DCBOOKS
Malayalam News Literature Website

വെള്ളിത്തിരയില്‍ നിറഞ്ഞാടിയ ആമി കെഎല്‍എഫില്‍

 

 ബയോപിക്ക് സിനിമകളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ കമല്‍ സംവിധാനം ചെയ്ത മാധവിക്കുട്ടിയുടെ കഥ പറയുന്ന ‘ആമി’ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു. വര്‍ഷങ്ങളുടെ അധ്വാനവും സ്വപ്‌ന സാക്ഷാത്ക്കാരവുമാണ് ആമി. വിവാദങ്ങള്‍ കൊണ്ട് തുടക്കം മുതല്‍ സമ്പന്നമായിരുന്നു ആമിയുടെ കഥയും, തിരിക്കഥയും, ആവിഷ്‌ക്കാരവും. സിനിമയ്ക്ക് മുമ്പും ശേഷവും ചില വ്യക്തികള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മാധവിക്കുട്ടി കഥകളിലേക്ക് നിരന്തരം കടന്നു വരുന്ന പരപുരുഷ ബന്ധങ്ങള്‍ തന്നെയാണ് ഈ വിവാദങ്ങള്‍ക്ക് അടിസ്ഥാനം എന്നിരിക്കെ ഇതൊക്കെയും ഫിക്ഷനുകള്‍ മാത്രമാണെന്നത് മാധവിക്കുട്ടി തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. പല ചര്‍ച്ചകളിലും കമല്‍ എന്ന സംവിധായകനും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

മൂന്ന് വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആമി നിര്‍മ്മിക്കപ്പെട്ടത് എന്ന് കമല്‍ വ്യക്തമാക്കി. മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’ യെ മാത്രമല്ല ആമിയില്‍ അവതരിപ്പിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലെ ആത്മകഥയില്‍ നിന്നും പുറത്തുവന്ന് 78ാം വയസ്സുവരെയുള്ള ജീവിതം ആമിയില്‍ ഉണ്ട്. ആമിയുടെ ദിവ്യ പ്രഭയില്‍ തിരസ്‌ക്കരിക്കപ്പെട്ട മാധവദാസിനെകുറിച്ച് വളരെ മികച്ച രീതിയില്‍ കഥ പോയിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ അല്ലെങ്കില്‍ ലൗജിഹാദിന് വേദി മതം മാറി എന്ന് പറയുന്ന മാധവിക്കുട്ടിയെയും മാത്രമാണ് വായനാലോകത്തിന് അറിയുന്നത്. അതിനപ്പുറം, ദിവ്യമായ പ്രണയവും തീവ്രമായ ആത്മബന്ധവും പുലര്‍ത്തിയ ഭാര്യയും അമ്മയും മികച്ച സാഹിത്യകാരിയുമായ മാധവിക്കുട്ടിയാണ് സിനിമയില്‍ ഉള്ളത്.

കഴിഞ്ഞ കേരള സാഹിത്യ ഫെസ്റ്റിവല്‍ കഴിഞ്ഞുള്ള യാത്രയില്‍ കമല്‍ ഫോണില്‍ വിളിച്ച് മഞ്ജുവിന് വാഗ്ദാനം ചെയ്ത വേഷമാണ് ആമി എന്നതും അടുത്ത ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ആമിയായി കഴിഞ്ഞതില്‍ ഉള്ള ആഹ്ലാദവും മഞ്ജു കാണികളുമായി പങ്കുവെച്ചു. വിവാദങ്ങള്‍ തന്നെ തളര്‍ത്തിയില്ല എന്നും, തിരക്കഥയില്‍ ഉള്ള വിശ്വാസവും കമലിനോടുള്ള ആദരവുമാണ് തന്നെ ആമി ആക്കിയതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
ഫാസിസത്തിന്റെ വേരുകള്‍ ആഴ്ന്നു പിടിക്കുന്നത് സിനിമയിലും, സാഹിത്യത്തിലും മാത്രമല്ലെന്നും കലാകാരന്റെ ചിന്തകളെ പോലും തളര്‍ത്തിക്കളയുന്ന രീതിയിലേക്ക് അത് വളര്‍ന്നു കഴിഞ്ഞുവെന്നും ഇന്ദുമേനോന്‍ അഭിപ്രായപ്പെട്ടു.

തുറന്നെഴുത്തുകള്‍ കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിക്കുകയും, വ്യത്യസ്തതയില്‍ മികച്ചു നില്‍ക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ ജീവിതം പ്രണയത്തില്‍ മാത്രം ഉറച്ച് നിന്നതായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ വിവാദങ്ങള്‍ ഉണ്ടാക്കാതെ ആത്മാര്‍ത്ഥമായി തന്നെ സിനിമ അവതരിപ്പിച്ചപ്പോള്‍ മഞ്ജുവിന്റെ ശബ്ദം ആമിക്ക് ചേര്‍ന്നതല്ല എന്ന അഭിപ്രായവും ഉയര്‍ന്നു നിന്നു. ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ ഭയന്ന് തിരക്കഥ തിരുത്തിയിരുന്നോ എന്ന ചോദ്യത്തിന്, ശക്തമായ മറുപടിയാണ് കമല്‍ നല്‍കിയത്. തന്റെ ആത്മാവിഷ്‌കാരം ആണെന്നിരിക്കെ ആരെയും ഭയക്കേണ്ടതോ, ബോധിപ്പിക്കേണ്ടതോ ആയ ആവശ്യമില്ലെന്ന് കമല്‍ പറഞ്ഞവസാനിപ്പിച്ചു. ശേഷം വേദിയില്‍ വെച്ച് ആമിയുടെ തിരക്കഥാ പ്രകാശനവും, അഥിതികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

 

 

Comments are closed.