DCBOOKS
Malayalam News Literature Website

നടന്‍ മമ്മൂട്ടിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം

‘ഞാനൊരു കണ്ണട വെച്ചിരിക്കുന്നു. എന്റെ അബദ്ധസുബദ്ധ ധാരണകളുടെ മഞ്ഞനിറമാണീ കണ്ണടയ്ക്ക്. ഈ കണ്ണടവെച്ച് ഞാന്‍ എന്നിലേക്കും എനിക്കു ചുറ്റും നോക്കുന്നതാണീ പുസ്തകം.

നടന്‍ മമ്മൂട്ടിയുടെ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ് മഞ്ഞക്കണ്ണട എന്ന ഈ കൃതി. ഒരു സിനിമാ നടന്‍ എന്നതിലുപരി ഒരു സാധാരണ മനുഷ്യന്റെ ചിന്തകളാണ് അദ്ദേഹം ഈ കൃതിയിലൂടെ  മുന്നോട്ടുവെയ്ക്കുന്നത്.  എന്നും ഉറച്ച നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള മമ്മൂട്ടിയെന്ന വ്യക്തിയുടെ ജീവിതവീക്ഷണമാണ് ഈ കൃതിയില്‍ തെളിയുന്നത്.  ഡി.സി ബുക്‌സാണ് മഞ്ഞക്കണ്ണട എന്ന ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മഞ്ഞക്കണ്ണടയില്‍ മമ്മൂട്ടി എഴുതുന്നു

“കേരളം ജലാശയങ്ങളുടെ നാടല്ലേ; ഓരോ മലയാളിക്കും നദിയോടും ജലത്തോടുമെല്ലാം ആത്മബന്ധമുണ്ടാവാം. ഞാന്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് ജനിച്ചുവളര്‍ന്നവനാണ്. ജലപ്രേമം എന്റെയുള്ളില്‍ അല്പം കൂടുതലാണ്. ഓരോ തവണയും ആറ്റുതീരത്ത് വീടുവെച്ച് കുഴപ്പത്തിലാകുന്ന ഒരാളാണ് ഞാന്‍. വീടു വയ്ക്കുമ്പോള്‍ ഒരു നദിയുടെ ഒരു കൈവഴി വീടിനുള്ളിലൂടെ ഒഴുകുന്നതൊക്കെ സ്വപ്‌നം കാണുന്ന ഒരുത്തന്‍. ജലത്തിനോട് വല്ലാത്ത ഒരു അഫിനിറ്റി ഉണ്ട്. ഇനി രാശിപരമായി ഞാനും നദിയും തമ്മില്‍ എന്തെങ്കിലും അടുപ്പമുണ്ടാകുമോ?

എന്റെ വീടിനു മുന്നില്‍ ഒരു കുളമുണ്ടായിരുന്നു. തൊട്ടടുത്ത് മൂവാറ്റുപുഴയാറും. ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ കണ്ടുവളര്‍ന്ന എന്റെ ബന്ധു.അല്ലെങ്കില്‍ കൂട്ടുകാരനോ കൂട്ടുകാരിയോ ഒക്കെയായിരുന്നു ഈ ജലാശയങ്ങള്‍.എനിക്കവര്‍ അപരിചിതരായിരുന്നില്ല. അതുകൊണ്ട് തന്നെ നടക്കാന്‍ പഠിച്ചതുപോല നീന്തല്‍ എനിക്ക് സ്വാഭാവികമായ ഒരു ശാരീരിക പ്രത്യേകതയായിരുന്നു.

മൂവാറ്റുപുഴയാറ് നല്ല വീതിയുള്ള ആറാണ്. അന്നൊക്കെ അക്കരെയിക്കരെ നീന്തും. അക്കരെയെത്തിയാല്‍ കരയില്‍ക്കയറി വിശ്രമിക്കുകയൊന്നുമില്ല. ഒട്ടും വൈകിയ്ക്കാതെ തിരികെ നീന്തും. കുറച്ച് അണച്ചാലും ആ ഒരു ത്രില്ലുണ്ടല്ലോ അതൊന്നും വിശദീകരിക്കാന്‍ പറ്റില്ല- അനുഭവിച്ചു തന്നെ അറിയണം. വെള്ളത്തിനെക്കുറിച്ച് പറഞ്ഞതു കൊണ്ട് ഒരു കാര്യം കൂടി പറയാം. മൂന്നുനേരം കുളിക്കുന്ന ലോകത്തിലെ ഒരേയൊരു ജനത നമ്മളായിരിക്കും. അല്ലേ, ദേഹശുദ്ധി വരുത്തുക എന്നത് നമുക്ക് വലിയ നിര്‍ബദ്ധമാണ്. അങ്ങനെയുള്ള നമുക്കിടയിലാണ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത്. വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുന്നത്.ദേഹശുദ്ധി പോലെ തന്നെ പ്രധാനമാണ് പരിസരശുദ്ധിയെന്നും നാം അറിയണം…

തുടര്‍ന്ന് വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.