DCBOOKS
Malayalam News Literature Website

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Former Indian Prime Minister Manmohan Singh passed away

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു.

നിലവില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാള്‍ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26 നാണ് മന്‍മോഹന്റെ ജനനം. പിതാവ് ഗുര്‍മുഖ് സിങ്, മാതാവ് അമൃത് കൗര്‍. പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് ഇന്റര്‍മീഡിയറ്റും ധനതത്വശാസ്ത്രത്തില്‍ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകളില്‍ ഉപരിപഠനവും നടത്തി. പഞ്ചാബ്, ഡല്‍ഹി സര്‍വകലാശാലകളില്‍ അധ്യാപകനായും ജോലി ചെയ്തു.

ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിക്കപ്പെടുന്ന അദ്ദേഹം 1982 മുതല്‍ 85 വരെ റിസര്‍വ് ബാങ്ക് ഗവര്‍ണറായും 1985ല്‍ രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും 1985 മുതല്‍ 87 മുതല്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായും 1991 മുതല്‍ 96 വരെ നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും 1998 മുതല്‍ 2004 വരെ രാജ്യസഭാ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1987ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം മന്‍മോഹന്‍ സിങ്ങിനെ ആദരിച്ചു. കേംബ്രിജ്, ഒക്‌സ്‌ഫോഡ് സര്‍വകലാശാലകളുടെ ഓണററി ബിരുദങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍, പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്ന അദ്ദേഹം ഈ വര്‍ഷം ഏപ്രിലില്‍ വിരമിച്ചു.

 

Leave A Reply