യാത്രകളുടെ മാനിഫെസ്റ്റോ
മെയ് ലക്കം പച്ചക്കുതിരയില്‍
വരുണ്‍ രമേഷ്
യാത്രകളില്‍ നമ്മള്‍ എന്തില്‍ നിന്നെങ്കിലും രക്ഷപ്പെടുകയാണോ, അതോ എന്തെങ്കിലും തേടുകയാണോ? പലരും യാത്രകളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് പലതാണ്. പക്ഷേ ആരും പൂര്‍ണ്ണമായ ഒരു ഉത്തരം അതിന് നല്‍കിയതായി തോന്നിയിട്ടില്ല. യാത്രകളില്‍ കണ്ടെത്തുന്നത് അനുഭവങ്ങളാണെന്ന് പറയുന്നവരുണ്ട്. യാത്രകള്‍ അഹം എന്ന ബോധത്തെ ഇല്ലാതാക്കുമെന്ന് പറയുന്നവരുമുണ്ട്. യാത്രകള്‍ പുറപ്പെട്ടുപോകുന്നത് അകത്തേക്കാണെന്ന് പറഞ്ഞുവച്ചവരുമുണ്ട്. അതുകൊണ്ടാവണം ഗുരു നിത്യയുടെ മരണശേഷം ഷൗക്കത്ത് ആ വിയോഗത്തിന്റെ ശൂന്യത അകറ്റാന്‍ ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടത്.
വലിയ ശബ്ദത്തോടെയാണ് പ്ലാറ്റ്‌ഫോമിലേക്ക് ആ വണ്ടി വന്നു നിന്നത്. കരിവണ്ടിയുടെ പേടിപ്പിക്കുന്ന എഞ്ചിന്‍ ശബ്ദമാണ് ആദ്യത്തെ തീവണ്ടിയാത്രയുടെ ഓര്‍മ്മയ്ക്ക്. മയ്യഴി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ വണ്ടി കാണാന്‍ മുത്തശ്ശനുമായി പോയ ഓര്‍മ്മ. കരിവണ്ടികളുടെ അവസാന കാലമായിരുന്നു അത്. മൂക്കിലൂടെയും വായിലൂടെയും പുകനിറച്ചാണ് വണ്ടി പ്ലാറ്റ്‌ഫോമിലേക്ക് വന്ന് നിന്നത്. പല ദേശങ്ങളുടെ മണവും പേറി മയ്യഴിയിലേക്ക് പെട്ടിയും പായയും ചുരുട്ടി മനുഷ്യര്‍ ഇറങ്ങി.
ഈ വണ്ടി എവിടെ നിന്നാവും വരുന്നത്? എവിടേക്കാവും പോകുന്നത്? അറിയാത്ത ദേശങ്ങളിലേക്ക് പോകുന്ന ആ തീവണ്ടികളായിരുന്നു കുട്ടിക്കാലത്തെ കൗതുകം. ആ വണ്ടിയോടിക്കുന്ന എന്‍ജിന്‍ ഡ്രൈവര്‍മാരായിരുന്നു ഹീറോകള്‍. അവര്‍ കണ്ട ദേശങ്ങളുടെ വലുപ്പത്തെ ആലോചിച്ച് ഒരിക്കലെങ്കിലും ആ എഞ്ചിന്‍കൂട്ടില്‍ കയറണമെന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ട്. കാലിന് ഉറപ്പും ബലവും വന്ന കാലമായപ്പോള്‍ ഒറ്റയ്ക്ക് തീവണ്ടിയാപ്പീസിലേക്ക് നടന്നു. അപ്പോഴേക്കും കരിവണ്ടികളുടെ കാലം കഴിഞ്ഞിരുന്നു. വേഗംകൂടിയ വണ്ടികള്‍ ലക്ഷ്യങ്ങളെ വേഗത്തില്‍ അടുപ്പിച്ചു.
തലക്കാവേരി കാണാന്‍ താല്‍പര്യമുള്ളവര്‍ ആരൊക്കെയാണ്? എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം അധ്യാപകന്‍ ഗോവിന്ദന്‍ മാഷുടേതായിരുന്നു ആ ചോദ്യം. സംശയം ലേശവുമില്ലാതെ ആദ്യം പൊങ്ങിയ കൈ എന്റേതായിരുന്നു. കാവേരിയുടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി. പല വഴികളുണ്ട് കുടകിലെ തലക്കാവേരിക്ക് എത്താന്‍. അതില്‍ ഒരു വഴി കാസര്‍കോട്ടെ കോട്ടഞ്ചേരി കാടുകളിലൂടെയുള്ള യാത്രയാണ്. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ ‘സീക്ക്’ എല്ലാവര്‍വും ഡിസംബറിലെ തണുപ്പില്‍ നടത്തുന്ന ക്യാമ്പാണ് കോട്ടഞ്ചേരി സഹവാസം. കാടിന് നടുവിലെ പുല്‍മേട്ടിന് മുകളില്‍ കയറിയാല്‍ അങ്ങ് ദൂരെ തലക്കാവേരി കാണാം.
ഏലം ഉണക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിലായിരുന്നു അന്നത്തെ താമസം. വീട്ടിലെ കട്ടിലില്‍ നിന്ന് ഒരു ദിവസംപോലും മാറി കിടന്നിട്ടില്ലാത്ത എനിക്ക് ആ ചെറു പായയിലെ ഉറക്കവും തണുപ്പും സഹിക്കാന്‍ ആവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും അവസ്ഥകളോട് പൊരുത്തപ്പെടാനുള്ള ആദ്യപാഠം പഠിച്ചത് ആ യാത്രയിലാണ്.
പൂര്‍ണ്ണരൂപം 2023 മെയ് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മെയ് ലക്കം ലഭ്യമാണ്
Comments are closed.