ചരിത്രത്തിന്റെ വിപരീതദിശയില്‍ സഞ്ചരിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം; ‘മീശ’ നോവലിനെ കുറിച്ച് മനോജ് കുറൂര്‍ എഴുതുന്നു
സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്ന് പ്രസിദ്ധീകരണം പിന്‍വലിച്ച എസ്. ഹരീഷിന്റെ ‘മീശ’ നോവലിനെ കുറിച്ച് എഴുത്തുകാരനും അധ്യാപകനുമായ മനോജ് കുറൂര്‍ എഴുതുന്നു.
വിവേകികളായ വായനക്കാരോട്….
പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ അത്രമേല്‍ താത്പര്യം കാണിച്ച, തുറന്ന മനസ്സുള്ള ഒരാളെ സൂചിപ്പിക്കുന്ന ഒരു ഉദ്ധരണി ആമുഖമായി ചേര്‍ത്തുകൊണ്ടാണ് എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ ആരംഭിക്കുന്നത്. പുരുഷനെ, അവന്റെ പൊങ്ങച്ചത്തെ, ധാര്‍ഷ്ട്യത്തെ, തരംപോലെ പിരിച്ചു കയറ്റുകയും താഴ്ത്തുകയും ചെയ്യാവുന്ന അവന്റെ പെരുമാറ്റത്തെ എടുത്തു കാണിക്കുന്ന നോവല്‍ എന്നൊരു മുന്‍ധാരണ തരാന്‍ പര്യാപ്തമാകുന്ന തലക്കെട്ട്. താത്പര്യത്തോടെ, സഹിഷ്ണുതയോടെ, വിവേകത്തോടെ കേള്‍ക്കാന്‍ തയ്യാറാകുന്ന കേള്‍വിക്കാരെ/ വായനക്കാരെ നോവല്‍ പ്രതീക്ഷിക്കുന്നു. വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ അധ്യായങ്ങള്‍ കൊണ്ടുതന്നെ അത്തരത്തിലുള്ള വായനക്കാരെ അടുത്ത അധ്യായത്തിലേക്കു തുടരാന്‍ പ്രേരിപ്പിക്കുന്ന ആഖ്യാനകല നോവല്‍ പ്രകടമാക്കുകയും ചെയ്തു.
പക്ഷേ വായനക്കാരെപ്പറ്റിയുള്ള എഴുത്തുകാരന്റെ ധാരണയും പ്രതീക്ഷയും അസ്ഥാനത്താക്കിക്കൊണ്ട് അപ്രതീക്ഷിതമായ ചില ചര്‍ച്ചകളാണ് തുടര്‍ന്നുണ്ടായത്. എഴുത്തുകാരനെയെന്നപോലെ നോവലിന്റെ അടുത്ത അധ്യായങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്ന വായനക്കാരെയും ഇത്തരം വിവാദങ്ങള്‍ അസ്വസ്ഥരാക്കുന്നുണ്ട്. ഒരു തരത്തില്‍ അവരുടെ സ്വരമാണ് ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ നിശ്ശബ്ദമാക്കപ്പെട്ടത്. ഹരീഷിന്റെ ഈ നോവലിനു വിവാദമൂല്യമല്ല, സാഹിത്യമൂല്യമാണുള്ളത് എന്ന് എടുത്തു പറയേണ്ടതുണ്ട്. അതു ജാഗ്രതയുള്ള വായനക്കാര്‍ക്കു തിരിച്ചറിയുകയും ചെയ്യാം.
ബാലിശമായ ഈ വിവാദത്തിലേക്കു നയിച്ച പരാമര്‍ശം നോവലിസ്റ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും അയാളുടെ ലേഖനത്തിലെയോ പ്രസംഗത്തിലെയോ ഒരു നിരീക്ഷണമല്ലെന്നും അയാളുടെ നോവലിലെ ഒരു കഥാപാത്രം പറയുന്നതാണെന്നും ഓര്‍മ്മിച്ചാല്‍ത്തന്നെ ഇതിന്റെ അര്‍ത്ഥശൂന്യത ബോധ്യമാകും. കാരണം, ഒരു കഥാപാത്രത്തിന്റെ അഭിപ്രായത്തോട് മറ്റു കഥാപാത്രങ്ങളോ നോവലിസ്‌റ്റോ യോജിക്കണമെന്നില്ല. വിവിധകഥാപാത്രങ്ങളുടെ വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങളും കാഴ്ചപ്പാടുകളും പെരുമാറ്റരീതികളും ഏതു നോവലിലും സാധാരണമാണ്. ഒരു വ്യവസ്ഥയെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ പോലെതന്നെ പ്രധാനമാണ് അതിനോടു പ്രതിപ്രവര്‍ത്തിക്കുന്ന ഘടകങ്ങളും. ഇവയുടെ സംഘര്‍ഷത്തിലൂടെയാണ് ഏതു കലയും രൂപപ്പെടുന്നത്. സംഘര്‍ഷമില്ലെങ്കില്‍ കലയില്ല എന്നു പോലും പറയാവുന്നതാണ്.
ഒരു ഭാഷയില്‍ത്തന്നെ വ്യത്യസ്തമോ പരസ്പരവിരുദ്ധമോ ആയ ഭാഷണങ്ങള്‍ ഒരേസമയം നിലനില്ക്കുകയോ സംഘര്‍ഷത്തിലേര്‍പ്പെടുകയോ ചെയ്യുന്നത് നോവല്‍ എന്ന സാഹിത്യശാഖയുടെതന്നെ അടിസ്ഥാനസ്വഭാവങ്ങളിലൊന്നാണ്. കഥാപാത്രങ്ങളുടെയും ആഖ്യാതാക്കളുടെയും എഴുത്താളുടെപോലും ഭാഷണങ്ങള്‍ ഇതില്‍ പങ്കുചേരുന്നു. മിഖായേല്‍ ബഖ്തിന്‍ ‘ഹെറ്റെറോഗ്ലോസിയ’ എന്നു വിളിക്കുന്ന ഈ സവിശേഷതയാണ് നോവലിനെ സംവാദാത്മകമാക്കുന്നത്. ഒപ്പംതന്നെ വിശുദ്ധമെന്നോ മലിനമെന്നോ കണക്കാക്കപ്പെടുന്ന വസ്തുക്കളും സംഭവങ്ങളും നോവലില്‍ ഇടകലരുന്നു. അങ്ങനെ എല്ലാത്തരത്തിലുമുള്ള ബഹുസ്വരത ഈ സാഹിത്യശാഖയുടെ അടിസ്ഥാനസ്വഭാവംതന്നെയാകുന്നു. സാഹിത്യമോ മറ്റു കലകളോ ആസ്വദിക്കാന്‍ അറിയുന്നവര്‍ക്ക് ഒരു ബാലപാഠം എന്ന നിലയില്‍ത്തന്നെ പരിചിതമായ സംഗതിയുമാണിത്.
ജനാധിപത്യകാലത്തെ സാഹിത്യരൂപമായ നോവലിന്റെ കാര്യമാണ് ഇപ്പറഞ്ഞത്. അതിനു മുമ്പുതന്നെ കലയ്ക്ക് എന്നും ഒരു സ്വതന്ത്രപദവി പരമ്പരാഗതസംസ്‌കാരംതന്നെ കല്പിച്ചു കൊടുത്തിട്ടുണ്ട്. രാമായണം, മഹാഭാരതം മുതലായ ഇതിഹാസങ്ങളിലും അവയോടു ചേര്‍ന്നുനില്ക്കുന്ന കൃതികളിലും പോലും ഭാഷണങ്ങളുടെയും പെരുമാറ്റങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും വൈവിധ്യമുണ്ട്. കാളിദാസന്റെ കുമാരസംഭവത്തില്‍ പാര്‍വതീപരമേശ്വരന്‍മാരുടെ രതിയുടെ വിശദമായ വര്‍ണനയുണ്ട്. ശ്രീകൃഷ്ണനും ഗോപികമാരും ചേര്‍ന്നുള്ള രാസക്രീഡ ജയദേവന്റെ ഗീതഗോവിന്ദത്തിലും ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലും പ്രധാനപ്രമേയംതന്നെയാകുന്നു. കാമത്തെ പുരുഷാര്‍ത്ഥങ്ങളിലൊന്നായിക്കാണുകയും കാമസൂത്രം തന്നെ രചിക്കുകയും പലതരം രതിശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളുംകൊണ്ട് ക്ഷേത്രങ്ങളെ അലങ്കരിക്കുകയും ചെയ്ത ഒരു പാരമ്പര്യത്തിന്റെ അവശേഷങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനെ അവഗണിക്കുന്നതു കാണുമ്പോള്‍ ബോധപൂര്‍വമുള്ള ഒരു മറവിയാണോ അതിനിടയാക്കുന്നത് എന്നു സംശയം തോന്നും. കൊടുങ്ങല്ലൂര്‍ ഭരണിക്കും ചേര്‍ത്തല പൂരത്തിനുമുള്ള പാട്ടുകള്‍ തുടങ്ങി പിന്നെയും പറയാനേറെയുണ്ട്.
കൂടിയാട്ടത്തിന്റെ ഭാഗമായ പുരുഷാര്‍ത്ഥക്കൂത്ത് എന്ന കലതന്നെ എടുക്കുക. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നീ പുരുഷാര്‍ത്ഥങ്ങള്‍ക്കുപകരം വിനോദം, വഞ്ചനം, അശനം, രാജസേവ എന്നിങ്ങനെ നാലു പുരുഷാര്‍ത്ഥങ്ങള്‍ കല്പിച്ച് ഓരോന്നും ഹാസ്യാത്മകമായി വിവരിക്കുന്ന രീതിയാണ് അതിലുള്ളത്. ലക്ഷ്യം സാമൂഹികവിമര്‍ശനംതന്നെ. ബ്രാഹ്മണര്‍ തുടങ്ങി എല്ലാ ജാതികളും വിവിധ ജാതികളുടെ തൊഴിലുകളും അതില്‍ രൂക്ഷമായ പരിഹാസത്തിനു വിധേയമാകുന്നു. ‘വാതുതീര്‍ക്കല്‍’ എന്ന ഭാഗത്ത്, മീശക്കൊടിപ്പുറത്ത് ഇട്ടുണ്ണൂലി എന്ന കഥാപാത്രം ക്ഷേത്രത്തില്‍ തൊഴാന്‍ വരുമ്പോള്‍ ശാന്തിക്കാരന്‍, ഓയ്ക്കന്‍ തുടങ്ങിയവര്‍ അവളില്‍ ഭ്രമിക്കുന്നതു കൂത്തില്‍ വിവരിക്കുന്നു. രാജസേവ എന്ന ഭാഗത്ത് പല ന്യൂനതകളുള്ള രാജാക്കന്‍മാരാണ് ഇത്തരത്തില്‍ പരിഹാസത്തിനു വിധേയമാകുന്നത്. താരതമ്യേന ഏകാധിപത്യപരമായ രാജഭരണം നിലനിന്നിരുന്ന ഒരു കാലത്താണ് കൂത്തു പറയുന്ന ചാക്യാര്‍ക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് എന്നോര്‍ക്കണം. ഇതേ രീതി കുഞ്ചന്‍ നമ്പ്യാരും തുടരുന്നുണ്ട്. ക്ലാസ്സിക്കല്‍ കലകളില്‍ മാത്രമല്ല, പടയണിയില്‍ കോലംതുള്ളലിനിടയ്ക്കുള്ള വിനോദാവതരണഭാഗംപോലെ പലയിടത്തും വിവിധ ജാതികളെയും തന്ത്രി ഉള്‍പ്പെടെയുള്ള ക്ഷേത്രപുരോഹിതന്‍മാരെയും അധികാരികളെയും പരിഹസിക്കുന്നതു കാണാം. പറഞ്ഞുവന്നത് ശക്തമായ ജാതിമതവിശ്വാസങ്ങള്‍ നിലനിന്ന കാലത്തുപോലും ഇത്തരത്തില്‍ വിമര്‍ശിക്കുന്നതിനും പരിഹസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കും ഉണ്ടായിരുന്നു എന്നാണ്. ഒരു തരത്തില്‍ ഏതു കാലത്തും കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും ധര്‍മ്മങ്ങളിലൊന്ന് ഇത്തരം വിമര്‍ശനങ്ങള്‍ നിര്‍വഹിക്കുക എന്നതാണ്.
പില്‍ക്കാലത്ത് ആധുനികതയുടെയും നവോത്ഥാനത്തിന്റെയും തുറസ്സുകള്‍ സമൂഹത്തില്‍ സംഭവിച്ചപ്പോഴും മലയാളസാഹിത്യം ഇതേ ധര്‍മ്മങ്ങള്‍ പല തരത്തില്‍ നിര്‍വ്വഹിച്ചു പോന്നിട്ടുണ്ട്. ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടിനെ ഓര്‍ക്കുക. പിന്നീടൊരു കാലത്തു ബഷീര്‍ ‘ഒരു ഭഗവത്ഗീതയും കുറേ മുലകളും’, ‘ശബ്ദങ്ങള്‍’, ‘ശിങ്കിടിമുങ്കന്‍’ തുടങ്ങിയ കൃതികളെഴുതി. ‘അന്തോണീ, നീയും അച്ചനായോടാ’ തുടങ്ങിയ കഥകളിലൂടെ പൊന്‍കുന്നം വര്‍ക്കി ക്രിസ്ത്യന്‍ പൗരോഹിത്യത്തെ മൂര്‍ച്ച കൂട്ടിത്തന്നെ പരിഹസിച്ചു. ‘ഇതു ഭൂമിയാണ്’ മുതലായ നാടകങ്ങളിലൂടെ മുസ്‌ലിം സമൂഹത്തിലെ മാമൂലുകളെ കെ. ടി. മുഹമ്മദും വിമര്‍ശിക്കുന്നുണ്ട്. അമ്പലങ്ങള്‍ക്കു തീയിടണം എന്ന സ്വാഭിപ്രായം പ്രകടിപ്പിക്കാന്‍ വി. ടി. ഭട്ടതിരിപ്പാടിന് മതവികാരം തടസ്സമായില്ല. ചില എതിര്‍പ്പുകള്‍ ഇവര്‍ക്കു നേരിടേണ്ടി വന്നുവെങ്കിലും അവയൊന്നും എഴുത്താളുടെ സ്വാതന്ത്ര്യത്തെ തടയാന്‍ പര്യാപ്തമായില്ല.
എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാദപരമായ പല കൃതികളും ഉണ്ടായിട്ടുണ്ട് എന്നതു വിസ്മരിക്കുന്നില്ല. ആനിമല്‍ ഫാമും യുലീസസും ലോലിതയും ഉള്‍പ്പെടെയുള്ള ലോകക്ലാസ്സിക്കുകളില്‍ പലതും പല കാരണങ്ങള്‍കൊണ്ട് എതിര്‍പ്പു നേരിട്ടുവെങ്കിലും പുസ്തകത്തിന്റെ പ്രചാരവും വായനയും കൂട്ടുന്നതിനാണ് അതുപകരിച്ചത് എന്നു നമുക്കറിയാം. കസാന്‍ദ്‌സാക്കിസ് എഴുതിയ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന നോവല്‍ ആദ്യം നിരോധിക്കപ്പെട്ടെങ്കിലും ആ കൃതിയിലേതുപോലെ ക്രിസ്തുവിനെ ആഴത്തില്‍ സമീപിച്ച കൃതികള്‍ കുറവാണെന്ന തോന്നലാണു വായനക്കാര്‍ക്കുണ്ടായത്. ഷൂസേ സരമാഗു എഴുതിയ ‘യേശുക്രിസ്തുവിന്റെ സുവിശേഷം’ എന്ന നോവല്‍ ഇത്തരത്തിലുള്ള മറ്റൊരുദാഹരണമാണ്. ഏറെ ജനപ്രിയമായ ‘ഡാവിഞ്ചി കോഡ്’ ആവട്ടെ, പ്രതിസ്ഥാനത്താണു കത്തോലിക്കാ സഭ എന്ന തോന്നല്‍ ആദ്യം സൃഷ്ടിച്ച ശേഷം അപ്രതീക്ഷിതപരിണാമത്തിലൂടെ മറ്റൊരു കഥാന്ത്യത്തിലേക്കാണെത്തുന്നത് എന്നുമോര്‍ക്കാം. കൃതി മുഴുവന്‍ വായിക്കാതെ എടുത്തു ചാടുന്നവര്‍ക്കുള്ള നല്ലൊരു ഗുണപാഠമാണ് ആ നോവലിനെ സംബന്ധിച്ചുണ്ടായ വിവാദം.
ഓബ്രി മെനന്റെ ‘രാമ റീടോള്‍ഡ്’ എന്ന കൃതി സ്വതന്ത്ര ഇന്ത്യയില്‍ കുറച്ചു വര്‍ഷത്തേക്കു നിരോധിക്കപ്പെട്ടതാണ്. എങ്കിലും ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തെ പുരസ്‌കരിച്ച് പി. എം. ആന്റണിയെഴുതിയ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിനുണ്ടായ നിരോധനമാണ് 1986-ല്‍ കേരളത്തില്‍ ആവിഷ്‌കാരസ്വാതന്ത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. രണ്ടുമൂന്നു വര്‍ഷത്തിനകം സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ ഇന്ത്യയിലുള്‍പ്പെടെ നിരോധിക്കപ്പെടുകയും എഴുത്തുകാരന്റെ നേര്‍ക്കു ഫത്‌വ എന്ന ഭീഷണിയുണ്ടാവുകയും ചെയ്തതോടെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത് ഒരു അനിവാര്യതയായിത്തീര്‍ന്നു.
മതവിശ്വാസം, ലൈംഗികത, അധികാരവിമര്‍ശം ഇവയുടെ പേരിലാണ് സമീപകാലത്തു പുസ്തകങ്ങള്‍ വിവാദമാകാറുള്ളത്. രാജഭരണകാലത്തുപോലും കലയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കേരളത്തില്‍ വിലക്കില്ലായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു. ഏകാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കു സമൂഹം പരിവര്‍ത്തനപ്പെടുന്ന ചരിത്രത്തിന്റെ വിപരീതദിശയിലാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ചരിത്രം സഞ്ചരിക്കുന്നത് എന്നതാണ് സങ്കടകരമായ വൈരുദ്ധ്യം. സാക്ഷരരായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ ഉദയം, അച്ചടിസംസ്‌കാരം, പൊതുബോധത്തിന്റെ നിര്‍ണയശേഷി എന്നിവയുമായി ബന്ധപ്പെട്ട, ആധുനികജനാധിപത്യത്തിന്റെ സന്തതി എന്നറിയപ്പെടുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന നോവല്‍ എന്ന സാഹിത്യരൂപത്തെ സംബന്ധിച്ചാവുമ്പോള്‍ ഈ പ്രതിസന്ധി തീവ്രമാകുന്നു. ബഹുഭാഷണങ്ങളുടെ ഒരു സമാഹാരമായ നോവലില്‍നിന്നു ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്താല്‍ ഏതു കൃതിയും വിവാദമാക്കാം; സ്വന്തം താത്പര്യമനുസരിച്ചു വ്യാഖ്യാനിക്കാം. ഒരു തരത്തില്‍ വായനയുടെ ജനാധിപത്യപരമായ ഒരു സാധ്യതയാണ് ഇവിടെ ജനാധിപത്യരഹിതമായി ഉപയോഗിക്കുന്നത്; ആര്‍ക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധ്യത തരുന്ന ഇടങ്ങള്‍തന്നെയാണ് ആള്‍ക്കൂട്ടത്തിന്റെ കൂട്ടായ അക്രമത്തിനും അരങ്ങാവുന്നത്. അതായത് ജനാധിപത്യത്തിന്റെ ഇടങ്ങള്‍ ജനാധിപത്യവിരുദ്ധമായിത്തീരുന്ന സമകാലികസാഹചര്യത്തെ എഴുത്തുകാരും വായനക്കാരുമുള്‍പ്പെടുന്ന പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ഒന്നു കൂടി പറയട്ടെ: എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ ശ്രദ്ധിക്കപ്പെടേണ്ടതു വിവാദത്തിലൂടെയല്ല. അപ്പര്‍ കുട്ടനാടിന്റെ ചരിത്രപശ്ചാത്തലമുള്ള ഈ നോവലിനു സ്വന്തം ഒരു ദേശമുണ്ട്; അവിടത്തെ പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും മരങ്ങളും മണ്ണും വെള്ളവുമൊക്കെയുള്ള ജൈവികമായ പ്രകൃതിയുണ്ട്. പല പെരുമാറ്റരീതികളും കാഴ്ചപ്പാടുകളും മനോനിലയും സംസാരരീതികളുമുള്ള വ്യത്യസ്തരായ മനുഷ്യരുണ്ട്. ഇവയെല്ലാം ചേര്‍ന്ന അകംപുറം ജീവിതങ്ങളെ ചാരുതയോടെ, കൈയടക്കത്തോടെ ആഖ്യാനം ചെയ്യുന്ന നോവലാണു മീശ. ജീവിതത്തില്‍ കാണുന്നതും കേള്‍ക്കുന്നതുമായ അനന്തവൈവിധ്യങ്ങളില്‍ച്ചിലതു നോവലിലും കാണുന്നതു തികച്ചും സ്വാഭാവികമായ കാര്യം മാത്രമാണ്. ഇനിയുള്ള ചര്‍ച്ചകള്‍ നോവലിന്റെ കലയെപ്പറ്റിയും അതിനുള്ളിലെ ജീവിതത്തെപ്പറ്റിയുമാവട്ടെ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു. അതിനുള്ള വിവേകം കേരളത്തിലെ വായനക്കാര്‍ക്കുണ്ടെന്ന ഉറപ്പ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു.
Comments are closed.