മണിയൂര്‍ ഇ ബാലന്‍ നോവല്‍ പുരസ്‌കാരം ഷീലാ ടോമിക്ക്
നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ത്ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്. 11,111 രൂപയും പ്രശസ്തി പത്രവും
അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ 9ന് പയ്യോളിയില്‍ നടക്കുന്ന മണിയൂര്‍ ഇ ബാലന്‍ അനുസ്മരണ പരിപാടിയില്‍ ഡോ.ഖദീജ മുംതാസ് പുരസ്‌കാരം സമ്മാനിക്കും.
മലയാളത്തിന് അപരിചിതമായ ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചനയാണ് ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’. യേശുവിന്റെ കാലം മുതല്‍ കോവിഡ് കാലം വരെയുള്ള മനുഷ്യചരിത്രത്തിലെ വേറിട്ട ചില കാല്പാടുകള്‍ ആ നദിയുടെ തീരത്ത് പതിഞ്ഞു കിടക്കുന്നു. ഒറ്റിനും ചതിക്കും അധിനിവേശത്തിനും ഇരകളാകുന്ന പലസ്തീനികളുടെ ജീവിതഗാഥ അതിന്റെ കൈവഴിയാണ്. ജന്മനാട്ടില്‍ സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ലോകത്തിലെ ജനസമൂഹങ്ങളിലേക്കെല്ലാം അത് വഴിച്ചാല്‍ വെട്ടുന്നു. മലയാളിയായ മെത്തപ്പേലെത് റൂത്തിന്റെ കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ഈ നോവല്‍. എല്ലാ മുള്‍ക്കിരീടങ്ങളും ഒന്നിച്ചണിയുന്ന ജനതയെ അവള്‍ വഴിയില്‍ കണ്ടുമുട്ടുന്നു. കവികളുടെ നാട്ടില്‍ വെച്ച് റൂത്ത് മനുഷ്യസംസ്‌കാരത്തിന്റെ വ്യാഖ്യാതാവും കൊടുംഹിംസയുടെ ദൃക്സാക്ഷിയുമാകുന്നു. പ്രണയംപോലും നീതിയുടെ കുരിശെന്ന് അവള്‍ തിരിച്ചറിയുന്നു. വയനാടന്‍ കൈമപ്പാടത്തിന്റെ മണമുള്ള കാറ്റില്‍നിന്ന് ജീവിതസമരത്തില്‍ പല ഭൂഖണ്ഡങ്ങളില്‍ എത്തിപ്പെടുന്ന നായികയിലൂടെ എഴുത്തുകാരി മലയാളിസ്ത്രീയുടെ തൊഴില്‍പ്രവാസത്തിന്റെ ഭൂപടവും വരയ്ക്കുന്നു.
Comments are closed.