DCBOOKS
Malayalam News Literature Website

ബെന്യാമിന്‍ രചിച്ച’മഞ്ഞവെയില്‍ മരണങ്ങള്‍’

ഉദയം പേരൂരില്‍ മറിയം സേവ നടക്കുന്ന വല്യേടത്തുവീട്ടില്‍ ബെന്യാമിനും സുഹൃത്ത് അനിലും എത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തു താമസിക്കുന്ന അന്ത്രപ്പേര്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ചറിയുക എന്നതായിരുന്നു അവരുടെ ദൗത്യം. എന്നാല്‍ അന്ത്രപ്പേര്‍ എന്നും ഡീഗോ ഗാര്‍ഷ്യ എന്നും കേട്ടതോടെ മറിയംസേവക്കാരുടെ ഭാവം മാറി. അവര്‍ ബെന്യാമിനേയും അനിലിനെയും പുറത്താക്കാന്‍ തുനിഞ്ഞതോടെ അന്ത്രപ്പേര്‍ എഴുതിക്കൊണ്ടിരുന്ന പിതാക്കന്മാരുടെ പുസ്തകം എന്ന ജീവിതകഥയുടെ ചില ഭാഗങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന് ബെന്യാമിന്‍ വെളിപ്പെടുത്തുന്നു.

പിതാക്കന്മാരുടെ പുസ്തകം ചാങ്ങ്‌സൂ അന്ത്രപ്പേര്‍ എഴുതുന്ന സ്വന്തം ജീവിതം തന്നെയായിരുന്നു. എഴുത്ത് നടക്കുന്നതിനിടയില്‍ അയാള്‍ ഒരു കൊലപാതകത്തിന്‌ സാക്ഷിയായി. അധികം വൈകാതെ കൊല്ലപ്പെട്ടത് തന്റെ സഹപാഠിയായ ശെന്തില്‍ ആണെന്ന് അന്ത്രപ്പേറിനു മനസ്സിലായി. പബ്ലിക്ക് സെക്യൂരിറ്റിക്കാര്‍ വന്ന് മൃതദേഹം നീക്കം ചെയ്തു. എന്നാല്‍ പിന്നീട് അന്ത്രപ്പേര്‍ അറിഞ്ഞത് അങ്ങനൊരു മരണം നടന്നിട്ടില്ല എന്നായിരുന്നു. താന്‍ വ്യക്തമായി കണ്ട കൊലപാതകം എങ്ങനെ പൊടുന്നനവെ ചരിത്രത്തില്‍ ഇല്ലാതായി എന്ന ചിന്ത അന്ത്രപ്പേറിനെ ഒരു അന്വേഷണത്തിനു പ്രേരിപ്പിച്ചു. അത് അയാളുടെ ജീവന്‍ നഷ്ടമാക്കുമെന്ന് അയാള്‍ ഭയന്നു.

താന്‍ മരിച്ചാലും തന്റെ കണ്ടെത്തലുകള്‍ ലോകം അറിയണമെന്ന് അന്ത്രപ്പേര്‍ ആഗ്രഹിച്ചു. അതിന്‍ പ്രകാരം തന്റെ ആത്മകഥ പല ഭാഗങ്ങളായി വിഭജിച്ച് പലര്‍ക്കായി അയച്ചുകൊടുത്തു. ആദ്യഭാഗം ലഭിച്ചത് ബെന്യാമിനായിരുന്നു. അന്ത്രപ്പേറിന്റെ കണക്കുകൂട്ടല്‍ പോലെതന്നെ ആദ്യഭാഗം വായിച്ച് ആകാംക്ഷ വര്‍ദ്ധിച്ച ബെന്യാമിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റ് ഭാഗങ്ങള്‍ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചു.

ബെന്യാമിന്റെയും അന്ത്രപ്പേറിന്റെയും അന്വേഷണങ്ങളിലൂടെ സമാന്തരമായി വികസിക്കുന്ന നോവലാണ് മഞ്ഞവെയില്‍ മരണങ്ങള്‍ . ആടുജീവിതം എന്ന നോവലിലൂടെ പ്രശസ്തനായ ബെന്യാമിന്റെ മറ്റൊരു രചനാവിസ്മയം.വായിച്ചുതുടങ്ങിയാല്‍ മുന്നൂറ്റമ്പതോളം പേജുകള്‍ പൂര്‍ത്തിയാകുന്നതുവരെ വായനക്കാരന്റെ മനസ്സിനെ മഞ്ഞവെയില്‍ മരണങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കും. കഥ അവസാനിച്ചതിനുശേഷം മറ്റൊരു തരത്തിലും ഈ കഥയെ നോക്കിക്കാണാമെന്നതിനു ചില സൂചനകള്‍ നല്‍കി മാറിനിന്ന് വീക്ഷിക്കുന്ന നമ്മെ നോവലിസ്റ്റിനെ ഈ കഥയില്‍ കാണാം. എഴുത്തുകാരന്‍ അവസാനിപ്പിക്കുന്നിടത്ത് വായനക്കാരന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്ന ഈ രചനാശൈലിയാണ് ചുരുങ്ങിയകാലം കൊണ്ട് മഞ്ഞവെയില്‍ മരണങ്ങളെ ഇത്ര പ്രിയങ്കരമാക്കിയത്.

2011 ഓഗസ്റ്റിലാണ് ഡി.സി ബുക്‌സ് മഞ്ഞവെയില്‍ മരണങ്ങള്‍ ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഇപ്പോള്‍ 17-ാം പതിപ്പിലെത്തി നില്‍ക്കുമ്പോള്‍ നോവലിന് ഇപ്പോഴും വായനക്കാര്‍ ഏറെയാണ്.

Comments are closed.