എസ് ജോസഫിന്റെ കവിതാസമാഹാരം ‘മഞ്ഞ പറന്നാല്‍’..
ബൃഹദാഖ്യാനങ്ങളുടേയും വക്രോക്തി ശാഠ്യങ്ങളുടേയും നെടുമ്പുരക്കുള്ളില്‍ നിന്നു കവിതയെ സാധാരണക്കാരന്റെ കൂരയിലേക്ക് ഇറക്കിക്കൊണ്ടുവന്ന കവിയാണ് എസ് ജോസഫ്. സാധാരണക്കാരന്റെ ശബ്ദമാണ് എന്നും ആ കാവ്യലോകത്തുനിന്നും ഉയര്‍ന്നുകേട്ടത്. ഇപ്പോഴിതാ എസ് ജോസഫിന്റേതായി പുതിയൊരു കവിതാസമാഹാരം കൂടി പിറവിയെടുത്തിരിക്കുന്നു. മഞ്ഞ പറന്നാല്‍ എന്ന പേരില്‍.
‘പാടാനറിയല്ലെങ്കിലും’, ‘ആ മരം’, ‘തടാകം’, ‘അത്’, ‘എത്ര എഴുതിയിട്ടും’, ‘റെയില്‍വേ സ്റ്റേഷന്‍’, ‘നട്ടുച്ച’, ‘അയാള്‍’, ‘മധുരം’, ‘വിളി’, ‘കുടമ്പുളി’, ‘കാക്കകള്‍’, ‘ചൈനക്കാര്‍’, ‘പിച്ചക്കാരന്‍’ തുടങ്ങി അമ്പതോളം കവിതകളുടെ സമാഹാരമാണ് മഞ്ഞ പറന്നാല്‍.
കവിത സര്‍വാധികാരിയാണെന്ന മൗഢ്യവും കവിക്കില്ല. നഗരജീവിതത്തിന്റെ തിരക്കുകളും ഗൃഹാതുരത്വഓര്‍മ്മകളുമെല്ലാം ഈ കവിതകളില്‍ നിറഞ്ഞിരിക്കുന്നു. ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലവും മനുഷ്യനായും കവിയായും താനുണ്ടായിവന്ന ഭൂമിയിലെ ഇടവും അവിടുത്തെ മനുഷ്യരും നിര്‍മ്മിക്കുന്ന സാംസ്‌കാരികചേതനയും ഈ കവിതകളിലെല്ലാം സന്നിവേശിപ്പിച്ചിരിക്കുന്നു. മാത്രമല്ല കവിതയുടെ തികവിനെ സംബന്ധിച്ച അലട്ടല്‍ എസ് ജോസഫിനെ പിന്‍തുടരുന്നതായും കാണാം.
‘ഉടുമ്പായി ഞാന്‍ പാര്‍ക്കുന്നു’ എന്ന തലക്കെട്ടില്‍ അജയ് പി മങ്ങാട്ട് എഴുതിയ പഠനവും ചേര്‍ത്താണ് ഡി സി ബുക്‌സ് എസ് ജോസഫിന്റെ മഞ്ഞ പറന്നാല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോസഫിന്റെ കറുത്തകല്ല്, മീന്‍കാരന്‍, ഐഡന്റിറ്റികാര്‍ഡ്, ഉപ്പന്റെ കൂവല്‍ വരയക്കുന്നു, ചന്ദ്രനോടൊപ്പം തുടങ്ങിയ കവിതാസമാഹാരങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.