ് അവെസ്തയെയാണ്. ഇന്തോ ഇറാനിയന്‍ ആര്യവംശങ്ങളുടെ വിനിമയത്തെപ്പറ്റി ഇനിയും ഏറെ അന്വേഷിക്കാവുന്നതാണ്. പക്ഷേ ഇക്കാര്യം പറഞ്ഞ്, ഈ സാംസ്‌കാരികവിനിമയത്തിന്റെ ഉല്പന്നമായ ഒരു കഥയുടെ പേരു പറഞ്ഞ് കേരളത്തില്‍ തമ്മില്‍ത്തല്ലുന്നത് അസംബന്ധമാണ് എന്ന് ഊന്നിപ്പറയട്ടെ.

Comments are closed.