ഒരേ സമയം പല നൂറ്റാണ്ടുകളിൽ ജീവിക്കുന്ന ഇന്ത്യ
സ്വാതന്ത്ര്യം എന്ന അർത്ഥത്തിലുള്ള ഉർദു വാക്കാണ് ആസാദി എന്നു നമുക്കറിയാം. ‘Azadi: Freedom Fascism Fiction’ എന്നാണ് അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ തലക്കെട്ട്. ‘ആസാദി’യെക്കുറിച്ച് ആലോചിച്ചപ്പോൾ ശരിക്കും എന്താണു വിചാരിച്ചത് എന്ന പ്രസാധകന്റെ ചോദ്യത്തിന്, ‘ A Novel’ എന്നാണ് അരുന്ധതി മറുപടി പറഞ്ഞത്. കാരണം, ലോകങ്ങളിലൂടെ, ഭാഷകളിലൂടെ, കാലത്തിലൂടെ, സമൂഹങ്ങളിലൂടെ, സമുദായങ്ങളിലൂടെ, രാഷ്ട്രീയത്തിലൂടെ സഞ്ചരിക്കുവാൻ ഒരു എഴുത്തുകാരിക്ക് ആവശ്യമുള്ളത്ര സങ്കീർണ്ണതയുടെയത്രയും സ്വാതന്ത്ര്യം ഒരു നോവൽ നല്കുന്നു. നോവൽ തന്നെ സംബന്ധിച്ചിടത്തോളം, ഉത്തരവാദിത്വത്തോടെയുള്ള സ്വാതന്ത്ര്യമാണെന്ന് അവർ തുടരുന്നു. ഈ പുസ്തകത്തിൽ മറ്റൊരിടത്ത് സാഹിത്യം ഒരു അഭയസ്ഥാനമാണെന്നും അവർ സൂചിപ്പിക്കുന്നുണ്ട്.
ആസാദി എന്ന വാക്കിനെ, ഹിന്ദി – ഉർദു, ഹിന്ദു- മുസ്ലിം രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകളിലേക്കു കടക്കാനുള്ള ഒരു താക്കോലായാണ് അരുന്ധതി റോയി പ്രയോജനപ്പെടുത്തുന്നത്. അങ്ങനെ ഭാഷയുടെ രാഷ്ട്രീയം ഈ പുസ്തകത്തിലെ പ്രധാന പരിഗണനാവിഷയമായിത്തീരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സംസാരിച്ചിരുന്ന ഒരു ഇന്ത്യൻ ഭാഷ പിന്നീട് പാക്കിസ്ഥാന്റെ, മുസ്ലീമിന്റെ ഭാഷയായി, ഇസ്ലാം മതത്തിനൊപ്പം അപരവത്കരിക്കപ്പെടുന്നതിന്റെ വിശദമായ ചിത്രണം ഇതിൽ പലയിടത്തായിക്കാണാം. ഏകദേശം 780 ഭാഷകളുള്ള ഇന്ത്യ പോലൊരു ബഹുഭാഷാസമൂഹത്തിൽ ചില ഭാഷകൾ അധികാരരൂപമാവുകയും ചിലത് നിശ്ശബ്ദമാക്കപ്പെടുകയും ചിലത് അപരവത്കരിക്കപ്പെടുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയം അരുന്ധതി ചർച്ച ചെയ്യുന്നു. അത്തരത്തിൽ ഭാഷയെയും രാഷ്ട്രീയത്തെയും ചേർത്തുവച്ചുള്ള ആലോചനകളാണ് ഈ കൃതിയിൽ ഏറെ ശ്രദ്ധേയമായി തോന്നിയത്.
അരുന്ധതി റോയിയുടെ ലേഖനങ്ങളിൽ തീർച്ചയായും നാം പ്രതീക്ഷിക്കുന്ന ചിലത് ഈ പുസ്തകത്തിലുമുണ്ട്. ഇന്ത്യയിലെ ഫാസിസത്തെയും സംഘപരിവാറിനെയും അവർ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നു; മതന്യൂനപക്ഷങ്ങളെയും ദലിതരെയും അപരവത്കരിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങൾ നല്കുന്നു. ദേശീയത, വർഗ്ഗീയത, ഫാസിസം, ലിംഗപദവി, കാശ്മീർ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ ഇടകലർന്നു വരുന്നവയാണ് ലേഖനങ്ങൾ എല്ലാംതന്നെ. അമേരിക്കയിൽ ചരിത്രപ്രസിദ്ധമായ ഹാലേമിലെ അപ്പോളോ തീയേറ്ററിൽ സംസാരിക്കുമ്പോൾ അമേരിക്കയുടെ സമഗ്രാധിപത്യനയങ്ങളെയും തുറന്നെതിർക്കുന്നുണ്ട് അവർ. 2020ൽ, കോവിഡ് 19 ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എഴുതിയ The Pandemic is a Portal ആണ് ഈ ഒമ്പതു ലേഖനങ്ങളിൽ ഏറ്റവും സമീപകാലത്തുള്ളത്. കോവിഡ് 19 വ്യാപിച്ചപ്പോൾ ഇന്ത്യൻ ഭരണകൂടം സ്വീകരിച്ച സമീപനങ്ങളെയും അവർ വിമർശിക്കുന്നു. മരിച്ച ആശയങ്ങളെയും മരിച്ച പുഴകളെയും പുകപിടിച്ച ആകാശങ്ങളെയും പിന്നിട്ട് പുതിയൊരു ലോകത്തെ ഭാവന ചെയ്യാം എന്ന പ്രതീക്ഷയിലാണ് പുസ്തകം അവസാനിക്കുന്നത്. സത്യം പറഞ്ഞാൽ, സംഭവങ്ങളുടെ വിശദാംശങ്ങൾക്കും വായനയെ ത്വരിപ്പിക്കുന്ന ഭാഷാഭംഗിക്കുമപ്പുറം ലോകത്തെ പുനർനിർമ്മിക്കാനുതകുന്ന അത്തരം ചില ഭാവനകൾ അവസാനലേഖനത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്തു.
ഭാഷയെപ്പറ്റിയുള്ള വിചാരങ്ങളിലേക്കു മടങ്ങി വരാം. അതിലാണ് ഈ പുസ്തകത്തിന്റെ ജീവൻ എന്നു ഞാൻ കരുതുന്നു. The God of Small Things, The Ministry of Utmost Happiness എന്നീ നോവലുകളുമായി ബന്ധപ്പെടുത്തിയാണ്, തന്നെയും താൻ ജീവിക്കുന്ന നാടിനെയും നിർണ്ണയിച്ച ഭാഷകളെ, അവയുടെ പല അടരുകളെ അരുന്ധതി അടയാളപ്പെടുത്തുന്നത്. ബംഗാളിലും ആസാമിലും കേരളത്തിൽ കോട്ടയത്തും തമിഴ് നാട്ടിലും ദില്ലിയിലും ജീവിച്ച കാലത്തെ ഭാഷാപരമായ അനുഭവങ്ങൾ ഇതിൽ ഇടകലരുന്നു. അത്തരത്തിൽ അതു വൈയക്തികവും സാമൂഹികവുമാകുന്നു. God of Small Things ൽ ഭാവനയുടെയും സൗന്ദര്യത്തിന്റെയും തലങ്ങൾ അന്വേഷിച്ച ഭാഷ അടുത്ത നോവലിലെത്തുമ്പോൾ എങ്ങനെ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ ശബ്ദരൂപമായിത്തീരുന്നു എന്നു രാഷ്ട്രീയപരിസരങ്ങളെ മുൻനിർത്തി വിശദീകരിക്കാൻ അവർക്കു കഴിയുന്നു. ഇന്ത്യയിലെ ന്യൂക്ലിയർ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് അവർ End of Imagination എന്ന ആദ്യലേഖനം എഴുതുന്നത്. രാഷ്ട്രീയമായ അനിവാര്യതകളാണ് Nonfiction എഴുത്തിനു തുടർച്ച നല്കുന്നത്. Fiction/Nonfiction എന്ന വേർതിരിവിനു പ്രസക്തി കുറയുന്ന തരത്തിൽ അതു വികസിക്കുന്നു.
വിവർത്തനത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നതാണ് മറ്റൊരു പ്രധാനകാര്യം. എഴുതപ്പെട്ട രചനയുടെ വിവർത്തനത്തിലല്ല, എഴുത്തിനു മുമ്പേ സംഭവിക്കുന്ന വിവർത്തനത്തിലാണ് അവർ ഊന്നുന്നത്. മാതൃഭാഷയിലല്ലാതെ ഒരാൾക്ക് ഒരു മാസ്റ്റർ പീസ് എഴുതാനാവുമോ എന്നൊരാളുടെ ചോദ്യവും തന്റെ നോവൽ പോലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ള ഒരു ആദരവർപ്പിക്കലാണെന്ന മറ്റൊരാളുടെ നിരീക്ഷണവുമാണ് അവർ അഭിമുഖീകരിക്കാൻ ശ്രമിക്കുന്നത്. എഴുതുന്നത് ഇംഗ്ലീഷിലായിരിക്കെത്തന്നെ തന്റെ എഴുത്ത് എങ്ങനെ ബഹുഭാഷണങ്ങളുടെ വിവർത്തനമായിത്തീരുന്നു എന്ന് അനുഭവങ്ങളുടെ പിന്തുണയോടെ, കാവ്യാത്മകമായിരിക്കെത്തന്നെ നർമ്മവും വേദനയും രോഷവും നിസ്സഹായതയും പങ്കിടുന്ന ഭാഷയിലൂടെ വിശദീകരിക്കുകയാണവർ. പീഡിതമായ നഗരങ്ങളിൽ മഴ പെയ്യുന്നത് ഏതു ഭാഷയിലാണെന്ന നെരുദയുടെ സംശയത്തിന് ‘വിവർത്തനത്തിന്റെ ഭാഷയിൽ’ എന്നാണ് അരുന്ധതി റോയ് നല്കുന്ന ഉത്തരം.
അവർ ഈ പുസ്തകത്തിൽ ഒരിടത്തു പറയുന്നതുപോലെ, ഒരേ സമയം പല നൂറ്റാണ്ടുകളിൽ ജീവിക്കുന്ന ഇന്ത്യ. ഇത് ഇന്ത്യയെ സംബന്ധിച്ച ഏതു കാര്യത്തിലും പ്രസക്തമാണല്ലോ എന്നു നാം ഓർത്തുപോകുന്നു. ഈ പുസ്തകം നമ്മെ സംബോധന ചെയ്യുമ്പോൾ, നാം ഈ പുസ്തകത്തെ സംബോധന ചെയ്യുമ്പോൾ, കുഴമറിഞ്ഞ നൂറ്റാണ്ടുകളുടെ ഏതൊക്കെ ഇടങ്ങളോടാവും ഇതു വിനിമയബന്ധത്തിലേർപ്പെടുന്നത് എന്നൊരുത്കണ്ഠയും നമുക്ക് ഒഴിവാക്കാനായില്ലെന്നു വരും.
മനോജ് കുറൂർ
ആസാദി മലയാള പരിഭാഷ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക
ആസാദി വാങ്ങാന്‍ സന്ദര്‍ശിക്കുക
മനോജ് കുറൂരിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.