DCBOOKS
Malayalam News Literature Website

ആകാംക്ഷയുടെ ദ്വീപില്‍ ഒരുവള്‍ തനിച്ചായ നാള്‍…

ബെന്യാമിന്‍ എഴുതിയ ‘മഞ്ഞവെയില്‍ മരണങ്ങള്‍’ സസ്‌പെന്‍സ് ത്രില്ലറാണോ? ആണെങ്കിലും അല്ലെങ്കിലും അത് ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ മനോഹരമായ ഭാവനയാണെന്നു പറയാനാണ് എനിക്കിഷ്ടം. അതുമല്ലെങ്കില്‍, ചരിത്രത്തെയും സാമൂഹ്യാവസ്ഥകളെയും ബുദ്ധിപരമായി ഒരു ത്രില്ലറിന്റെ ചാരുതയിലേക്ക് സമന്വയിപ്പിച്ച നോവല്‍ എന്ന് വിളിക്കാം.

ഒറ്റ ഇരുപ്പിലാണ് ഞാന്‍ ‘മഞ്ഞവെയില്‍ മരണങ്ങള്‍’ വായിച്ചത്. അന്ന് ഞാന്‍ നന്നായി ഉറങ്ങിയിട്ടില്ല. വായന തീരുമ്പോള്‍ ചെന്നെത്തിയത് ഒരു രാവണന്‍ കോട്ടയിലാണ്. സത്യവും മിഥ്യയും മുഖാമുഖം നില്‍ക്കുന്ന ഒരിടം. ജീവിതവും ഫിക്ഷനും പരസ്പരം അഭിമുഖീകരിക്കുന്ന വേള. ആ ശൂന്യത എന്നെ ഉറക്കത്തിലും പിന്തുടര്‍ന്നു. നോവലിനെ മനസ്സില്‍ നിന്നും പിഴുതെടുക്കാന്‍ കഴിയാതെ, ഉത്തരം കിട്ടാത്ത ചോദ്യത്തിന് പിന്നാലെ ഒരുപാട് അലഞ്ഞു. ഭ്രാന്തുപിടിപ്പിച്ച ആ വായനാനുഭവത്തെക്കുറിച്ചു അന്ന് എവിടെയൊക്കെയോ കുറിച്ചിട്ടു. പിന്നെപ്പോഴോ ഫിക്ഷനുമാത്രം സാദ്ധ്യമാവുന്ന ഏതോ ഉന്‍മാദത്തിന്റെ ചോട്ടില്‍ ഉറങ്ങി.

അങ്ങനെയൊരു വായനാനുഭവം എനിക്ക് സാധാരണമല്ല. അങ്ങനെ സംഭവിക്കണമെങ്കില്‍, ആ പുസ്തകം ഉള്ളില്‍ വിതയ്‌ക്കേണ്ടത് ചെറിയ ആകാംക്ഷയൊന്നുമാവില്ല. ഓരോ പേജും കടന്നു പോയത് ആകാംക്ഷാഭരിതമായ നെഞ്ചിടിപ്പുകളോടെയാണ്. എന്നാല്‍, അതൊരു ത്രില്ലറിന്റെ പതിവ് ഉദ്വേഗവഴികളിലായിരുന്നില്ല സഞ്ചരിച്ചത്. മനസ്സിനെ ആഴത്തില്‍ തൊടുന്ന ദാര്‍ശനിക ചിന്തകള്‍, ചരിത്രത്തിന്റെ ഗൂഢമായ ഖനികളില്‍ ഒളിഞ്ഞിരിക്കുന്ന അറിയാക്കഥകള്‍, അധികാരത്തെയും ഭരണകൂടത്തെയും അടിച്ചമര്‍ത്തലുകളെയും കുറിച്ചുള്ള രാഷ്ട്രീയ അന്വേഷണങ്ങള്‍. ഇങ്ങനെ പല അടരുകളാണ് ഈ നോവലിന്റെ യാത്രാപഥങ്ങള്‍.

ആഖ്യാനത്തിനുള്ളിലെ ആഖ്യാന ഘടനയാണ് നോവലിന്. ഉള്‍നോവലും പുറം നോവലും. രണ്ടും വ്യത്യസ്തമായ അന്വേഷണങ്ങളാണ്. ആരോ എഴുതിവെച്ച ജീവിത കഥയുടെ അധ്യായങ്ങള്‍ തേടിയുള്ള നടപ്പുകള്‍. അവിചാരിതമായി ലഭിക്കുന്ന അധ്യായങ്ങളില്‍നിന്നും പുതിയതിലേക്ക് അന്വേഷണമാരംഭിക്കാന്‍ പ്രേരണയേകുന്ന എഴുത്തുകാരന്റെ കൂട്ടം-വ്യാഴച്ചന്ത. അതിലൊരാളായി മാറിയല്ലാതെ നമുക്കീ നോവലിലൂടെ ഉദ്വേഗഭരിതമായി നടന്നുപോകാനാവില്ല. നമ്മള്‍ ഒരു നോവലിനകത്തല്ല, ഒരു ഞെട്ടിക്കുന്ന സത്യത്തിനകത്താണ് എന്നു മാത്രമേ വായനയിലുടനീളം തോന്നൂ.

നോവലിന്റെ പ്രമേയം ഇവിടെ വിവരിക്കുന്നതില്‍ കാര്യമില്ല. അത് വായിച്ചു തന്നെ അനുഭവിക്കണം. വായിച്ചിരിക്കുമ്പോള്‍ നമ്മളിലേക്ക് ഒഴുകിയെത്തുന്നു, കായലുകളുടെ രാജ്യമായ ഡീഗോ ഗാര്‍ഷ്യ. അന്ത്രപ്പേര്‍ കുടുംബം, അവിടത്തെ പുതുമുറക്കാരന്‍ ക്രിസ്റ്റി അന്ത്രപ്പേര്‍, വല്യപപ്പ, സെന്തിലും, അന്‍പും ഒക്കെ നമ്മെ ജിജ്ഞാസയുടെ ഏതേതോ അറകളില്‍ ചെന്ന് പൂട്ടുന്നു. അവിടെനിന്നും വഴിയറിയാതെ, ക്രിസ്റ്റിക്കൊപ്പം നടന്നു തുടങ്ങുന്നു. ചെറുസൂചനകളുടെ അടയാളപ്പലകകള്‍ക്കരികെ പമ്മി നില്‍ക്കുന്നു. അവിടെ നിന്നും പുതിയൊരു കണ്ടെത്തലിലേക്ക് ചിതറി വീഴുന്നു.

നോവലിനുള്ളിലെ മറ്റൊരു നോവലായ ഇതിലെ ഒരു കഥാപാത്രം എഴുത്തുകാരന്‍ തന്നെയാണ്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഇ മെയില്‍ സന്ദേശം, നെടുമ്പാശേരി നോവല്‍, ജീവിതത്തിലെ സങ്കീര്‍ണതകള്‍-ഇങ്ങനെയാണ് കഥ മുന്നോട്ട് പോവുന്നത്. ഡീഗോ ഗാര്‍ഷ്യ എന്ന പുറംരാജ്യത്തെ കേരളത്തിന്റെ പുരാതന ചരിത്രവുമായി വിളക്കിച്ചേര്‍ത്താണ് കഥ സാദ്ധ്യമാവുന്നത്. അതിലേക്കുള്ള മാര്‍ഗം അവിചാരിതമായ ഒരു മരണവും.

അവിടെനിന്നും നടത്തുന്ന യാത്രകള്‍ നമ്മളില്‍ ശേഷിപ്പിക്കുന്നത് എന്തൊക്കെയാണ്?

മനുഷ്യന്‍ എന്ന അസ്തിത്വം, ജീവിതത്തിന്റെ അര്‍ത്ഥം, നിസ്സംഗത, സമഗ്രാധികാരത്തിന്റെ ഹിംസാത്മകത, സത്യത്തെ മറയ്ക്കുന്ന അധികാരശക്തികള്‍, പണം, പദവി, പ്രതാപം- ഇത്തരം അനേകം ഘടകങ്ങളിലൂടെയുള്ള മാനസിക സഞ്ചാരം തന്നെയാണ് ബാക്കിയാവുന്നത്. ഉത്തരങ്ങളുടെ സമതലങ്ങള്‍ പിന്നിടുമ്പോഴും ബാക്കിയാവുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള സന്ദേഹമാണ് നോവല്‍വായന നല്‍കുന്ന ഭൂകമ്പത്തില്‍നിന്നും നമ്മെ ഭൂമിയില്‍ പിടിച്ചുനിര്‍ത്തുന്നത്.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന കൃതിയും

tune into https://dcbookstore.com/

ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന നോവലിന് അലീഷാ അബ്‌ദുല്ല എഴുതിയ വായനാനുഭവം

Comments are closed.