DCBOOKS
Malayalam News Literature Website

മാത്തിസന്റെ ലളിതങ്ങള്‍

ജെനി ആന്‍ഡ്രൂസ്

ഒരു ചടുലമഴപ്പെയ്ത്തില്‍ നനയും പോലെയായിരുന്നില്ല അത്, കോടയില്‍ നനയും
പോലെ. കോടയില്‍, നനയുകയാണെന്നു നാം അറിയുന്നില്ല. നടക്കുംതോറും ഈറന്‍കണങ്ങള്‍ അല്പാല്പമായി പൊഴിഞ്ഞെത്തി ക്രമേണ നാം നനവിലാകുകയാണ്. സെന്‍ചര്യയിലെ മുന്നേറലിനെ സൂചിപ്പിക്കുന്ന ഈ നനവിലാകല്‍, വായനയില്‍, വിവര്‍ത്തനത്തില്‍, മാത്തിസന്‍ നല്കിയ വഴിനടത്തലിനും ഇണങ്ങുന്നു. സെന്‍വഴിയുടെ സ്വച്ഛന്ദതകളിലൂടെ. ഉണ്മയുടെ സുഗന്ധത്തിലേക്കും തെളിമയിലേക്കും ഒരു ജാലകം തുറക്കപ്പെട്ടുകൊണ്ടണ്ട്.

മനുഷ്യകേന്ദ്രീകൃതം എന്നതിനപ്പുറം, ചരാചരങ്ങളെല്ലാം കേന്ദ്രമായുള്ള ഒരു ലോകം നിവര്‍ത്തിത്തരികയാണ് ഈ ഗ്രന്ഥം. ഉള്ളിലും നമുക്ക് ഈ ഭൂപടം നിവര്‍ത്താനാകുമെങ്കില്‍ ഒട്ടേറെ പൊരുളുകളുടെ പ്രത്യക്ഷത്തോടെ കാഴ്ചയുടെ തലം മനോഹരമായി പരിവര്‍ത്തിക്കപ്പെടും. പുറത്തുള്ള വിസ്തൃതവിരിപ്പുകള്‍ക്കു തുല്യം അകത്തുള്ള വിസ്തൃതി അനുഭവമായിത്തുടങ്ങും, ഒരു പുതുനിര്‍മ്മിതിക്ക് മൂലക്കല്ല് ലഭിച്ചാലെന്നോണം.

വന്യജീവിപ്രണയിയായൊരു ജന്തുശാസ്ത്രജ്ഞനും സെന്‍ബുദ്ധിസ്റ്റ് അനുഗാമിയായൊരു എഴുത്തുകാരനും ടിബറ്റന്‍ അതിര്‍ത്തിക്കരികെ നേപ്പാളിന്റെ ഹിമശൈലങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് കാല്‍നടയാത്രയിലാണ്. രണ്ടുപേരും രണ്ടു കളങ്ങളിലെ ആചാര്യന്മാര്‍. സെന്‍ ജീവചര്യയാക്കിയയാള്‍ക്ക് ഒരു യാത്രയും തീര്‍ത്ഥാടനത്തില്‍ കുറഞ്ഞ ഒന്നല്ല. ഓരോ തുണ്ടുകാഴ്ചയും സൂക്ഷ്മത്തിലേക്ക്. അനന്തതയെ സംവഹിക്കുകയാണവ. ഇവിടെ നിര്‍വചനങ്ങള്‍ പലത് തിരുത്തിനല്കുകയാണ് മാത്തിസന്‍. അങ്ങിങ്ങു പാര്‍ക്കുന്ന പര്‍വതനിവാസികള്‍ക്കൊപ്പം യാക്കുകളും ഹിമപ്രാവുകളും നീലച്ചെമ്മരിയാടുകളും മറവിലെവിടെയോ വഴുതിമാറി നില്പുണ്ടാവുന്ന മഞ്ഞുപുലിയും ഉയരത്തെ വലംവയ്ക്കുന്ന കഴുകനും മൈനയും മലയെലിയും വെള്ളിവരയന്‍ പല്ലിയുമെല്ലാം ചേര്‍ന്നുള്ള ജീവരാശിയുടേതെന്നല്ലാതെ ഭൂമിയെ സങ്കല്പിക്കുവാന്‍ നമുക്കിവിടെ ആവുകയില്ല. മനുഷ്യന്‍ ഓഹരിക്കാരിലൊരാള്‍ മാത്രം. മേഘവും ഹിമവും ശിലയും പക്ഷിത്തൂവലും നദിക്കല്ലും സമുദ്രാന്തരത്തില്‍നിന്ന് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഭൂഖണ്ഡത്തള്ളലാല്‍ ഉയര്‍ന്നെത്തി ശൈലമടക്കില്‍ ഇരിപ്പായ പ്രാചീനശംഖ് അശ്മകങ്ങളും ഭൂമി പങ്കിടുന്നു. എല്ലാം ഒരേ ഉണ്മയുടെ പ്രത്യക്ഷങ്ങള്‍. ഒരേ പഞ്ചഭൂതാത്മകത്വത്തില്‍നിന്ന് ഉയിര്‍ക്കൊണ്ടണ്ടവ.

Textജോര്‍ജ് ഷാലര്‍, വന്യജീവിശാസ്ത്രജ്ഞന്‍, നീലച്ചെമ്മരിയാടിലുള്ള ഗവേഷണത്തിന് നോട്ട്ബുക്ക് കൈയില്‍ കരുതിയപ്പോള്‍ മാത്തിസന്‍ ക്ഷണികതയെയും അനശ്വരതയെയും അനുദിനക്കുറിപ്പുകളിലേക്ക് കോര്‍ത്തുകൊണ്ടിരുന്നു. കാറ്റുവന്ന് തട്ടിവിളിക്കുന്ന ഒറ്റയാള്‍ക്കൂടാരത്തില്‍ നൂഴ്ന്നിരുന്നും ഷേര്‍പ്പകള്‍ ഒരുക്കിനല്കുന്ന കനല്‍ക്കൂനയ്ക്കരികെ ചൂടേറ്റിരുന്നും പര്‍വതമടക്കുകളിലെ കല്‍പ്പുറങ്ങളിലിരുന്നുമെല്ലാം തന്റെ ഹൃദയയാത്ര മാത്തിസന്‍ വാക്കിലേക്കു പകര്‍ത്തി, താന്‍പൂരിതനാകുന്ന വേളകളിലെ വാക്കിനതീതമായവയ്ക്കും വാക്കുകള്‍ നല്കി. ജീവിതം ഒരു നൂറ്റാണ്ടു പിന്നിലേക്കായാലെന്നോണം അത്ര പ്രാചീനമായ ചേരുവയിലെ ഡോള്‍പോദേശം. വിരളമായ ചെറുഗ്രാമങ്ങളും ആള്‍നിവാസങ്ങളുമൊഴിച്ചാല്‍ നിശ്ശബ്ദ വിസ്തൃതിയുടെ സൂക്ഷ്മമുഴക്കവുമായി നില്ക്കുന്ന ഹിമദുര്‍ഗ്ഗങ്ങള്‍ എങ്ങും. സെന്‍ചര്യയുടെ സൂക്ഷ്മതയെ സംവഹിച്ചുകൊണ്ടാകുമ്പോള്‍ ഈ നടപ്പ് നിവര്‍ത്തിത്തരുന്ന അനുഭവമണ്ഡലങ്ങള്‍ അപാരം. മുഴുവന്‍ പ്രപഞ്ചത്തോടുംലയത്തിലാക്കിക്കൊണ്ടണ്ടും ‘സന്തത സാവധാനഃ’ എന്ന ഉപനിഷത്‌ബോധനം അനുശീലിപ്പിച്ചുകൊണ്ടണ്ടും വഴിതന്നെ വഴികാട്ടിയാവുകയാണ്. ‘സ്‌നോ ലെപ്പേര്‍ഡ്’ എന്ന ലളിത ശീര്‍ഷകത്തിനുള്ളില്‍ സെന്‍ബുദ്ധിസവും താവോയും ഉപനിഷത്തുകളും അടരുകള്‍ തീര്‍ത്തിരിക്കുന്നു.

മഞ്ഞുപുലിയുടെ മാന്ത്രികപ്രത്യക്ഷം തേടിയുള്ള യാത്രയിലുപരി മാത്തിസന് ഇത് തനിക്കുള്ളിലേക്കുതന്നെയുള്ള യാത്രയാണ്. പൊടുന്നനെ മുന്നിലവതരിച്ചേക്കാമെന്ന് മഞ്ഞു
പുലിക്കായി തീക്ഷ്ണമായി കാംക്ഷിക്കുന്നുമില്ല. പ്രതീക്ഷിക്കുന്ന നേരത്തല്ലാതെ, അത്ര സജ്ജനാകുന്ന നേരത്തു മാത്രം വന്നെത്തുന്ന സാക്ഷാത്കാരത്തിന്റെ സൂചകംകൂടിയാണ് ഇവിടെ മഞ്ഞുപുലി–ഹിമശൈലങ്ങളിലെ ഈ വഴുതല്‍ വിദഗ്ദ്ധന്‍. മദ്ധ്യാഹ്നത്തോടെ പകല്‍ അവസാനിക്കുന്ന, സൂര്യവീചികള്‍ക്ക് പഴുതില്ലാത്തവിധം മഞ്ഞെത്തുന്ന, ദേശവും ഋതുവും. അപ്രതീക്ഷിതവും ചടുലവും നൈമിഷികവുമായ ഭാവാന്തരങ്ങളിലൂടെ മഞ്ഞ്, യാത്രയ്ക്ക് താളക്രമം തീര്‍ത്തു. കൂടെയുള്ള ഷേര്‍പ്പകളെക്കാള്‍, പോര്‍ട്ടര്‍മാരെക്കാള്‍, യാത്രയെ നയിക്കുന്നത് മഞ്ഞും കാറ്റും സൂര്യനുമെന്നായി. അവയുടെ സാന്നിധ്യവും അസാന്നിധ്യവും തീവ്രതയും അയവുമൊത്തായി നടപ്പുകള്‍. അപ്രതീക്ഷിതങ്ങളെക്കൊണ്ട് വിടരുകയും ഉറയുകയും ഉയിര്‍ക്കുകയും ചെയ്യുന്ന ജന്മയാത്രയുടെ പതിപ്പുപോലെ: നാളെ എങ്ങനെയെന്ന്,  എത്ര വഴിനടക്കാനാവുമെന്ന്, മുന്‍കൂട്ടി നിര്‍ണയങ്ങള്‍ അസാധ്യം.

ജീവന്റെ സ്ഥൂലതകളും സൂക്ഷ്മതകളും തമ്മിലുള്ള അഭിമുഖീകരണങ്ങളില്‍ ചഞ്ചലപ്പെടുവാന്‍ പഴുതെത്തുമ്പോഴും ആന്തരികതയുടെ കിരണങ്ങളില്‍നിന്ന് ഊര്‍ജ്ജം നിറയ്ക്കുവാനുള്ള ക്ഷണവും ഇതില്‍ നാം വായിക്കുന്നു. ”മറയപ്പെട്ടു കിടക്കുകയാണെങ്കിലും ജീവിതത്തിനു മഹനീയത നല്കുന്ന സൂക്ഷ്മവും വ്യക്തവുമായൊരു പ്രകാശസാന്നിധ്യം എങ്ങും എവിടെയും സദാ സന്നിഹിതമാണ്, അതിനെ ദര്‍ശിക്കുവാനാകുമ്പോഴാണ് മനുഷ്യന് തന്റെ അര്‍ത്ഥമില്ലായ്മയെ മറികടക്കാനാവുക. ഉത്കര്‍ഷങ്ങളുടെ ഒരളവിനും അതിന്റെ സ്ഥാനമേല്‍ക്കാനാവില്ല.”

പാചീനങ്ങളായ ആവാസസ്ഥലികളിലൂടെ സഹജജ്ഞാനത്തിന്റെ വിശുദ്ധിയില്‍, സ്‌നി
ഗ്ദ്ധതയില്‍, സഞ്ചരിച്ചുകൊണ്ടിരുന്നയാളാണ് മാത്തിസന്‍. നാനാ-നാമരൂപവൈജാത്യങ്ങളെ മുഖാമുഖം കാണേ അസ്തിത്വത്തിന്റെ പൊരുളിനെത്തന്നെയാണ് യാത്രികന്‍ നേര്‍ക്കുനേര്‍ കാണുന്നത്. ഇന്ദ്രിയാധിഷ്ഠിതമല്ലാത്ത ഉള്‍ക്കൊള്ളലുകളാല്‍ ചരങ്ങളെയും അചരങ്ങളെയും സമഗ്രമായി രേഖപ്പെടുത്തിത്തന്നയാള്‍. ഭൂമിയെയപ്പാടെ ഹൃദയകുടന്നയില്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രത്യക്ഷത്തിലുപരി പരോക്ഷമായൊരു ഭൂപാലനം.

ഈ ഗ്രന്ഥം വായിക്കും മുന്നേതന്നെ അതിന്റെ കാന്തികതയിലേക്കു ഞാന്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. ആഷാ മേനോന്‍ അത്രമേല്‍ അനുരക്തനായി ഈ ഗ്രന്ഥത്തെക്കുറിച്ച് ലേഖനങ്ങളില്‍ എത്രയോ വട്ടം എഴുതിയിരിക്കുന്നു. ഒരു പ്രകാശാനുഭവത്തിലിരുന്നു കുറിച്ച സുദീര്‍ഘമായ ആസ്വാദനക്കുറിപ്പ് ‘ചിദാകാശത്തിലെ വെളിച്ചം’, ഈ അപൂര്‍വ യാത്രാഖ്യാനങ്ങളുടെ അഗാധവിന്യാസങ്ങളെ ഇഴനിവര്‍ത്തിത്തരുന്നു. മാത്തിസന്റെ ചിന്താധാരയില്‍ പാകിക്കിടക്കുന്ന അപരാര്‍ത്ഥങ്ങളിലേക്കാണ് അത് നമ്മെ കൂട്ടുക.

ഒരു അനുഗൃഹീത ശീതഋതുവിലിരുന്ന് ഒരാചാര്യന്‍ കുറിച്ചിട്ട സവിശേഷ ദര്‍ശനങ്ങളുടെ തുമ്പില്‍ പിടിച്ചൊരു നടപ്പാണ് വിവര്‍ത്തനത്തില്‍ സാധിച്ചതെന്നിരിക്കേ വാക്കുകള്‍ക്കു വഴിപ്പെടുന്നില്ല അത്. അത് എത്തിച്ചയിടങ്ങള്‍ ഒരളവുകളിലും അങ്കിതവുമല്ല. ഒരു ആചാര്യനെ അത്ര ശ്രദ്ധിക്കുകയെന്നാല്‍ യാഥാര്‍ത്ഥ്യത്തിന്റെ പുതുരൂപങ്ങളുടെ വിരിയലെന്നാണ്. തെല്ലുകൂടി കണ്ണു തുറക്കല്‍, ജാഗ്രത, എന്നിങ്ങനെ ചിലതിലേക്കാണത്. ഈ ഇതള്‍ നി
വരലില്‍ ഒരു പുരാതന സ്മൃതിയില്‍നിന്നെന്നോണം മെല്ലെ ഞാന്‍ ഉരുവിടുന്നു: ‘ഓം സഹനാവവതു…’

നിറവിന്റെ ഒരു നേര്‍ത്ത സ്മിതം, അതിലൊതുങ്ങുന്നു, അപ്പാടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.