പക്ഷേ അപ്പോഴും കുഴപ്പം പിടിച്ച ഒരു സംഗതി അവശേഷിച്ചു…! മുറിനാവിന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് മനോജ് കുറൂര്‍
മുറിനാവ് എന്ന നോവലിന് അടുത്ത പതിപ്പു വന്നതാണ് ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം. ആ നോവൽ എഴുതുന്ന സമയത്തെ മാനസികാവസ്ഥയാണ് ഒപ്പം ഓർത്തത്. എഴുത്തിന്റെ ഒരു ആനന്ദം ആ പ്രക്രിയയിലുള്ള അധ്വാനമാണ്. എട്ടാം നൂറ്റാണ്ട്, പന്ത്രണ്ടാം നൂറ്റാണ്ട് എന്നിങ്ങനെ രണ്ടു കാലങ്ങൾ. അതിനിടയിൽ സംഭവിച്ച ചരിത്രപരിണാമങ്ങൾ. ആ കാലങ്ങളിലെ ഭൂപ്രകൃതി. മനുഷ്യബന്ധങ്ങൾ. കഥാപാത്രങ്ങളിൽ ഓരോരുത്തരുടെയും അനുഭവങ്ങളും കാഴ്ചപ്പാടുകളും. ചരിത്രപരമായ തെളിവുകളാകട്ടെ വളരെ കുറവ്. ആ കാലങ്ങളിൽ നിലനിന്ന തത്ത്വചിന്ത, കവിത, കല തുടങ്ങിയ സംഗതികളിൽനിന്നാണ് ജീവിതസാഹചര്യങ്ങളും ചിന്തകളും സാമൂഹികശ്രേണിയെ നിർണയിച്ച അധികാരസ്ഥാപനങ്ങളും അവയിൽ വിള്ളലുണ്ടാക്കാനുള്ള ചില ശ്രമങ്ങളുമെല്ലാം കുറച്ചൊക്കെ വെളിപ്പെട്ടു കിട്ടിയത്. മറ്റൊരു കാര്യമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അന്നത്തെ ആളുകളുടെ ഭാഷ! എഴുത്തിൽ അതിനു രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. ഒന്ന്, ആഖ്യാനത്തിന്റെ പൊതുവായ ഭാഷയിൽത്തന്നെ ആളുകളും സംസാരിക്കുക. രണ്ട്, ആ കാലഘട്ടങ്ങളിൽ ആളുകൾ സംസാരിച്ചിരിക്കാനിടയുള്ള ഭാഷ സംസാരിക്കാൻ കഥാപാത്രങ്ങളെ അനുവദിക്കുക. രണ്ടാമത്തെ വഴി കൂടുതൽ ദുഷ്കരമായിരുന്നെങ്കിലും അതാണ് നോവലിൽ സ്വീകരിച്ചത്. അതതു കാലത്തുണ്ടായ ചില ശാസനങ്ങൾ, ഗദ്യകൃതികൾ, ഭാഷയിൽ പഴക്കം അനുഭവപ്പെടുന്ന നാടൻപാട്ടുകൾ എന്നിവയിൽനിന്നു സംസാരഭാഷ രൂപപ്പെടുത്തുക, അക്കാര്യത്തിൽ സാമൂഹികമായ വേർതിരിവിനും വൈയക്തികമായ അനുഭവങ്ങൾക്കുമനുസരിച്ചുള്ള വ്യത്യസ്തതകൾ പുലർത്തുക, ഇവയിലൊക്കെത്തന്നെ രണ്ടു കാലത്തെയും സംസാരരീതികൾ തമ്മിൽ ബന്ധവ്യത്യാസങ്ങളുണ്ടായിരിക്കുക എന്ന വഴിയാണത്. അക്കാലഘട്ടങ്ങൾക്കു ശേഷം ഇല്ലാതായിപ്പോയ ദർശനങ്ങളും മാറിയ സാമൂഹികസാഹചര്യങ്ങളുമൊക്കെയാണ് നോവലിലുള്ളത്. ഇക്കാലത്ത് വായിക്കുമ്പോൾ പലതിലും നല്ല അപരിചിതത്വം തോന്നാം. അതുകൊണ്ട് കുറച്ച് അടിക്കുറിപ്പുകൾ വേണ്ടിവന്നു. നോവൽ എന്ന സാഹിത്യരൂപത്തിൽ ഇതിനകം സംഭവിച്ചിട്ടുള്ള ധാരാളം വൈവിധ്യങ്ങളെക്കുറിച്ച് വായനയിലൂടെ ലഭിച്ച ധാരണ ഇതൊക്കെ സാധ്യമാണ് എന്നൊരു ആത്മവിശ്വാസം തന്നു.
പക്ഷേ അപ്പോഴും കുഴപ്പം പിടിച്ച ഒരു സംഗതി അവശേഷിച്ചു. ഇക്കാര്യങ്ങളിലൊക്കെ കൂടുതൽ ശ്രദ്ധിക്കുന്തോറും എഴുത്ത് എന്നതുപോലെ വായനയും അനായാസമാവില്ല എന്ന വൈചിത്ര്യമാണത്. അതായത് സമകാലികമായ ഭാഷയിൽ അനായാസം എഴുതുകയും വായിക്കുകയും ചെയ്യാനുള്ള ഒരു സാധ്യത മാറ്റിവച്ചിട്ടാണ് ഈ വഴി തെരഞ്ഞെടുത്തത്. സുഗമമായ വായന ലക്ഷ്യമാക്കി എഴുത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ, ആ കാലഘട്ടങ്ങൾക്കു ജീവൻ വേണമെങ്കിൽ ഇങ്ങനെ ചില യത്നങ്ങൾ ചെയ്യുന്നതാണ് കൂടുതൽ നല്ലത് എന്നു തോന്നി. എഴുതിക്കഴിഞ്ഞപ്പോൾ ഇക്കാലത്ത് ഒരാൾ പോലും ഇതു വായിക്കില്ല എന്നാണ് ഞാൻ വിചാരിച്ചത്. എന്തായാലും ആദ്യം എഴുതിയ നോവൽ ഉണ്ടല്ലോ; അത് ഏറെപ്പേർ വായിച്ചതാണല്ലോ എന്ന ആശ്വാസം ഈ നോവലിന്റെ കാര്യത്തിൽ എന്തും വരട്ടെ എന്നൊരു സാഹസബുദ്ധിയിലേക്കെത്തിച്ചു.
എന്തായാലും മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു. ഭാഗ്യനാഥിന്റെ ചിത്രങ്ങൾ അതിനെ കൂടുതൽ ആകർഷകമാക്കി. ഡിസി ബുക്സ് ആ ചിത്രങ്ങൾ ഉൾപ്പെടെ നോവൽ പുസ്തകമാക്കി. സി ജെ ജോർജ് അവതാരികയെഴുതി. സി ആർ പരമേശ്വരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുനിൽ പി ഇളയിടം, കെ. രാധാകൃഷ്ണവാര്യർ, അസിം താന്നിമൂട്, ഉണ്ണികൃഷ്ണൻ കളീക്കൽ, രശ്മി അനുരാജ് തുടങ്ങി പലരും നോവലിനെക്കുറിച്ചു സംസാരിക്കുകയോ എഴുതുകയോ ചെയ്തു. കെ ബി പ്രസന്നകുമാർ, ബി രവികുമാർ, വി എൻ ഹരിദാസ്,സജനീവ് ഇത്തിത്താനം, ജിഷ എലിസബത്ത് തുടങ്ങി പലരും നോവൽ വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്ന സമയത്ത് ഓരോ ഘട്ടത്തിലും അഭിപ്രായമറിയിച്ച് ആത്മവിശ്വാസം തന്നു. നോവൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ എസ് ഹരീഷ് വായിച്ചു നല്ല അഭിപ്രായമറിയിച്ചു. പി രാമൻ കുറേ ഭാഗം വായിച്ച് ചില നിരീക്ഷണങ്ങൾ പങ്കു വച്ചു. പുസ്തകമായതിനു ശേഷം നോവലിന്റെ വായനാനുഭവം പങ്കു വച്ച ഏറെപ്പേർ വേറെയുമുണ്ട്. എഴുതിക്കഴിഞ്ഞപ്പോൾ ആരെങ്കിലും ഇതു വായിക്കുമോ എന്നു തോന്നിയ ഉത്കണ്ഠയെ ഇങ്ങനെയൊക്കെ ഇല്ലാതാക്കിയ എല്ലാവരോടും സ്നേഹം. പറഞ്ഞാൽ തീരാത്ത നന്ദി
Comments are closed.