DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായുള്ള ഇംഗ്ലിഷ് പുസ്തക പ്രസിദ്ധീകരണരംഗത്ത് ഒരു ദശകം പൂര്‍ത്തിയാക്കി മാംഗോ

കുട്ടികള്‍ക്കായുള്ള ഇംഗ്ലിഷ് പുസ്തക പ്രസിദ്ധീകരണരംഗത്ത് മാംഗോ ഒരു ദശകം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ മാംഗോ, വിവിധവിഭാഗങ്ങളിലായി 350-ല്‍ അധികം മികച്ച പുസ്തകങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 2007-ല്‍ തുമ്പി എന്നപേരില്‍ ഡി സി ബുക്‌സിന്റെ ഇംഗ്ലിഷ് ബാലസാഹിത്യ മുദ്രണമായി ആരംഭിക്കുകയും 2008-ല്‍ മാംഗോ ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്തതിനുശേഷം അത് ബഹുദൂരം സഞ്ചരിക്കുകയുണ്ടായി. സര്‍ഗാത്മകസാഹിത്യവും ക്ലാസിക്കുകളുടെ പുനരാഖ്യാനവും ജീവിതകഥകളും മാന്ത്രിക-യക്ഷിക്കഥകളും ഒക്കെ അടങ്ങുന്ന മാംഗോ ടൈറ്റിലുകളില്‍ ഇന്ത്യന്‍ ഉള്ളടക്കംപോലെതന്നെ ലോകമെമ്പാടുംനിന്നുള്ള പ്രമേയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

വില്പനയില്‍ ആഗോളതലത്തില്‍ത്തന്നെ റെക്കോഡ് സൃഷ്ടിച്ചതാണ് രാമായണത്തിന്റെ മാംഗോ ക്ലാസിക്‌സ് പതിപ്പ്. ക്ലാസിക്‌സ് പരമ്പരയില്‍ മാംഗോ പുറത്തിറക്കി ജനപ്രീതിയാര്‍ജ്ജിച്ച മറ്റു ചില പുസ്തകങ്ങള്‍ ഷെയ്ക്ക്‌സ്പിയര്‍, ഓസ്റ്റിന്‍, ഡിക്കന്‍സ് തുടങ്ങിയവരുടെ ക്ലാസിക്ക് കൃതികളുടെ പുനരാഖ്യാനങ്ങളാണ്. പഞ്ചതന്ത്ര, ജാതകകഥകളുടെ സമാഹാരങ്ങളും മികച്ചവയായി അറിയപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഉതകുംവിധം സമഗ്രമായൊരു ഇയര്‍ബുക്കും മാംഗോ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്നുണ്ട്.

തനതായതും നൂതനമായതുമായ ഒരു ടെക്‌സ്റ്റ് ബുക്ക് പരമ്പരയും മാംഗോയുടേതായി പ്രസിദ്ധീകരിച്ചു വരുന്നു. വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലിഷ് ഭാഷാ നൈപുണ്യം വികസിപ്പിക്കാന്‍ സഹായിക്കും വിധം തയ്യാറാക്കിയിട്ടുള്ള The English Express: A Skill-based Interactive Series അവരില്‍ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും സാമൂഹികഇടപെടലുകള്‍ക്കും ആശയവിനിമയത്തിനുമുള്ള ശേഷികള്‍ വളര്‍ത്തുകയും ചെയ്യുന്ന വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. 1-ാം ക്ലാസ്സ് മുതല്‍ 8-ാം ക്ലാസ്സ് വരെയുള്ള ഇവയിലെ പാഠങ്ങളും അഭ്യാസങ്ങളും ചിത്രങ്ങളും ചിട്ടയായി ആസൂത്രണം ചെയ്ത് രൂപപ്പെടുത്തിയതാണ്. വിഖ്യാത എഴുത്തുകാരായ അനിതാ നായര്‍, ജയ്ശ്രീ മിശ്ര, അഞ്ജന വസ്വാനി തുടങ്ങിയവരൊക്കെ മാംഗോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്, കൂടാതെ പ്രശസ്ത ചിത്രകാരന്മാരായ കെ. ആര്‍. രാജി, ലാവണ്യ കാര്‍ത്തിക്ക്, അനിരുദ്ധ മുഖര്‍ജി തുടങ്ങിയവരും മാംഗോയുടെ വിജയത്തിനു സംഭാവനകളേകിയിട്ടുണ്ട്. മുംബൈക്കാരിയായ അഞ്ജന വാസ്വാനിയുടെ The Talking Handkerchief 2016-ലെ ഷാര്‍ജ ബുക്ക്‌ഫെയറില്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ബുക്ക് അവാര്‍ഡിന് അര്‍ഹമാകുകയും ചെയ്തിരുന്നു.

Apoorva’s Fat Diary, Rani Lakshmibai എന്നീ പുസ്തകങ്ങള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഷ്‌സിന്റെ (എഫ്‌ഐപി) പുരസ്‌കാരങ്ങള്‍ നേടി. മാംഗോ പുസ്തകങ്ങളില്‍ ഒട്ടുമിക്കവയുടെയും ഇ-ബുക്കും ഓഡിയോ ബുക്കും ലഭ്യമാണ്.

മാംഗോ പല വിദേശപ്രസാധകരുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തില്‍ പല പുസ്തകങ്ങളും ഇപ്പോള്‍ത്തന്നെ വിപണിയില്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. മാംഗോ പുസ്തകങ്ങള്‍, അത് പുനരാഖ്യാനകൃതികളായാലും സര്‍ഗാത്മകരചനകളായാലും മിക്കവാറും എല്ലാംതന്നെ പരമ്പരകളായിട്ടാണ് പ്രസിദ്ധപ്പെടുത്താറുള്ളത്. കുട്ടികളുടെ മനംകവരുന്ന ഒന്നാംതരം കഥകളും സര്‍ഗാത്മകമായ ചിത്രീകരണവും മാംഗോ പുസ്തകങ്ങളുടെ സവിശേഷതകളാണ്. ഇതവര്‍ക്ക് പുസ്തകത്തിന്റെ ആദ്യതാള്‍ മുതല്‍ അവസാനത്തെ പുറംവരെ സന്തോഷദായകമാക്കിത്തീര്‍ക്കുന്നു. ഭാവാത്മകമായ ചിത്രീകരണത്താല്‍ സംപുഷ്ടമാക്കപ്പെട്ട ഡിസൈന്‍ മാംഗോ പുസ്തകങ്ങളെ രസകരമായ വായനയെക്കാള്‍ ഉപരിയായി ഒരു ദൃശ്യാനുഭവം നല്‍കുന്നതാക്കിത്തീര്‍ക്കുന്നു. മികച്ച ഒരുപാട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇംഗ്ലീഷ് ബാലസാഹിത്യപ്രസിദ്ധീകരണങ്ങളുടെ ഒന്നാംനിരയിലേക്ക് ഉയരുവാനാണ് മാംഗോ ലക്ഷ്യമിടുന്നത്.

 

Comments are closed.